Sections

കുരുമുളകിന്റെ വശ്യതയില്‍ കോട്ടയം പഞ്ചായത്ത്‌

Sunday, Jun 19, 2022
Reported By admin
agri news

പന്നിയൂര്‍ ഇനത്തിലെ തൈകളാണ് നല്‍കുക. ഇവ മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കും

 

നമ്മുടെ പൈതൃക സ്വത്ത് എന്ന് സധൈര്യം അവകാശപ്പെടുന്ന നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിദേശികളെ മോഹിപ്പിച്ച കറുത്ത പൊന്നിന്റെ പേരില്‍ പ്രശസ്തമാകാനും കുരുമുളകിനായി പ്രയത്‌നിക്കാനും ഒരുങ്ങി കോട്ടയം ഗ്രാമപഞ്ചായത്ത്. മുഴുവന്‍ വീടുകളിലും കുരുമുളക് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന കുരുമുളക് ഗ്രാമമെന്ന പെരുമ നിലനിര്‍ത്തുകയാണ് ലക്ഷ്യം.14 വാര്‍ഡുള്ള പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സൗജന്യമായി തൈകള്‍ എത്തിക്കും.

പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ ഇതിനായി നീക്കിവെച്ചു. രോഗപ്രതിരോധ ശേഷിയും ഉല്‍പ്പാദന ക്ഷമതയും കൂടുതലുള്ള പന്നിയൂര്‍ ഇനത്തിലെ തൈകളാണ് നല്‍കുക. ഇവ മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കും. സ്ഥലപരിമിതിയുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുന്ന കൃഷി രീതിയാണ് അവലംബിക്കുക.ജൂണ്‍ 22 മുതല്‍ ജൂലൈ ആറ് വരെ നീളുന്ന തിരുവാതിര ഞാറ്റുവേലയാണ് കുരുമുളകിന്റെ നടീല്‍കാലം. ഈ സമയം നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യും. വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ കൃഷിഭവന്‍ മുഖേന ലഭ്യമാക്കും. 

കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞാല്‍ കോട്ടയതനിമ എന്ന പേരില്‍ മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിക്കും. പദ്ധതി അതിവേഗത്തില്‍ ലക്ഷ്യത്തിലെത്തുമെന്നും കോട്ടയത്തെ കുരുമുളക് ഗ്രാമമാക്കി മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി രാജീവന്‍ പറഞ്ഞു. വീട്ടാവശ്യം കഴിഞ്ഞുള്ളവ വിപണിയില്‍ വിറ്റഴിക്കാനുള്ള സൗകര്യവും പഞ്ചായത്ത് ഒരുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.