- Trending Now:
കേരളത്തിന്റെ അഭിമാനം ലോകം മുഴുവന്‍ എത്തിച്ച ഒരു ബിസിനസുകാരനുണ്ട്, സാക്ഷാല്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. വി-ഗാര്‍ഡിലൂടെ ആര്‍ക്കും പ്രചോദനത്തിന്റെ ഊര്‍ജ്ജം ആവാഹിക്കാന്‍ കഴിയുന്ന ബിസിനസ് വിജയം നേടിയ വ്യക്തിയാണ് അദ്ദേഹം. അതും ചെറു പ്രായത്തില്‍. മാറ്റങ്ങളെ മുന്‍കൂട്ടി കണ്ട് അതിനു വേണ്ടി ശ്രമിച്ചപ്പോള്‍ വി ഗാര്‍ഡ് എന്ന കമ്പനി ഉയര്‍ന്നുവന്നു.
തന്റെ വിദ്യാഭ്യാസത്തിനു ശേഷം കുറച്ചുകാലം പ്രൈവറ്റ് കമ്പനികളില്‍ കൊച്ചൗസേഫ് ജോലി ചെയ്തിരുന്നു. എന്നാല്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്ന സ്വപ്നം മനസ്സില്‍ കനലൂതിക്കൊണ്ടിരുന്നു. കാര്‍ഷിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബിരുദാനന്തര ബിരുദം നേടിയ ചെറുപ്പക്കാരനെ ബിസിനസിന്റെ അനിശ്ചിതത്വം നിറഞ്ഞ ലോകത്തേക്ക് ഇറക്കിവിടാന്‍ വീട്ടുകാര്‍ക്ക് ഭയമായിരുന്നു.
എന്നാല്‍ പിതാവിനോട് കടം വാങ്ങിയ ഒരു ലക്ഷം രൂപയുമായി അദ്ദേഹം ഒരു സ്റ്റെബിലൈസര്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. എന്‍ജിനീയറിങ്ങില്‍ തനിക്കുള്ള അഭിരുചി ആ ബിസിനസ് തിരഞ്ഞെടുക്കാന്‍ ഒരു ഘടകമായിരുന്നു. ആ കാലഘട്ടത്തില്‍ നില നിന്നിരുന്ന വോള്‍ട്ടേജ് വ്യതിയാനവും വിപണി സാധ്യത എന്ന ബിസിനസ് അവസരത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു.
കൊച്ചിയില്‍ ഒരു വീടിനോട് ചേര്‍ന്നുള്ള 400 സ്‌ക്വയര്‍ഫീറ്റ് ഷെഡ് വാടകയ്‌ക്കെടുത്തായിരുന്നു തുടക്ക കാലത്ത് പ്രവര്‍ത്തനം. സഹായത്തിനായി 3-4 തൊഴിലാളികളുമായിട്ടായിരുന്നു തുടക്കം. ഉല്പന്നം കടകളില്‍ ഏല്‍പ്പിക്കാന്‍ അദ്ദേഹം ഒരു സ്‌കൂട്ടറുമായി ഇറങ്ങിത്തിരിച്ചു. ആ സമയത്ത് വിപണിയിലുണ്ടായിരുന്ന വലിയ ബ്രാന്‍ഡുകളേക്കാള്‍ കൂടിയ വില തന്റെ ഉല്പന്നത്തിന് നിശ്ചയിക്കാന്‍ ആ ചെറുപ്പക്കാരന്‍ കാണിച്ച ധൈര്യം ഇന്നത്തെ ബിസിനസുകാര്‍ക്ക് പാഠപുസ്തകമാവേണ്ടതാണ്. തന്റെ പ്രൊഡക്ടിന്റെ നിലവാരത്തിലുള്ള ഉറച്ച വിശ്വാസമാണ് ആ ധൈര്യം നല്‍കുന്നത്. ആ ചങ്കൂറ്റം തന്നെയാണ് പിന്നീടൊരു ബിസിനസ് സാമ്രാജ്യമായി പടര്‍ന്നു പന്തലിക്കുന്നത്.
ഫോബ്‌സ് മാഗസിന്‍ ഒരിക്കല്‍ വി-ഗാര്‍ഡിന്റെ വിജയകഥ പങ്കു വെച്ചതിങ്ങനെയാണ്. '1500 ഡോളറുമായി തുടങ്ങിയ ഒരു ബിസനസ് ആണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. നാലു പതിറ്റാണ്ടിനു ശേഷം കമ്പനി 1.2 ബില്യണ്‍ മൂല്യമുള്ള വലിയ ഒരു സാമ്രാജ്യം സൃഷ്ടിച്ചിരിക്കുന്നു'. 2018 ല്‍ കൊച്ചൗസേഫ് ഇന്ത്യയിലെ ബില്യണയേഴ്‌സിന്റെ ഫോബ്‌സ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചു.
അനന്തമായ വളര്‍ച്ച
ലളിതമായ തുടക്കത്തില്‍ നിന്ന് കമ്പനി ബിസിനസ് സാമ്രാജ്യത്തിലെ കൊടുങ്കാറ്റായി മാറി. ഇന്ന് വി-ഗാര്‍ഡിന് കേരളം, തമിഴ്‌നാട്, ഉത്തരാഞ്ചല്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ശക്തമായ വിതരണ ശൃംഖലയാണ് വി-ഗാര്‍ഡിന്റേത്. 29 ബ്രാഞ്ചുകള്‍, 624 വിതരണക്കാര്‍, 5562 ചാനല്‍ പാര്‍ട്ണര്‍മാര്‍, 25,000 റീടെയിലര്‍മാര്‍ എന്നിവര്‍ കമ്പനിക്കുണ്ട്. 3500 പേര്‍ക്ക് വി-ഗാര്‍ഡ് നേരിട്ട് തൊഴില്‍ നല്‍കിയിരിക്കുന്നു.
റഫ്രിജറേറ്ററുകളും, ടെലിവിഷന്‍ സെറ്റുകളും 1970 കളിലും, 80 കളുടെ തുടക്കത്തിലും ഇന്ത്യയില്‍ വന്‍തോതില്‍ വിറ്റഴിഞ്ഞിരുന്നു. വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ സ്റ്റെബിലൈസര്‍ ബിസിനസിനെ വളരെയധികം സഹായിച്ചു. ബിസിനസ് തുടങ്ങി നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം 3,498 കോടിയുടെ വിറ്റുവരവാണ് കമ്പനിക്കുള്ളത്.
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട രീതി
1990 കളുടെ ആദ്യവും, 21ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തും ഇലക്ട്രിക്കല്‍ ഉല്പന്നങ്ങളില്‍ നിന്ന് ഇലക്ട്രോണിക് ഉല്പന്നങ്ങളിലേക്ക് വിപണി മാറുകയാണ്. ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, മ്യൂസിക് സിസ്റ്റം തുടങ്ങിയവയുടെ എല്ലാം ഘടനയില്‍ മാറ്റം വന്നു. ചിപ്പുകള്‍ വ്യാപകമായി. വോള്‍ട്ടേജ് വ്യതിയാനം കുറഞ്ഞു.
വി-ഗാര്‍ഡിന്റെ വില്പന വര്‍ധിച്ച തോതില്‍ നടക്കുന്നുണ്ടെങ്കിലും മാറുന്ന വിപണിക്ക് മുന്നേ ബിസിനസ് രീതികള്‍ മാറ്റാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന ദീര്‍ഘദര്‍ശി ശ്രദ്ധ വെച്ചു. കമ്പനി പുതിയ ഉല്പന്നങ്ങള്‍ പുറത്തിറക്കി, പുതിയ ഫാക്ടറികള്‍ നിര്‍മിച്ചു. ഉല്പന്നങ്ങള്‍ സ്വീകരിക്കുന്നവയാണെന്ന് ഉറപ്പു വരുത്തി. പുതിയ വിപണികള്‍ കണ്ടെത്തി. അവയെ കീഴടക്കി. ശേഷം പുതിയ റേഞ്ചിലുള്ള മറ്റ് ഉല്പന്നങ്ങള്‍ പുറത്തിറക്കി. അങ്ങനെ മാര്‍ക്കറ്റിലെ യുദ്ധത്തില്‍ കമ്പനി വിജയ കാഹളം മുഴക്കിക്കൊണ്ടിരുന്നു.
അങ്ങനെ ഒരു നാഷണല്‍ ലെവല്‍ ബിസിനസായി വി-ഗാര്‍ഡ് കേരളത്തിന്റെ കൂടി അഭിമാനമായിരിക്കുന്നു. ഇന്നും രാജ്യത്ത് ആകെ വിറ്റഴിക്കുന്ന സ്റ്റെബിലൈസറുകളുടെ 20% കയ്യടക്കി വെച്ചിരിക്കുന്നത് വി-ഗാര്‍ഡാണ്. ഇന്ന് കമ്പനിയുടെ ബിസിനസിന്റെ 46% ഇലക്ട്രിക്കല്‍ ഉല്പന്നങ്ങളാണ്. വയറുകള്‍, പമ്പുകള്‍, സ്വിച്ച് ഗിയറുകള്‍, മോഡ്യുലാര്‍ സ്വിച്ചുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
പരമ്പരാഗത ഇലക്ട്രോണിക് സെഗ്മെന്റില്‍ 23% വിറ്റഴിയുന്നത് സ്റ്റെബിലൈസറുകള്‍, യുപിഎസ്, ഇന്‍വര്‍ട്ടറുകള്‍ എന്നിവയാണ്. ഫാന്‍, വാട്ടര്‍ ഹീറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ്, എയര്‍ കൂളറുകള്‍ എന്നിവ ബിസിനസിന്റെ 31% സംഭാവന ചെയ്യുന്നു.
വസ്ത്രവിപണിയിലേക്കും കൊച്ചൗസേഫ് കാലെടുത്തു വെച്ചു. വി-സ്റ്റാര്‍ ക്രിയേഷന്‍സ് എന്ന പേരില്‍ 1995 ലാണ് ബ്രാന്‍ഡ് സ്ഥാപിക്കുന്നത്. 2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 142 കോടിയാണ് കമ്പനിയുടെ വിറ്റുവരവ്. 2000 ല്‍ വാട്ടര്‍ തീം പാര്‍ക്ക് ആരംഭിച്ചു. ഇന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓപ്പറേറ്റ് ചെയ്യുന്ന ഇന്ത്യയിലെ വലിയ ബിസിനസ് പാര്‍ക്ക് ചെയിനുകളില്‍ ഒന്നാണ് ഇത്. കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ കമ്പനിക്കുണ്ട്.
ബിസിനസ് ആരംഭിക്കുന്നത് ഒരു ട്രെഡ്മില്ലില്‍ കയറുന്നതു പോലെയാണെന്ന് കൊച്ചൗസേഫ് പറയുന്നു. നില്‍ക്കരുത്, ഓടിക്കൊണ്ടിരിക്കണം, നിന്നാല്‍ നിങ്ങള്‍ വീഴും. ഒരു ബിസിനസ് തുടങ്ങുന്നത് വളരെ നേരത്തെ ആകരുത്, അധികം വൈകിയും ഒരു ബിസിനസ് തുടങ്ങരുത്. ടൈമിങ്ങിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്. മാറ്റമാണ് പുതിയ ബിസിനസ് മന്ത്രമെന്ന് അദ്ദേഹം ചെയ്തു കാണിച്ച പാഠം വഴിവിളക്കായി മുന്നിലുണ്ട്. സാമൂഹിക സേവനത്തിലും വ്യാപൃതനായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി എന്ന തൃശൂരുകാരന്‍ എല്ലാ സംരംഭകര്‍ക്കും മാതൃകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.