Sections

മിറാക്കിള്‍ ഫ്രൂട്ടിന്റെ തീരെ മിറാക്കിള്‍ അല്ലാത്ത കൃഷിരീതി അറിയാം

Sunday, Aug 28, 2022
Reported By admin
agriculture

നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്

 

മിറക്കിള്‍ ഫ്രൂട്ടിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അമിനോ ആസിഡുകളും പഞ്ചസാരയും അടങ്ങിയ  ഗ്ലൈക്കോപ്രോട്ടീനായ 'മിറാക്കുലിന്‍' ഇതില്‍ അടങ്ങിയിട്ടുണ്ട്.  ഈ മിറാക്കുലിന്‍ നാവിലെ മധുരം നല്‍കുന്ന  രസമുകുളങ്ങളെ ഉണര്‍ത്തുകയും പുളി, കയ്പ് എന്നിവയ്ക്കുള്ള ഗ്രന്ഥികളെ താല്‍ക്കാലികമായി നിര്‍വീര്യമാക്കുകയും ചെയ്യുന്നു.  അതിനാല്‍  ഈ  പഴം വായിലിട്ട് ചവച്ചാല്‍ ഒന്ന് രണ്ട് മണിക്കൂര്‍വരെ നാം കഴിക്കുന്ന ഏതു ഭക്ഷണവും വെള്ളവുമെല്ലാം അതിമധുരമായി അനുഭവപ്പെടും. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിലനിര്‍ത്താനും ക്യാന്‍സറിനെ പ്രതിരോധിക്കാനും ഈ ഫ്രൂട്ടിന് കഴിവുണ്ട്. ഇതൊരു വിദേശപഴമാണെങ്കിലും നമ്മുടെ നാട്ടിലും വളര്‍ത്താം.

കൃഷിരീതി

വിത്തുവഴിയാണ് പ്രധാനമായും വളര്‍ത്തുന്നത്.  വിത്ത് തൈകള്‍ എളുപ്പം തയ്യാറാക്കാം.  കാലപ്പഴക്കം ചെന്ന് വിത്തുകള്‍ അനുയോജ്യമല്ല. പുതിയ വിത്ത് മണ്ണിലോ മണ്ണ് നിറച്ച പോളിത്തീന്‍ ബാഗിലോ നട്ട് തൈകളാക്കാം. നാലഞ്ച് ഇല പ്രായമായാല്‍ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. വലുപ്പമുള്ള ചട്ടികളിലും ഇവയെ വളര്‍ത്താനാകും. ഭാഗികമായ സൂര്യപ്രകാശത്തിലും ചെടി നന്നായി വളരും. നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്.

കുറ്റിച്ചെടിയായാണ് വളരുക. പരമാവധി പത്തടിവരെ ഉയരത്തില്‍ വളരും. തൈ നട്ട് മൂന്നാം വര്‍ഷംതന്നെ ഫലം തരും. നമ്മുടെ കാലാവസ്ഥയില്‍ എല്ലാക്കാലത്തും ഇത് പൂക്കുകയും കായ്ക്കുകയും ചെയ്യും. വെള്ളനിറത്തിലുള്ള പൂക്കള്‍ക്ക് നേരിയ സുഗന്ധവുമുണ്ട്. പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുന്നതോടെ ചുവപ്പ് നിറമാകും. കായ്കളില്‍ ഓരോ വിത്ത് കാണും.ഇതിന്റെ വിത്തൊഴിച്ചുള്ള മാംസളമായ പുറംഭാഗമാണ് ഭക്ഷ്യയോഗ്യമായത്. ഇതിലുള്ള മിറാക്കുലിന്‍ എന്ന രാസപദാര്‍ഥം പഞ്ചസാരയ്ക്ക് തുല്യം മധുരം നല്‍കുന്നു. എന്നാല്‍, പഞ്ചസാര കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇത് കഴിക്കുകവഴി ഉണ്ടാക്കുകയുമില്ല. കാരണം, ഇതൊരു ഗ്ലായിക്കോ പ്രോട്ടീന്‍ ആണ്.

ഇന്ന് പല രാജ്യങ്ങളും മിറാക്കിള്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് മിറാക്കുലിന്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുകയും ചെയ്യുന്നു. മധുരപലഹാരങ്ങളിലും മിറാക്കിള്‍ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നു. എന്തായാലും ഈ കുഞ്ഞന്‍ ഫലത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.