Sections

ഈ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കും; ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ അറിയാം

Wednesday, Jun 29, 2022
Reported By admin
food items

ധനമന്ത്രിമാരുടെ സമിതി നല്‍കിയ ശുപാര്‍ശയാണ് ചണ്ഡീഗഡില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്. 


കൂനിന്മേല്‍ കുരുവുമായി ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങള്‍. ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുല്‍പ്പന്നങ്ങളുടെയും കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വില ഉയരും. ലസി, മോര്, തൈര്, ഗോതമ്പ് പൊടി, മറ്റു ധാന്യങ്ങള്‍, പപ്പടം, ശര്‍ക്കര തുടങ്ങി ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുല്‍പ്പന്നങ്ങളെയും കാര്‍ഷികോല്‍പ്പന്നങ്ങളെയും അഞ്ചുശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 

ധനമന്ത്രിമാരുടെ സമിതി നല്‍കിയ ശുപാര്‍ശയാണ് ചണ്ഡീഗഡില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്. ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതോടെ ഇവ ചെലവേറിയതാകും. നിലവില്‍ ബ്രാന്റഡ് ആയിട്ടുള്ള പായ്ക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്. പായ്ക്ക് ചെയ്യാത്ത ഉല്‍പ്പന്നങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

സ്വര്‍ണം, വിലപ്പിടിപ്പുള്ള രത്‌നം തുടങ്ങിയ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇ- വേ ബില്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണ ഉരുപ്പടികള്‍ കൊണ്ടുപോകാന്‍ ഇനി ഇ- വേ ബില്‍ വേണം. ഇതിന്റെ പരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായ ഉപസമിതിയാണ് നികുതിവെട്ടിപ്പ് തടയാന്‍ ഈ സംവിധാനം ശുപാര്‍ശ ചെയ്തത്. നിലവില്‍ 50 കോടി രൂപയില്‍ കൂടുതല്‍ വിലവരുന്ന ഇടപാടുകള്‍ക്കാണ് ഇത് ബാധകം. സ്വര്‍ണ നികുതിവെട്ടിപ്പ് വ്യാപകമാണെന്ന പരാതികളിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.