Sections

ക്രെഡിറ്റ് കാർഡ്; എന്തുകൊണ്ട് പണക്കാർ സാധാരണക്കാരേക്കാൾ നേട്ടമുണ്ടാക്കുന്നതെന്ന് അറിയേണ്ടേ? 

Sunday, Apr 30, 2023
Reported By admin
credit card

ഉത്തരവാദിത്തത്തോടെ ഇവ ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യകരമായ ഒരു ക്രെഡിറ്റ് സ്‌കോർ വളർത്തിയെടുക്കാൻ സാധിക്കും


ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടാകുന്നത്. 2022 ഡിസംബറിലെ കണക്കുകൾ പ്രകാരം വോളിയം, വാല്യു എന്നിവയുടെ അടിസ്ഥാനത്തിൽ 25% ൽ അധികം വർധനയാണ് വിനിമയങ്ങളിലുണ്ടായതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഏത് തരം വരുമാനക്കാർക്കും ഉപയോഗപ്പെടുത്താവുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡെന്നു പറയാം. ഉത്തരവാദിത്തത്തോടെ ഇവ ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യകരമായ ഒരു ക്രെഡിറ്റ് സ്‌കോർ വളർത്തിയെടുക്കാൻ സാധിക്കും. ഭൂരിഭാഗം ക്രെഡിറ്റ് കാർഡുകളും റിവാർഡ് പോയിന്റുകളും ഉപഭോക്താക്കൾക്കായി നൽകുന്നു. ഇവ ക്യാഷ് ബാക്കായി ലഭിക്കുകയോ, വിനിമയങ്ങളിൽ റെഡീം ചെയ്‌തെടുക്കുകയോ ചെയ്യാം.

എന്നാൽ ക്രെഡിറ്റ് കാർഡുകളുടെ ബിസിനസ് മോഡൽ സംബന്ധിച്ച് അടുത്തിടെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) നടത്തിയ ഒരു പഠനം ശ്രദ്ധേയമാണ്. ക്രെഡിറ്റ് കാർഡ് റിവാർഡുകൾ കുറഞ്ഞ വിദ്യാഭ്യാസമുള്ളവരേക്കാൾ കൂടിയ വിദ്യാഭ്യാസവും, സ്വാധീനവും ഉള്ളവർക്കാണ് ഉപകാരപ്രദമാവുന്നതെന്നാണ് കണ്ടെത്തൽ. ഇവിടെ ലളിതമായ യുക്തിയാണ് ബാധകമാകുന്നതെന്നു കാണാം.

നല്ല വരുമാനമുള്ളവർ കൃത്യ സമയത്ത് റിവാർഡുകൾ ഉപയോഗപ്പെടുത്തുകയും, ബില്ലുകൾ തിരിച്ചടയ്ക്കുകയും ചെയ്യും. വരുമാനം കുറഞ്ഞവർ റിവാർഡ് പോയിന്റുകളുടെ ആകർഷണത്തിൽ വീഴുകയും തിരിച്ചടവ് ചിലപ്പോൾ നീണ്ടു പോവുകയും ചെയ്യുന്നു. ഇക്കാരണത്താൽ, ക്രെഡിറ്റ് കാർഡ് ബിൽ തുക തിരിച്ചടയ്ക്കാൻ സാഹചര്യമുള്ളവർ മാത്രം റിവാർഡ് പോയിന്റുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ബിഹേവിയറൽ സയന്റിസ്റ്റുമാർ നിർദേശിക്കുന്നു. ക്രെഡിറ്റ് കാർഡിലെ ഔട് സ്റ്റാൻഡിങ് തുക റോൾ ഓവർ ചെയ്യുന്നതിലൂടെ ബാങ്കിനാണ് കൂടുതൽ പണം ലഭിക്കുന്നത്.

മാസങ്ങളോളം ക്രെഡിറ്റ് കാർഡുകളിൽ നിന്ന് വായ്പയെടുത്താൽ വാർഷിക പലിശ ഏകദേശം 45% അല്ലൈങ്കിൽ അതിനു മുകളിലാണ് വരിക.ഈ വായ്പാ ചക്രത്തിൽ നിന്ന് പുറത്തു കടന്നില്ലെങ്കിൽ വീണ്ടും കടം കുമിഞ്ഞു കൂടാൻ സാധ്യതയുണ്ട്.

ഇവിടെ എല്ലാ മാസവും സമ്പാദ്യത്തിലേക്ക് നീക്കിയിരിപ്പ് നടത്തിയതു കൊണ്ടു കാര്യമില്ലാത്ത അവസ്ഥ വരുന്നു. ക്രെഡിറ്റ് കാർഡുകൾക്കായി, വാർഷികാടിസ്ഥാനത്തിൽ 45% ൽ അധികം പലിശ നൽകേണ്ടി വരുമ്പോൾ സമ്പാദ്യം അതിലധികം പണം നേടിയെടുക്കേണ്ട സാഹചര്യമാണുണ്ടാവുക. ഇവിടെയാണ് സാധാരണക്കാർ വീണു പോകുന്നത്.

ഇത്തരത്തിൽ പണമുണ്ടാക്കാൻ ബാങ്കുകളെ അനുവദിക്കുന്നതിനു പകരം, ക്രെഡിറ്റ് കാർഡുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ ശ്രമിക്കാം. 40 മുതൽ 50 ദിവസം വരെ പലിശയില്ലാത്ത ഒരു തുകയാണ് ക്രെഡിറ്റ് കാർഡുകളിലൂടെ ലഭ്യമാകുന്നത് എന്നതും മറക്കാതിരിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.