- Trending Now:
സംരംഭത്തില്‍ സമ്പൂര്‍ണ വിജയം കൈവരിക്കാന്‍
ഏതുതരം സംരംഭമായാലും അവയുടെ വളര്‍ച്ചയ്ക്കും വിജയത്തിനും ഏറ്റവും ശ്രദ്ധയോടെയും ജാഗ്രതയോടെയും നയിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യ സമയത്ത് കൃത്യമായ തീരുമനങ്ങള്‍ എടുക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ബിസിനസിന്റെ ഭാവി തന്നെ ഇല്ലാതായേക്കാം. സംഭവിക്കുന്ന ചെറിയ തെറ്റുകള്‍ക്ക് പോലും നാം വലിയ വില കൊടുക്കേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ കൃത്യമായി ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി വിലയിരുത്തുകയും അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കൈക്കൊള്ളേണ്ടതുമുണ്ട്.
കൃത്യമായ ആസൂത്രണമില്ലാതെ മുന്നോട്ട് പോക്ക് വലിയ കടക്കെണിയിലേക്കായിരിക്കും നിങ്ങളെ നയിക്കുക. മികച്ച വ്യക്തിഗത സാമ്പത്തിക ശീലങ്ങള്‍ കര്‍ശനമായി പിന്തുടരുന്നത് വഴി സംരഭത്തെ ഉയര്‍ച്ചയില്‍ എത്തിക്കുവാനും അലസമായ സാമ്പത്തിക ശീലങ്ങള്‍ ബിസിനസിന്റെ തകര്‍ച്ചയ്ക്കും കാരണമാകുന്നു. നിങ്ങള്‍ ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അറിയണം ക്രെഡിറ്റ് സ്‌കോറിനെ
മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടത് ഏതൊരു ബിസിനസ്‌കാരെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ക്രെഡിറ്റ് സ്‌കോര്‍ താഴുന്നത് അത്യാവശ്യ ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമായി വരുന്ന പണ ലഭ്യത ഇല്ലാതാക്കും. ബിസിനസ്് വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ ലഭിക്കുവാന്‍ മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിലും ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്നതില്‍ വരെ ക്രെഡിറ്റ് സ്‌കോറിന് പങ്കുണ്ടെന്ന് ഓര്‍ക്കുക. അതുകൊണ്ട് തന്നെ അപ്രധാനമായി കണ്ട എന്തെങ്കിലും കാരണത്താലായിരിക്കും ക്രെഡിറ്റ് സ്‌കോര്‍ ഇടിയുന്നത്. അത്തരം കാര്യങ്ങളില്‍ സൂക്ഷ്മ പുലര്‍ത്തുക.
ബാധ്യതകളില്‍ ശ്രദ്ധവേണം
എല്ലാ കടങ്ങളും ഗൗരവമായി തന്നെ പരിഗണിക്കണം. അശ്രദ്ധയാല്‍ അവയില്‍ ചിലതെങ്കിലും വലിയ ബാധ്യത ഉണ്ടാക്കിയേക്കാം. ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലയെങ്കില്‍ കുറഞ്ഞ നിരക്കിലുള്ള വായ്പകള്‍ പോലും പിന്നീട് ഭീമമായ ബാധ്യത സൃഷ്ടിച്ചേക്കാം. ക്രെഡിറ്റ് കാര്‍ഡ് പലിശകളുടെ ഉയര്‍ന്ന നിരക്ക് എപ്പോഴും ഓര്‍മയില്‍ വേണം. നിങ്ങളുടെ ബാധ്യതകളുടെയും അവയ്ക്ക് നല്‍കുന്ന പലിശയുടെയും പട്ടിക തയാറാക്കി അതില്‍ ഉയര്‍ന്ന നിരക്കുളള വായ്പകള്‍ ആദ്യം എന്ന ക്രമത്തില്‍ തിരിച്ചടവ് നടത്തുക.
എമര്‍ജന്‍സി ഫണ്ട് മുഖ്യം
തൊഴിലെടുക്കുന്ന വ്യക്തികള്‍ ആണെങ്കിലും ബിസിനസ് നടത്തുന്നവര്‍ ആണെങ്കിലും ഒരു എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കി വയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ കോവിഡ് കാലം അതിന്റെ പ്രാധാന്യം വലിയ രീതിയില്‍ നമുക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. മതിയായ എമര്‍ജന്‍സി ഫണ്ട് കൈയ്യിലുണ്ടെങ്കില്‍ അടിയന്തിര സാഹചര്യങ്ങളില്‍ വലിയ ഉലച്ചിലുകള്‍ ഇല്ലാതെ പിടിച്ചു നില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മൂന്നു മുതല്‍ ആറുമാസം വരെ അത്യാവശ്യ ചെലവുകള്‍ നടത്താനുള്ള തുകയെങ്കിലും ചുരുങ്ങിയത് ഇത്തരത്തില്‍ എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടതുണ്ട്.
ബിസിനസിനായി മാത്രം ബാങ്ക് അക്കൗണ്ട്
ബിസിനസില്‍ നിന്നുള്ള പണം നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് അത് ഉപയോഗിച്ച് വ്യക്തിഗത ആവശ്യങ്ങള്‍ നിവൃത്തിക്കുന്നത് നല്ല ശീലമല്ല. സാമ്പത്തികവും നിയമപരവുമായ പല പ്രശ്‌നങ്ങള്‍ക്കും അത് കാരണമാകും. ചെറിയ സംരംഭം ആണെങ്കില്‍ പോലും അതിനായി പ്രത്യേകം ബാങ്ക് എക്കൗണ്ട് തുടങ്ങാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ക്കെല്ലാം അതില്‍ നിന്ന് പണമെടുക്കുന്നതിന് പകരം നിശ്ചിത തുക ശമ്പളമായി നിശ്ചയിച്ച് അത് മാത്രം എടുക്കുക എന്നതായിരിക്കണം രീതി.
ബില്ലുകള്‍ നിസാരമല്ല
കൃത്യമായ തുക നീക്കി വച്ച് ബില്ലുകള്‍ യഥാസമയം അടച്ചു തീര്‍ക്കുക. ബില്ലുകള്‍ അടയ്ക്കാതെ മുന്നോട്ട് പോകുമ്പോള്‍ പിന്നീട് അത് വലിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നതിന് കാരണമാകും. കര്‍ശനമായി ബില്ലുകള്‍ അടച്ചു പോകുന്നത് ശീലമാക്കുക. ബാധ്യതകള്‍ കുന്ന് കൂടുന്നത് ഇതുവഴി ഒഴിവാക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.