Sections

ഡിജിറ്റല്‍ വായ്പ തട്ടിപ്പില്‍ വര്‍ധന; വഞ്ചിക്കപ്പെടാതിരിക്കാന്‍ ഈ അവകാശങ്ങളെ കുറിച്ച് അറിയൂ

Saturday, Sep 17, 2022
Reported By admin
loan fruad

വായ്പകള്‍ ലളിതമായും, വളരെ വേഗത്തിലും ലഭിക്കുമെന്നതാണ് ബാങ്കുകളുടെ ഉള്‍പ്പെടെയുള്ള ആപ്പുകളുടെ നേട്ടം

 

നിങ്ങള്‍ ഡിജിറ്റല്‍ വായ്പാ സേവനദാതാക്കളില്‍ നിന്നോ, ആപ്പുകളില്‍ നിന്നോ വായ്പ എടുത്തിട്ടുണ്ടോ  ഉണ്ടെങ്കില്‍, അല്ല ഇനി എടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ അവകാശങ്ങളെപ്പറ്റി അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. വായ്പകള്‍ ലളിതമായും, വളരെ വേഗത്തിലും ലഭിക്കുമെന്നതാണ് ബാങ്കുകളുടെ ഉള്‍പ്പെടെയുള്ള ആപ്പുകളുടെ നേട്ടം. ഇതുകൂടാതെ ഇത്തരത്തില്‍ വായ്പ എടുക്കുന്നവര്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.

തേര്‍ഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടതാണ് പ്രധാന പ്രശ്‌നങ്ങള്‍. ഡാറ്റ സ്വകാര്യത, സുതാര്യമല്ലാത്ത ബിസിനസ് സാഹചര്യങ്ങള്‍, കൊള്ളപ്പലിശ, മാന്യമല്ലാത്ത റിക്കവറി രീതികള്‍ എന്നിവയെല്ലാം ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങളാണ്. ഇക്കാരണത്താല്‍ തന്നെ റിസര്‍വ് ബാങ്ക് അടുത്തിടെ ഡിജിറ്റല്‍ ലെന്‍ഡിങ്ങുമായി ബന്ധപ്പെട്ട് ഏതാനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായ ലെന്‍ഡേഴ്‌സ് ആരൊക്കെ 

ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഹൗസിങ് ഫിനാന്‍സിങ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ (എന്‍ബിഎഫ്‌സികള്‍) എന്നിവയ്‌ക്കെല്ലാം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍ എന്നിവയുമായി പാര്‍ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്ലിക്കേഷനുകള്‍ക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. നിലവില്‍ വായ്പ എടുത്തിരിക്കുന്ന ഉപഭോക്താക്കള്‍, പുതിയതായി ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവരും പുതിയ നിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.

ചാര്‍ജുകള്‍ അറിഞ്ഞിരിക്കുക

ഒരു ലെന്‍ഡിങ് ആപ്ലിക്കേഷന്‍ വഴി വായ്പയ്ക്ക് ശ്രമിക്കുന്നവര്‍ ആദ്യം ചാര്‍ജുകള്‍ അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. വാര്‍ഷിക ശതമാന നിരക്ക്, വായ്പ എടുക്കുന്നതിനു വരുന്ന ചിലവ്, വാര്‍ഷികാടിസ്ഥാനത്തില്‍ വരുന്ന പലിശ നിരക്ക്, പ്രൊസസിങ് ചാര്‍ജുകള്‍, കാലാവധി തെറ്റിയുള്ള അടവുകള്‍ക്ക് വരുന്ന പിഴ എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതെല്ലാം മനസ്സിലാക്കാനായി കീ ഫാക്ട് സ്റ്റേറ്റ്‌മെന്റ് വായിച്ചു നോക്കേണ്ടതാണ്.

കീഫാക്ട് സ്റ്റേറ്റ്‌മെന്റ് ശ്രദ്ധയോടെ വായിക്കാം

ഡിജിറ്റല്‍ ലെന്‍ഡിങ് സേവനദാതാക്കള്‍ വഴി വായ്പകള്‍ നല്‍കുന്ന (ഫിന്‍ടെക് ആപ്പുകളുമായുള്ള പങ്കാളിത്തത്തിലൂടെ) ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, എസ്ബിഐ യോനോ പോലെയുള്ള ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ എന്നിവര്‍ വായ്പ എടുക്കുന്ന വ്യക്തിക്ക് കീഫാക്ട് സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ടതാണ്. വായ്പ അനുവദിക്കുന്നതിനു മുമ്പാണ് ഇത് നല്‍കേണ്ടത്. ഇവയ്ക്ക് റിസര്‍വ് ബാങ്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ ലെന്‍ഡിങ് സര്‍വീസുകള്‍ വഴി വായ്പ നല്‍കുന്ന ബാങ്ക് അല്ലെങ്കില്‍ എന്‍ബിഎഫ്‌സി എന്നിവയുടെ പേര് കീഫാക്ട് സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വായ്പാ തുക, വായ്പാ കാലാവധിയില്‍ ആകെ വരുന്ന പലിശ, പ്രൊസസിങ് ഫീസ്, ഇന്‍ഷുറന്‍സ് ചാര്‍ജുകള്‍, കാലാവധി, തിരിച്ചടവ് ആവൃത്തി, ഇന്‍സ്റ്റാള്‍മെന്റ് തുക എന്നിവ കീ ഫാക്ട് സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടായിരിക്കും. കൂളിങ് ഓഫ് പീരിയഡ്, ലോണ്‍ റിക്കവറി മെക്കാനിസം, തര്‍ക്ക പരിഹാര ഓഫീസറുടെ വിവരങ്ങള്‍ എന്നീ കാര്യങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ.

മറ്റ് പ്രധാന വ്യവസ്ഥകള്‍

വായ്പ നടപടിക്രമത്തില്‍ തേര്‍ഡ് പാര്‍ട്ടികള്‍ക്ക് സ്ഥാനമില്ല. ഒരു ബാങ്കുമായി പാര്‍ട്ണര്‍ഷിപ്പിലുള്ള ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പ് നിങ്ങള്‍ക്ക് വായ്പ നല്‍കുകയാണെങ്കില്‍ ആ ബാങ്ക് നേരിട്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് തുക നല്‍കുകയാണ് ചെയ്യുക. കസ്റ്റമറുമായുള്ള ആശയവിനിമയങ്ങളെല്ലാം ഇ-മെയില്‍ അല്ലെങ്കില്‍ ഫോണ്‍ വഴിയായിരിക്കും. മറ്റൊരു പ്രധാന വ്യവസ്ഥ കൂളിങ് ഓഫ് പീരീയഡുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതൊരു കാലാവധിയാണ്. ഈ പീരിയഡിനുള്ളില്‍ വായ്പ എടുത്ത ഒരു വ്യക്തിക്ക് ലോണ്‍ തുകയും ആനുപാതികമായ വാര്‍ഷിക പലിശ നിരക്കുകളും അടച്ചു തീര്‍ത്ത് വായ്പയില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കുന്നു. ഇതിന് പിഴ ഒന്നും തന്നെ ഈടാക്കില്ല.

ഏഴു ദിവസം വരെയുള്ള വായ്പകള്‍ക്ക് കുറഞ്ഞത് ഒരു ദിവസം, ഏഴു ദിവസത്തില്‍ കൂടുതലുള്ള വായ്പകള്‍ക്ക് കുറഞ്ഞത് മൂന്നു ദിവസം എന്നതാണ് കണക്ക്. കീഫാക്ട് സ്റ്റേറ്റ്‌മെന്റില്‍ ഇല്ലാത്ത ഒരു തരം ഫീസുകളും ഉപഭോക്താക്കള്‍ നല്‍കേണ്ടതുമില്ല. എന്നാല്‍ ഇഎംഐ അടവ് തെറ്റുക, പ്രീ പേയ്‌മെന്റ് എന്നിവയ്ക്ക് പിഴ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടായിരിക്കും. ഉപഭോക്താക്കളുടെ ഡാറ്റ ആക്‌സിസ് ചെയ്യാന്‍ അവരുടെ സമ്മതം ആവശ്യവുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.