- Trending Now:
ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കുട്ടികളുടെ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്‌സ് ഗാര്‍മെന്റ്സ് തെലങ്കാനയില്‍ 3000 കോടി രൂപയുടെ നിക്ഷേപത്തിന് വിശദമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരേ സമയം 2 സ്ഥലങ്ങളിലാണ് തെലങ്കാനയില്‍ കിറ്റെക്‌സ് കമ്പനി ഉയരുന്നത്. ഒന്ന് വാറങ്കലിലെ കക്കാട്ടിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലും മറ്റൊന്ന് ഹൈദരാബാദിനടുത്തുള്ള സീതാറാംപൂരിലും. കമ്പനി പ്രവര്‍ത്തനം ആരംഭിച്ചാല്‍ പ്രതിദിനം 24 ലക്ഷം വില്‍ക്കാനുള്ള പീസ് പുറത്തിറക്കാന്‍ സാധിക്കും. ഇത് കേരളത്തില്‍ നിലവിലുള്ള 8 ലക്ഷം പ്രതിദിന ശേഷിയുടെ 2 മടങ്ങ്
അധികമാണ്.
കമ്പനിക്ക് കേരള സര്‍ക്കാരുമായുള്ള മോശം അനുഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കിറ്റെക്‌സിനെ അങ്ങോട്ടേക്ക് ക്ഷണിക്കുകയും ആവശ്യമായി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേരളത്തിലെ തുടര്‍ സൗകര്യങ്ങള്‍ക്കായി നിക്ഷേപിക്കാന്‍ വാഗ്ദാനം ചെയ്ത 3,500 കോടി രൂപ സാബു ജേക്കബ് പിന്‍വലിച്ചു
ആദ്യം തെലങ്കാനയില്‍ 2400 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ 600 കോടി രൂപ കൂടി നിക്ഷേപിക്കുകയാണെന്ന് സാബു ജേക്കബ് പറയുന്നു.
2023 ജനുവരിയില്‍ കക്കാട്ടിയയില്‍ ഉല്‍പ്പാദനത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുമെന്നും 2024 ജനുവരിയോടെ യൂണിറ്റ് പൂര്‍ണ ശേഷിയില്‍ ഉല്‍പ്പാദിപ്പിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍, ഒരു വര്‍ഷത്തിനുശേഷം പൂര്‍ണ്ണ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സീതാറാംപൂരില്‍ 2024 ല്‍ ഉല്‍പ്പാദനം ആരംഭിക്കും. ''അതിനാല്‍, 2025-ഓടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ഫാക്ടറികളും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കും. ''രണ്ടു കമ്പനിയും പൂര്‍ണ്ണശേഷി കൈവരിച്ചു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല,'' അദ്ദേഹം പറയുന്നു. ചൈനീസ് നിര്‍മ്മാതാവിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ശിശുവസ്ത്ര നിര്‍മ്മാതാവാകുമെന്ന ആത്മവിശ്വാസത്തിലാണ് സാബു ജേക്കബ്.
രണ്ട് കമ്പനികളും ചേര്‍ന്ന് 22,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും 25,000 പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിറ്റെക്സിന്റെ ഫൈബര്‍-ടു അപ്പാരല്‍ നിര്‍മ്മാണ ക്ലസ്റ്ററിനുള്ള യന്ത്രസാമഗ്രികള്‍ കക്കാട്ടിയായില്‍ ഇതിനകം വാങ്ങിയിട്ടുണ്ടെന്നും മൂന്ന് ദശലക്ഷം ചതുരശ്ര അടി സൗകര്യത്തിന്റെ കെട്ടിടം പശ്ചിമേഷ്യയില്‍ പ്രീ ഫാബ്രിക്കേറ്റ് ചെയ്യുകയാണെന്നും ഷിപ്പ് ചെയ്ത് അസംബിള്‍ ചെയ്യുമെന്നും ജേക്കബ് പറഞ്ഞു. 'ഇത് ആദ്യമായാണ് ഒരു കെട്ടിടത്തിന്റെ 100 ശതമാനവും എല്ലാ ഇലക്ട്രിക്കല്‍, പ്ലംബിംഗ് ഫിറ്റിംഗുകളും ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്നത്,' യൂണിറ്റിലെ സാങ്കേതികവിദ്യ ലോകനിലവാരമുള്ളതും അതുല്യമായ രൂപകല്‍പ്പനയും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാമ്പസിലെ സൗകര്യങ്ങള്‍
11,000 തൊഴിലാളികള്‍ക്ക് താമസ സൗകര്യങ്ങളും വിനോദ സൗകര്യങ്ങളും സഹിതം 210 ഏക്കര്‍ വിസ്തൃതിയുള്ളതായിരിക്കും കക്കാട്ടിയ കിറ്റെക്സ് കാമ്പസ്. 'മാര്‍ക്കറ്റ്, സിനിമാ തിയേറ്റര്‍, ആറ് ഏക്കറില്‍ ഒരു കൃത്രിമ തടാകം, ഒരു ഹെലിപാഡ് എന്നിവയും അതില്‍ ഉണ്ടാകും,' ജേക്കബ് പറയുന്നു.
സീതാറാംപൂര്‍ കാമ്പസ് അല്‍പ്പം വലുതാണ്, 250 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു, എന്നാല്‍ ഇതേ മാതൃകയിലാണ് അവിടെയും രൂപകല്‍പ്പന.
ഫണ്ടിംഗ് രീതി
ഫണ്ടിംഗ് രീതിയെ കുറിച്ച് ചോദിച്ചപ്പോള്‍, 30 ശതമാനം കിറ്റെക്സിന്റെ സ്വന്തം ഫണ്ടില്‍ നിന്നും 70 ശതമാനം കടമായി കണ്ടെത്തുമെന്ന് സാബു ജേക്കബ് പറഞ്ഞു. 100 ശതമാനം കയറ്റുമതി അധിഷ്ഠിത യൂണിറ്റ് 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,450 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവോടെയാണ് ക്ലോസ് ചെയ്തത്.
ഇതുവരെ ചൈനീസ് കുത്തകയായിരുന്ന കുട്ടികളുടെ സോക്സ്, കമ്പിളി കൊണ്ട് നിര്‍മ്മിച്ച സ്ലീപ്പ്വെയര്‍ തുടങ്ങിയ പുതിയ ഇനങ്ങള്‍ തെലങ്കാന കമ്പനി ഉത്പാദിപ്പിക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു.
ഈ അധിക ശേഷിയുടെ ആവശ്യം എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യത്തിന്, കമ്പനി എട്ട് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നുണ്ടെന്നും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വിതരണം വര്‍ദ്ധിപ്പിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു. വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ്, ആമസോണ്‍, ഗെര്‍ബര്‍ തുടങ്ങിയ യുഎസിലെ പ്രമുഖ റീട്ടെയിലര്‍മാര്‍ക്കും ബ്രാന്‍ഡുകള്‍ക്കും കിറ്റെക്‌സ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.