- Trending Now:
പുതിയ ബ്രാന്റ് നെയിമിൽ വസ്ത്രങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്
കുന്നുകര ഖാദി റെഡിമെയ്ഡ് യൂണിറ്റിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്ക് ഓൺലൈൻ വിപണികളിലും വിൽപ്പന സാധ്യത ഒരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇതിന്റെ ഭാഗമായി വസ്ത്രങ്ങൾ ഫ്‌ലിപ്കാർട്ടിലൂടെ വിപണിയിൽ എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. കുന്നുകര ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇനി 'പാപ്പിലിയോ' എന്ന ബ്രാന്റിൽ വിപണികളിലെത്തും. കുന്നുകരയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
വലിയ മാറ്റത്തിന്റെ പാതയിലൂടെയാണ് ഖാദി വ്യവസായ മേഖല കടന്നു പോകുന്നത്. 150 കോടിയുടെ വിപണി ലക്ഷ്യമാക്കി നൂതന രീതിയിലുള്ള ഉൽപ്പന്നങ്ങൾ ഇറക്കാൻ ഒരുങ്ങുകയാണ് ഖാദി വ്യവസായ ബോർഡ്. കഴിഞ്ഞ ഒക്ടോബറിലാണ് കുന്നുകരയിൽ ഖാദി റെഡിമെയ്ഡ് യൂണിറ്റിന് തുടക്കമായത്. മാസങ്ങൾക്കകം ഇവിടെനിന്ന് പുതിയ ബ്രാന്റ് നെയിമിൽ വസ്ത്രങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. കുന്നുകരയിലെ ഉൽപാദന യൂണിറ്റിനോട് ചേർന്ന് പുതിയ ഔട്ട്‌ലെറ്റും നിർമ്മിക്കും.
ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം വ്യവസായ സംരംഭങ്ങളിലൂടെ കൂടുതൽ ആളുകൾക്ക് തൊഴിൽ കണ്ടെത്തുന്നതിന് സാധ്യമാകും. കരുമാലൂരിൽ ഖാദി നിർമ്മാണ യൂണിറ്റിനായി 1 കോടി രൂപ വകയിരുത്തി കെട്ടിടം നിർമ്മിക്കും. ഇവിടെ നിന്നും പ്രിന്റഡ് ഖാദി സിൽക്ക് സാരികൾ വിപണിയിലിറക്കും. കോട്ടപ്പുറം കൈത്തറി യൂണിറ്റിനായി പുതിയ പദ്ധതി ആവിഷ്‌കരിക്കും.
കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കർഷക സംഘങ്ങൾ വഴി കപ്പ, ഏത്തക്കായ തുടങ്ങിയ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സ്‌കൈ പദ്ധതി പ്രകാരം തൊഴിൽ രഹിതരായ ബികോം ബിരുദധാരികളായ വീട്ടമ്മമാർക്ക് തൊഴിൽ നൽകുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള പരിശീലനങ്ങൾക്ക് തുടക്കമായി. മണ്ഡലത്തിലെ 150 ഐ.ടി.ഐ ബിരുദധാരികൾക്ക് വിവിധ കമ്പനികളിൽ ജോലി നൽകാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവിന് ഉത്പന്നം നൽകിക്കൊണ്ട് പാപ്പിലിയോയുടെ ആദ്യ വില്പന മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ അബ്ദുൽ ജബ്ബാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം വർഗീസ്, ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ. എ രതീഷ്, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ സോണി കോമത്ത്, ഖാദി ബോർഡ് മെമ്പർ കെ. ചന്ദ്രശേഖരൻ, ഗ്രാമ വ്യവസായം ഖാദി ബോർഡ് ഡയറക്ടർ മേരി വിർജിൻ, ഖാദി ഗ്രാമ വ്യവസായ ഓഫീസ് ജില്ലാ പ്രോജക്ട് ഓഫീസർ പി.എ അഷിത തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.