Sections

സാധാരണക്കാരന് വീണ്ടും തിരിച്ചടി, മണ്ണെണ്ണ വില വര്‍ധിച്ചു

Sunday, Jul 03, 2022
Reported By admin
ration

മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.റ്റി, എസ്.ജി.എസ്.റ്റി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്


വീണ്ടും മണ്ണെണ്ണ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനൊപ്പം മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി ഉയര്‍ത്തി. 14 രൂപയുടെ വര്‍ധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉണ്ടായത്. മേയ് മാസം ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ധിച്ച് 88 രൂപയായി. ജൂലൈ ഒന്ന് മുതല്‍ ലിറ്ററൊന്നിന് 14 രൂപ വര്‍ധിച്ച് 102 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.റ്റി, എസ്.ജി.എസ്.റ്റി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. 

ജൂണ്‍ മാസം കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷന്‍കടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നത് വരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍,സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. വില വര്‍ധിപ്പിച്ചതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാല്‍ തന്നെ മത്സ്യതൊഴിലാളികള്‍ക്ക് ഉള്‍പ്പടെ അടുത്തഘട്ടം അനുവദിക്കേണ്ട മണ്ണെണ്ണ വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കയുമുണ്ട്.

മണ്ണെണ്ണ ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് മത്സ്യമേഖലയെയാണ്. കേരളത്തില്‍ 14481 യാനങ്ങള്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവക്കായി 28 ദിവസത്തിന് 1,70,000 കിലോ ലിറ്റര്‍ മണ്ണെണ്ണ ആവശ്യമുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചത് 3380 കിലോ ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പൊതുവിതരണ കേന്ദ്രം വഴിയുള്ള മണ്ണെണ്ണ വിതരണം ഉള്‍പ്പടെ മുടങ്ങുമോ എന്നും ആശങ്കയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.