Sections

റേഷന്‍ മണ്ണെണ്ണ വില കേന്ദ്രം വീണ്ടും കൂട്ടി

Thursday, Jun 02, 2022
Reported By MANU KILIMANOOR

രണ്ടര വര്‍ഷത്തിനിടെ കൂടിയത് 70 രൂപ 

 

റേഷന്‍ മണ്ണെണ്ണ വില വീണ്ടും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റര്‍) 72,832 രൂപ ആയിരുന്നത് 77,300 രൂപയാക്കി. ഇതോടെ ചില്ലറ വില്‍പന വില ലീറ്ററിന് 84 രൂപയില്‍ നിന്ന് 88 ആകും.ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്തു സ്റ്റോക്ക് ഉള്ളതിനാല്‍ വില വര്‍ധിപ്പിക്കണോ എന്ന കാര്യം സര്‍ക്കാരാണു തീരുമാനിക്കേണ്ടത്. രണ്ടര വര്‍ഷത്തിനിടെ കൂടിയത് 70 രൂപ .ലീറ്ററിന് 18 രൂപയായിരുന്ന റേഷന്‍ മണ്ണെണ്ണ വില രണ്ടര വര്‍ഷത്തിനിടെ 70 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 50 രൂപ കടന്നത്. നിലവില്‍ റേഷന്‍ മണ്ണെണ്ണയുടെ സ്റ്റോക്ക് ഉള്ള സാഹചര്യത്തില്‍ കൂടിയ വില ഈടാക്കാതെ മണ്ണെണ്ണ നല്‍കാന്‍ പറ്റുമോയെന്നു പരിശോധിച്ചു പറയാമെന്നു മന്ത്രി ജി.ആര്‍.അനില്‍.

മത്സ്യബന്ധന മേഖലയ്ക്കാകും വിലവര്‍ധന മൂലമുള്ള വന്‍ തിരിച്ചടി. ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ യാനങ്ങള്‍ക്കു പെര്‍മിറ്റ് അനുസരിച്ചു പ്രതിമാസം 130-190 ലീറ്റര്‍ നല്‍കുന്ന നോണ്‍ സബ്‌സിഡി മണ്ണെണ്ണ 2160 കിലോ ലീറ്റര്‍ കേന്ദ്രം അനുവദിച്ചിരുന്നു. കഴിഞ്ഞ 5 ദിവസമായി എണ്ണക്കമ്പനികളുടെ കേരളത്തിലെ സംഭരണകേന്ദ്രങ്ങളില്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പൂര്‍ണമായി ഏറ്റെടുത്തു കൈമാറാന്‍ ഡീലര്‍മാര്‍ക്കു കഴിഞ്ഞിട്ടില്ല. അതിനാല്‍ അധിക വില നല്‍കി ഏറ്റെടുക്കേണ്ടി വരും. 

മത്സ്യഫെഡ് ബങ്കുകള്‍ വഴി നിശ്ചിത തോതില്‍ മത്സ്യബന്ധന യാനങ്ങള്‍ക്കു നല്‍കുന്ന മണ്ണെണ്ണയുടെ വില ഇന്നലെ 6 രൂപ വരെ കുറഞ്ഞതായി മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി. ലീറ്ററിന് 132 രൂപയായിരുന്നു ഈ മണ്ണെണ്ണയുടെ വില. റേഷന്‍ മണ്ണെണ്ണയും പെര്‍മിറ്റ് അടിസ്ഥാനത്തില്‍ ഉള്ള മണ്ണെണ്ണയും തീരുമ്പോള്‍ പൊതുവിപണിവിലയ്ക്കുള്ള ഈ മണ്ണെണ്ണയെ ആണ് മത്സ്യബന്ധനമേഖല ആശ്രയിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.