Sections

കേരളീയം: ഭാവി കേരളത്തിന്റെ വികസനം ചർച്ച ചെയ്ത് അഞ്ചു സെമിനാറുകൾ

Friday, Nov 03, 2023
Reported By Admin
Keraleeyam Seminars

കേരളീയത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ (നവംബർ 2) കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച ദിശയിൽ സുപ്രധാനമായ അഞ്ച് സെമിനാറുകൾ നടന്നു. കേരളത്തിലെ ഭൂപരിഷ്കരണം, കേരളത്തിലെ കാർഷിക രംഗം, കേരളത്തിലെ ഭക്ഷ്യസുരക്ഷ, കേരളത്തിലെ ക്ഷീരവികസന മേഖല, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനം എന്നീ വിഷയങ്ങളിലായിരുന്നു സെമിനാറുകൾ. ശ്രദ്ധേയമായ ഉൾക്കാഴ്ചകളും അഭിപ്രായനിർദ്ദേശങ്ങളുമാണ് എല്ലാ സെമിനാറുകളിലും രൂപം കൊണ്ടത്.

കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുന്ന രീതിയിൽ ആദ്യസർക്കാർ രൂപപ്പെടുത്തിയ ഭൂപരിഷ്കരണത്തെ കൂടുതൽ കരുത്തോടെ നടപ്പാക്കണമെന്ന നിർദേശമാണ് ഭൂപരിഷ്കരണം സംബന്ധിച്ച സെമിനാറിൽ പ്രധാനമായും ഉയർന്നത്. കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള സമഗ്രനിർദേശങ്ങളും ആശയങ്ങളും കൊണ്ട് സെമിനാർ ശ്രദ്ധേയമായി.

Revenue Department Seminar in Keraleeyam

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായാണ് പട്ടയ മിഷൻ സർക്കാർ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ അവകാശം സംബന്ധിച്ച് ജനകീയ സമീപനം സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം എം.പി. പറഞ്ഞു. ഭൂപരിധി 20 ഏക്കറായി നിജപ്പെടുത്തിയതിനെ തുടർന്നാണ് നിരവധി പേരെ മണ്ണിന്റെ ഉടമകളാക്കി മാറ്റാൻ കഴിഞ്ഞതെന്ന് മുൻ എം.എൽ.എ. പ്രകാശ് ബാബു പറഞ്ഞു. കേരളത്തിൽ ആവശ്യത്തിന് ഭൂമിയുണ്ടെന്ന് മുൻ മന്ത്രി എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. ഈ ഭൂമി കണ്ടെത്തി വരികയാണ്. ഇത് ഭൂമിയില്ലാത്തവർക്ക് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം. ഭൂമി ഫലപ്രദമായി വിനിയോഗിക്കണമെന്ന് മുൻ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരളത്തിന്റെ കാർഷിക രംഗം ശക്തിപ്പെടുത്തുന്ന നിയമങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. റവന്യൂ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ വിഷയാവതരണം നടത്തി. സർവേ സെറ്റിൽമെന്റ് ആൻഡ് ലാൻഡ് റെക്കോഡ്സ് കമ്മീഷണർ വിനോദ് കെ. അഗർവാൾ, ഭൂരേഖ ഡയറക്ടർ സീറാം സാംബശിവറാവു എന്നിവർ സെമിനാർ നയിച്ചു. അഡ്വ. കാളീശ്വരം രാജ് വീഡിയോ സന്ദേശം വഴി പങ്കെടുത്തു.

ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഭക്ഷ്യഭദ്രത എന്ന വിഷയത്തിൽ ടാഗോർ തിയറ്ററിൽ നടന്ന സെമിനാർ വിലയിരുത്തി. കേരളം ജനങ്ങൾക്ക് ഭക്ഷ്യഭദ്രത ഉറപ്പുവരുത്തിയ സംസ്ഥാനമാണ്. പ്രത്യേകിച്ച് കൊവിഡ് കാലഘട്ടത്തിൽ നടത്തിയ ഇടപെടലുകൾ പ്രശംസനീയമാണെന്നും കാര്യക്ഷമമായ പൊതുവിതരണ സംവിധാനമാണ് സംസ്ഥാനത്തിന്റേതെന്നും പ്രമുഖ പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.

സുസ്ഥിര സംവിധാനങ്ങളിലൂടെ സാർവ്വത്രിക ഭക്ഷ്യഭദ്രത കൈവരിക്കാമെന്ന ആശയം ഡോ. എം എസ് സ്വാമിനാഥന്റെ ശിഷ്യനായ എംപിഎ-ഡിപി കൊളംബിയ സർവ്വകലാശാല ഡയറക്ടർ ഡോ.ഗ്ലെൻ ഡെനിംഗ് മുന്നോട്ടുവച്ചു.

Keraleeyam Food Security in Kerala Seminar

പോഷക അനിവാര്യതയെക്കുറിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്കിടയിലും യുവജനങ്ങൾക്കിടയിലും അത്യാവശ്യമാണെന്ന് ഹരിതവിപ്ലവത്തിന്റെ പിതാവായ എം എസ് സ്വാമിനാഥന്റെ മകളും ബെംഗളൂരു ഇന്ത്യൻ സ്റ്റാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. പൊതുവിതരണ സംവിധാനത്തിൽ മില്ലറ്റ് പോലുള്ള ചെറുധാന്യങ്ങളും പയർവർഗങ്ങളും കൂടുതലായി ഉൾപ്പെടുത്തണം. പോഷക സമൃദ്ധമായ നാടൻ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കണം തുടങ്ങി കൂടുതൽ മുന്നേറുന്നതിനുള്ള മാർഗങ്ങളും സെമിനാർ വരച്ചുകാട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി .ആർ. അനിൽ ചർച്ചയിൽ അധ്യക്ഷനായി. മുൻകേന്ദ്രമന്ത്രിയും ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധിയുമായ കെ വി തോമസ, തമിഴ്നാട് സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് കമ്മിഷൻ വൈസ് ചെയർമാൻ ജെ. ജയരഞ്ജൻ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, സെന്റർ ഫോർ ചൈൽഡ് ആൻഡ് ദി ലോ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു കോർഡിനേറ്റർ നീതു ശർമ്മ, ബംഗ്ലാദേശ് എഫ്എഒ ഫുഡ് സിസ്റ്റം സ്പെഷ്യലിസ്റ്റ് ആർ വി ഭവാനി, തമിഴ്നാട് എംഎൽഎ സിവിഎംപി ഏഴിലരസൻ, ഫുഡ് കമ്മിഷൻ ചെയർമാൻ കെ വി മോഹൻകുമാർ എന്നിവരും പാനലിസ്റ്റുകളായിരുന്നു. ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ മോഡറേറ്ററായിരുന്നു.സപ്ലൈകോ സിഎംഡി ഡോ. ശ്രീറാം വെങ്കിട്ടരാമനാണ് വിഷയം അവതരിപ്പിച്ചത്.

കാർഷിക കേരളത്തിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മൂല്യവത്തായ നിരവധി നിർദേശങ്ങളാണ് കാർഷിക സെമിനാറിൽ ഉയർന്നത്. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സെമിനാറിൽ കാർഷികവികസന, കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായിരുന്നു. ആധുനിക കാർഷിക സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തുമ്പോൾതന്നെ കാർഷിക മേഖലയിലെ കോർപറേറ്റുകൾക്ക് കർഷകരെ വിട്ടുകൊടുക്കേണ്ടതില്ലെന്നും ചെറുകിട കർഷകർക്ക് പരമാവധി പ്രോത്സാഹനം നൽകണമെന്നും അഭിപ്രായമുയർന്നു. കേരള കാർഷിക സർവകലാശാല കർഷകർക്കായി നടത്തുന്ന സേവനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും പാനലിസ്റ്റുകളായ ഡോ. നീരജയും ഡോ. കടമ്പോട്ട് സിദ്ധീഖും മുക്തകണ്ഠം പ്രശംസിച്ചു. കേരളത്തിന്റെ കാർഷികവളർച്ചയിൽ ഉയർച്ച രേഖപ്പെടുത്തിയതും പച്ചക്കറി,നെല്ല്, അരി എന്നിവയുടെ ഉൽപാദനം വർധിച്ചതും കാർഷിക മേഖലയിലെ ശുഭസൂചനകളായി സെമിനാർ വിലയിരുത്തി.

Keraleeyam Agriculture Seminar

കർഷിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറുമായ ബി അശോക് കൃഷി വകുപ്പ് പദ്ധതി അവതരിപ്പിച്ചു. ദേശീയ കാർഷിക ശാസ്ത്ര അക്കാദമി സെക്രട്ടറി കെ.സി. ബെൻസൽ, ലോക ബാങ്ക് സീനിയർ എക്കണോമിസ്റ്റ് ക്രിസ് ജാക്സൺ, സംസ്ഥാന അഗ്രികൾച്ചറൽ പ്രൈസസ് ബോർഡ് ചെയർമാൻ പി. രാജശേഖരൻ, വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ ഡയറക്ടർ കടമ്പോട്ട് സിദ്ദീഖ്, ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റ് ചെയർമാനും വിയറ്റ്നാമിലെ മുൻ കാർഷിക, വികസന ഗ്രാമ വികസന മന്ത്രിയുമായ കാവു ഡ്യൂ ഫാട്ട്, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൈസ് റിസർച്ച് മുൻസിപ്പൽ സയന്റിസ്റ്റുമായ സിഎൻ നീരജ എന്നിവർ വിവിധ വിഷയങ്ങളിലൂന്നിയ ചർച്ചകളിൽ പങ്കെടുത്തു.

കേരളത്തിന്റെ ക്ഷീരവികസന രംഗത്തെ നേട്ടങ്ങൾ, പുതിയ വെല്ലുവിളികൾ എന്നിവ കേരളത്തിലെ ക്ഷീരവികസനമേഖല മുൻ നിർത്തി ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ ഗൗരവതരമായി ചർച്ച ചെയ്യപ്പെട്ടു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സെമിനാറിൽ അധ്യക്ഷയായി.

Dairy Development Seminar in Keraleeyam

കൂടുതൽ ക്ഷമതയുളള പശുക്കൾ, ബീജ സങ്കലന രീതികൾ, ശാസ്ത്രീയമായ പരിപാലന രീതി എന്നീ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പാനലിസ്റ്റുകൾ വിഷയം അവതരിപ്പിച്ചു. തീറ്റപ്പുൽ കൃഷിയുടെ വ്യാപനത്തിന് തരിശിടങ്ങൾ പരമാവധി ഉപയോഗിക്കുക, പശുക്കളെ പ്രസവിക്കുന്ന രീതിയിലുള്ള ബീജങ്ങൾ വ്യാപകമാക്കണ്ടതുണ്ടതിന്റെ ആവശ്യകത എന്നിവ സെമിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തീറ്റപ്പുൽ കൃഷി വ്യാപകമാക്കിയാൽ കാലിത്തീറ്റയുടെ വിലവർധനവ് പിടിച്ചു നിർത്താനാകും. ചോള കൃഷി വ്യാപകമാക്കി കൊണ്ട് കാലിത്തീറ്റ ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത നേടണമെന്നും അഭിപ്രായം ഉയർന്നു. യുവതലമുറയെ കൂടുതൽ മേഖലയിലേക്കടുപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് സംരഭങ്ങളുമായി സഹകരിക്കുക, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ബ്രാൻഡിംഗും വ്യാപകമാക്കി വിപണി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, വെറ്റിനറി ഡോക്ടർമാരുടെ സേവനം പൂർണമായും ഉറപ്പാക്കുക, കോൾ സെന്റർ സേവനം പരമാവധി വ്യാപകമാക്കുക, ഏകജാലക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും സെമിനാറിൽ ഉയർന്നു. ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ മനേഷ് ഷാ, ഇന്ത്യൻ ഡയറി അസോസിയേഷൻ പ്രസിഡന്റ് ആർ എസ് സോധി, മിൽമ ചെയർമാൻ കെ എസ് മണി, ഡോ. പ്രകാശ് കളരിക്കൽ , പ്രൊഫ.എസ് രാം കുമാർ, പി സുധീർ ബാബു, ബീന തങ്കച്ചൻ , ഫാദർ ജിതിൻ ജോസഫ് തളിയൻ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ കെ കൗശിഗൻ എന്നിവർ പങ്കെടുത്തു.

പട്ടികജാതി, പട്ടികവർഗവിഭാഗങ്ങളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം മികച്ച സാഹചര്യമാണ് ഒരുക്കുന്നതെന്നു പട്ടികജാതി, പട്ടികവർഗവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തികവികസനം സംബന്ധിച്ച് മാസ്കറ്റ് ഹോട്ടലിൽ നടന്ന സെമിനാർ വിലയിരുത്തി. പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് രാജ്യത്തിന് പ്രത്യേകം ഉത്തരവാദിത്തമുണ്ടെന്നും കേരളം ആ ഉത്തരവാദിത്വം ബഹുമുഖ പരിപാടികളിലൂടെ നടപ്പാക്കി വരുന്നുണ്ടെന്നത് സന്തോഷകരമാണെന്നും അക്കാദമിക് വിദഗ്ധനും ഇ.പി.ഡബ്ല്യ മുൻ എഡിറ്ററുമായ ഗോപാൽ ഗുരു അഭിപ്രായപ്പെട്ടു. മികച്ച മാതൃകകൾ നവീകരിക്കുന്നതിനും ക്ഷേമം ഉറപ്പാക്കാനുള്ള പ്രക്രിയ തുടരുന്നതിനും ശ്രമങ്ങൾ തുടരണമെന്നും നിർദേശമുയർന്നു. ആദിവാസികളെ കാലാനുസൃതമായി പുരോഗതിയിലേക്ക് നയിക്കാനായി സർക്കാർ കഠിന പ്രയത്നമാണ് നടത്തുന്നതെന്നും സെമിനാർ വിലയിരുത്തി. പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ സെമിനാറിൽ അധ്യക്ഷനായി.

Keraleeyam SC ST Development Seminar

സഫായി കർമ്മചാരി ആന്ദോളൻ നാഷണൽ കൺവീനർ ഡോ. ബെസ്വാദ വിൽസൺ, ഡോ. ബസവി കിറോ (മുൻ വനിതാ കമ്മീഷൻ അംഗം, ഝാർഖണ്ഡ്), എ. വിജയരാഘവൻ (മുൻ എം.പി), ഡോ. മീരാ വേലായുധൻ (ഓൺലൈൻ)- മുൻ പ്രസിഡന്റ് ഐ.എ.എസ്.ഡബ്ല്യു, പി.കെ ശിവാനന്ദൻ ഐ.എ.എസ് (റിട്ട.), പി. കെ ജമീല (പ്ലാനിങ് ബോർഡ് അംഗം) എന്നിവരും പങ്കെടുത്തു. പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് മോഡറേറ്ററായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.