Sections

കേരളത്തിലെ ആദ്യത്തെ സൗരോർജ്ജ ടൂറിസ്റ്റ് കപ്പൽ ഒരുങ്ങി

Saturday, Apr 08, 2023
Reported By admin
tourism

ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന പദ്ധതിയായിരിക്കും 'സൂര്യാംശു'


'സൂര്യാംശു' ഒരുങ്ങിക്കഴിഞ്ഞു നിങ്ങളെ കൊച്ചിയിലെ കായലോരങ്ങളും, കടലും കാണിക്കാൻ. ഹൈക്കോടതി ജങ്ഷനിലെ KSINC ക്രൂസ് ടെർമിനലിൽനിന്ന് കടമക്കുടി, ഞാറക്കൽ, തിരിച്ച് മറൈൻ ഡ്രൈവിലേക്ക് നിങ്ങളെ കൊണ്ട് പോകും ഈ ഡബിൾ ഡെക്കർ സൗരോർജ യാനം. 3.95 കോടി രൂപ ചിലവ് വരുന്ന വെസലിൽ ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ശീതീകരിച്ച കോൺഫറൻസ് ഹാളും ഡിജെ പാർട്ടി ഫ്ലോറും കഫെറ്റീരിയയുമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ഡബിൾ ഡക്കർ യാനത്തിൽ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന പദ്ധതിയായിരിക്കും 'സൂര്യാംശു'.

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാൻ ഇരട്ട 'ഹൾ' ഉള്ള ആധുനിക കറ്റമരൻ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ക്രൂയിസ് പാക്കേജുകൾ
പാക്കേജ് 1 @ 799
ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎൻസി ക്രൂസ് ടെർമിനലിൽനിന്ന് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കും അവിടെ നിന്ന് തിരിച്ച് മറൈൻ ഡ്രൈവിലേയ്ക്കും പോകുന്ന വിധത്തിൽ 6 മണിക്കൂർ നീളുന്നതാണ് ഒരു പാക്കേജ്.
പാക്കേജ് 2 @ 999

7 മണിക്കൂർ ദൈർഘ്യമുള്ളതും മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച് ഞാറക്കൽ വഴി അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎൻസി ക്രൂസ് ടെർമിനലിൽ വരെയുള്ളതുമായ യാത്രയാണ് മറ്റൊരു പാക്കേജ്.

മറൈൻ ഡ്രൈവ്-കടമക്കുടി ഇടനാഴിയിലും പിന്നീട് 10 കിലോമീറ്റർ കടലിലുമായി സർവീസ് നടത്തുന്ന കപ്പലിന് ഒരാൾക്ക് 799 രൂപ നിരക്കിൽ ആറ് മണിക്കൂർ ദിവസത്തെ ക്രൂയിസ് ഉണ്ടായിരിക്കും. അതിനിടയിൽ, അതിഥികൾക്ക് ഒരു ദ്വീപിൽ ഇറങ്ങാനും ഉച്ചഭക്ഷണം കഴിക്കാനും ആംഗ്ലിംഗ്, ബോട്ടിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും കഴിയും. ഏഴു മണിക്കൂർ ദൈർഘ്യമുള്ള ?999 പാക്കേജിൽ, മത്സ്യഫെഡിന്റെ ഞാറക്കലിലെ മത്സ്യ ഫാം സന്ദർശിക്കാം.

''സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെതും, ഏറ്റവും വലിയ ടൂറിസ്റ്റ് കപ്പലുമാണിത്. മുകളിലെ ഡെക്കിന്റെ മേൽക്കൂരയിലെ സോളാർ പാനലുകൾ നൽകുന്ന ഊർജ്ജത്തിലാണ് കപ്പൽ ക്രൂയിസ് ചെയ്യുക'' KSINC ചെയർമാൻ ചാക്കോ പറഞ്ഞു.

ഇനി 150 പേർക്ക് യാത്ര ചെയ്യാവുന്ന ടൂറിസ്റ്റ് കപ്പൽ നിർമിക്കുമെന്ന് KSINC മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജ പറഞ്ഞു. 'KSINC യുടെ ടൂറിസ്റ്റ് കപ്പലുകളായ സാഗര റാണി I, സാഗര റാണി II എന്നിവ നിലവിൽ മറൈൻ ഡ്രൈവിൽ നിന്ന് കടലിലേക്ക് ടൂറിസ്റ്റ് യാത്രകൾ നടത്താറുണ്ട്. ബേപ്പൂരിലെ ഒരു ബോട്ട് ജെട്ടിയുടെ പണി കഴിഞ്ഞാൽ അവിടെയും ടൂറിസ്റ്റ് സർവീസ് ആരംഭിക്കും''.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.