Sections

കേരളഗ്രോ വഴി ഓൺലൈൻ വിപണിയിലെത്തിച്ചത് 191 മൂല്യവർധിത ഉത്പന്നങ്ങൾ: മന്ത്രി പി. പ്രസാദ്

Saturday, Jun 24, 2023
Reported By Admin
Keralagro

പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രത്തിൽ ശർക്കര ഫില്ലിംഗ് മെഷീനിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു


കേരളഗ്രോ ബ്രാൻഡിന്റെ 191 മൂല്യവർധിത ഉത്പന്നങ്ങൾ ആമസോൺ, ഫ്ളിപ്പ്കാർട്ട് അടക്കമുള്ള ഓണലൈൻ വിപണികളിൽ വിൽപനക്കെത്തിച്ചതായി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രത്തിൽ ശർക്കര ഫില്ലിംഗ് മെഷീനിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകർക്ക് കൂടുതൽ വരുമാനം നേടാനാവുന്ന ഒരു പ്രധാന മാർഗം മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് മാറുക എന്നുള്ളതാണ്. വിപണിയിലെത്തുന്ന വസ്തുക്കളുടെ ഗുണമേന്മയും ബ്രാൻഡിന്റെ പേരും പ്രധാന ഘടകങ്ങളാണെന്ന് തിരിച്ചറിഞ്ഞാണ് സർക്കാർ കേരളഗ്രോ എന്ന ബ്രാൻഡ് രൂപീകരിച്ചത്. 2023 അവസാനത്തോടെ നൂറ് മൂല്യവർധിത ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഈ വർഷം പകുതിയായപ്പോൾ തന്നെ 191 മൂല്യവർധിത ഉത്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ വിൽപനക്കെത്തിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

രാസവസ്തുക്കളോ കീടനാശിനികളോ അടക്കമുള്ള ഉപദ്രവകരമായ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ നിർമിക്കുന്ന ശർക്കരക്ക് ഇന്ന് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. പന്തളത്ത് മാത്രമല്ല, സമീപപ്രദേശങ്ങളിലെ കരിമ്പ് കർഷകർക്കും ഏറെ പിന്തുണയും പിൻബലവുമാവുന്ന രീതിയിൽ കേന്ദ്രത്തിന്റെ സംഭരണം വർധിപ്പിക്കണം. നല്ല കരിമ്പ്, വിഷരഹിതമായി കൃഷി ചെയ്ത് കർഷകർ എത്തിക്കുമ്പോൾ, കേന്ദ്രത്തിൽ അത് യഥാസമയം വില നൽകി സംഭരിച്ച്, സംസ്കരിച്ച് മികച്ച ഉത്പന്നമായി വിപണിയിലെത്തിക്കണം. ആകർഷകമായ പാക്കിംഗ് പോലെയുള്ള മാർക്കറ്റിംഗ് രീതികൾ ഉപയോഗിച്ച് വിപണിയിൽ ഇന്നുള്ള ഡിമാൻഡ് വർധിപ്പിക്കണം. അതിനായി ക്യു.ആർ കോഡ് അടക്കമുള്ള സാങ്കേതിക വിദ്യകൾ പാക്കിംഗ് കവറുകളിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

നാടിന്റെ നെല്ലറയായ പന്തളത്ത് നിന്നും 2007 മുതൽ വിപണി കീഴടക്കി മുന്നോട്ട് പോകുന്ന, ഏറെ ആവശ്യക്കാരുള്ള ഒരു ഉത്പന്നമാണ് പന്തളം ശർക്കര എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ശർക്കര ഫില്ലിംഗ് മെഷീനിന്റെ വരവോടെ കൂടുതൽ വേഗത്തിൽ, കൃത്യതയോടെ പാക്കിംഗ് നടക്കുന്ന സംവിധാനമാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. സംസ്ഥാന കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത അലക്സാണ്ടർ, പന്തളം ഫാം ഓഫീസർ എം.എസ്. വിമൽകുമാർ, ഉദ്യോഗസ്ഥർ, കർഷകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.