- Trending Now:
ദിവസവും ദിനപത്രം എടുത്താൽ കഞ്ചാവ് കടത്തുകാരേയോ മയക്കുമരുന്ന് വിതരണക്കാരേയോ പിടിച്ചുവെന്ന വാർത്തയാണ് വായിക്കേണ്ടിവരുന്നത്. കഞ്ചാവും മയക്കുമരുന്നുമെല്ലാം ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷവും കേരളത്തിന്റെ ഇളം തലമുറയാണെന്ന് തിരിച്ചറിയുമ്പോൾ കേരള യുവത്വത്തിന്റെ ഭാവി എന്ത് എന്ന ചോദ്യം ന്യായമായി ഉയരുന്നു.പാൻപരാഗിലും ഹാൻസിലും തുടങ്ങി വൈറ്റ്നർ, പശ എന്നിവയ്ക്കുശേഷം കഞ്ചാവിലേക്കും വേദനസംഹാരി ഗുളികകളുടെ ലഹരിയിലേക്കും മദ്യോപയോഗത്തിലേക്കും കുതിക്കുന്നു. ഇളം തലമുറയുടെ തെറ്റായ പോക്കിനെ തിരിച്ചറിയാൻ കൂടി കഴിയാത്ത മാതാപിതാക്കളാണ് ഇന്ന് കേരളത്തിൽ സ്നേഹം നൽകുന്നതിന് പകരം ഇഷ്ടംപോലെ പോക്കറ്റ്മണി നൽകുന്നത്.ഗൗരവമായി കാണേണ്ട ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം അവരിൽ ഉണ്ടാക്കുന്ന വ്യക്തിത്വവൈകല്യങ്ങൾ.
പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. വളരെ സാവധാനമാണ് കുട്ടികൾ പലപ്പോഴും ലഹരിക്ക് അടിമപ്പെടുന്നത്. പലപ്പോഴും മോശം കൂട്ടുകെട്ടുകൾ തന്നെയാണ് ഇത്തരം സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കുന്നത്. വീട്ടിലെ പ്രശ്നങ്ങൾ, വിഷാദരോഗം, ടെൻഷൻ, പ്രണയനൈരാശ്യം, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവർ, കൂട്ടുകാരിൽ നിന്നും കേട്ട നിറംപിടിപ്പിച്ച കഥകൾ കേട്ടുള്ള ആവേശം, അങ്ങനെ പല പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾ ഇത്തരം കൂട്ടുകെട്ടുകളിൽ പെട്ടെന്ന് ചെന്നുവീഴും.
ഇവരെ വല വീശി പിടിക്കാനായി സ്കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു. ലഹരിയുടെ ദോഷവശങ്ങൾ ഒരാളെ ബാധിക്കുക ശാരീരികമായും മാനസികമായുമാണ്. അമിതമായ ലഹരി ഉപയോഗം കാലക്രമേണ ഓർമ, ചിന്ത, സ്വബോധം എന്നിവ നഷ്ടമാക്കുന്നു. വൈകാതെ കുട്ടി കടുത്ത ആകാംക്ഷ, ഭയം, സംശയം, ശ്രദ്ധയില്ലായ്മ, നിരുത്സാഹം എന്നിവയ്ക്കു അടിമപ്പെടുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മോഷണവും കൊലപാതകവും ബലാത്സംഗവുമെല്ലാം ഇവർ നടത്തുന്നത് ഇവരുടെ വികാരങ്ങൾ മരവിച്ചതിനാലാണത്രെ. ഇതിന് പുറമെയാണ് അശ്ലീല പുസ്തകങ്ങളും നീല സിഡികളും കുട്ടികൾ കണ്ട് അനുകരിക്കാൻ ശ്രമിക്കുന്നത്. ലഹരിക്കടിമപ്പെടുമ്പോൾ ഏത് കുറ്റകൃത്യം ചെയ്യാനും ഇവർ മടിക്കുന്നില്ല; മോഷണം മുതൽ കൊലപാതകം വരെ. മരവിച്ച മനോഭാവമുള്ള ഇവരെ ചികിത്സിച്ചാലും ഭേദപ്പെടാൻ വിഷമമാണത്രെ. മറ്റാരെങ്കിലും ഇത് ഉപയോഗിക്കുന്നത് കണ്ടാൽ ഇവർ രണ്ടാമതും തുടങ്ങുന്നു. വിദ്യാഭ്യാസം മുടങ്ങി സാമ്പത്തികപ്രശ്നങ്ങൾ സൃഷ്ടിച്ച് ആരോഗ്യം നഷ്ടപ്പെട്ട് ഒരു തലമുറ കേരളത്തിൽ രൂപപ്പെടുന്നുവെന്ന സത്യം സമൂഹം എന്തുകൊണ്ട് തിരിച്ചറിയുന്നില്ല?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.