- Trending Now:
2019 ഡിസംബര്‍ മാസത്തില്‍ ലോകത്ത് പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് 2020 ജനുവരി ആയപ്പോള്‍ ടൂറിസം മേഖലയെ പ്രത്യക്ഷമായി ബാധിക്കാന്‍ തുടങ്ങി. ജനുവരി അവസാനത്തോടെ ഇന്ത്യയില്‍ എത്തിയ വൈറസിനാല്‍ ഫെബ്രുവരി ആയപ്പോള്‍ എല്ലാവിധ അന്താരാഷ്ട്ര യാത്രകളെയും അത് ബാധിക്കാന്‍ തുടങ്ങി. അങ്ങനെ മാര്‍ച്ച് മാസത്തില്‍ ലോകത്തിന്റെ ഭൂരിഭാഗവും ലോക്ക്ഡൗണില്‍ ആയപ്പോള്‍ അത് ടൂറിസത്തെയും അതുമായി ബന്ധപെട്ടു കിടക്കുന്ന എല്ലാവരെയും ബാധിച്ചു. അതിന് ശേഷമുള്ള കാലമെന്നത് ടൂറിസത്തിന്റെ ഒരു ഇരുണ്ട കാലമായിരുന്നു.
പിന്നീട് 2020 അവസാനത്തോടെ കോവിഡിന് നേരിയ ശമനമുണ്ടായപ്പോള്‍ വീണ്ടും ടൂറിസം കയറി വരുമെന്ന പ്രതീക്ഷ നല്‍കി ചെറിയ ഒരു ചലനമുണ്ടായി വന്നപ്പോഴാണ് രണ്ടാം തരംഗത്തിന്റെ വരവ്. വീണ്ടും അടച്ചുപ്പൂട്ടേണ്ട അവസ്ഥയിലേക്ക് പോയപ്പോള്‍ ടൂറിസം മേഖലയില്‍ ഉണ്ടായിരുന്ന ഭൂരിപക്ഷത്തിന്റെയും പ്രതീക്ഷകള്‍ നഷ്ടപ്പെടുകയും പല അന്താരഷ്ട്ര-ആഭ്യന്തര സംഘടനകളും ടൂറിസം മേഖലയ്ക്ക് ഇനി തിരിച്ചു വരവ് ഉണ്ടാകാന്‍ 2024 വരെ എങ്കിലും സമയം വേണമെന്ന് കണക്കുകള്‍ നിരത്തി. പല വന്‍കിട ഇടത്തരം ഹോട്ടലുകള്‍ അത് വരെ നിലനിര്‍ത്തിയിരുന്ന അവരുടെ ജീവനക്കാരില്‍ ഭൂരിപക്ഷം പേരെയും ഈ കണക്കുകളുടെ വിലയിരുത്തലില്‍ പിരിച്ചു വിടുകയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. അങ്ങനെ ഈ മേഖലയില്‍ നിലനിന്നിരുന്ന പലരും മറ്റ് മേഖലകളിലേക്ക് ജോലി തേടി പോകുന്ന ഒരു സാഹചര്യവുമുണ്ടായി.
അങ്ങനെ നിലനില്‍പ്പിന്റെ ഭാഗമായി ചില ട്രാവല്‍ ഏജന്‍സികള്‍ അവതരിപ്പിച്ച ഒരു പുതിയ ആശയമാണ് 'ക്വാറന്റൈന്‍ പാക്കേജ്'. പ്രവാസികള്‍ ജോലി ചെയ്തിരുന്ന സൗദി അറേബ്യ, കുവൈറ്റ്, ദുബായ് പോലുള്ള രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അവിടേക്ക് വരണമെങ്കില്‍ മറ്റ് രാജ്യത്ത് പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിയമം കൊണ്ടുവന്നു. അതൊരു അവസരമായി കണ്ട് പല ട്രാവല്‍ ഏജന്‍സികളും സാവന്ന ഹോളിഡേയ്സ് അടക്കം ബഹ്റൈന്‍, നേപ്പാള്‍, ശ്രീലങ്ക, അര്‍മേനിയ, യുക്രൈന്‍, റഷ്യ, ഉസ്ബക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലെ ഏജന്റുമാരുമായി ഒരു ധാരണയിലെത്തുകയും ഇവിടുന്ന് ആളുകളെ ആ രാജ്യത്തേക്ക് പറഞ്ഞു വിടുകയും ആ രാജ്യത്തിന്റെ നിയമമനുസരിച്ച് പല സ്ഥലങ്ങളില്‍ അവര്‍ 14 ദിവസം താമസിക്കുകയും പിന്നീട് സൗദി അറേബ്യ, കുവൈറ്റ്, ദുബായ് പോലുള്ള രാജ്യങ്ങളിലേക്ക് അവരെ പറഞ്ഞയയ്ക്കുന്ന രീതിയാണ് ചെയ്‌തോണ്ടിരുന്നത്. ഇത് പ്രവാസികള്‍ക്ക് വളരെയധികം സഹായകമായിരുന്നു. പലരുടെയും ജോലി നഷ്ടപെടാതെ അതാത് രാജ്യങ്ങളിലേക്ക് തിരികെയെത്താന്‍ അവര്‍ക്ക് സാധിച്ചു.
വാക്‌സിന്‍ കണ്ടുപിടിച്ച് അവതരിപ്പിച്ചപ്പോള്‍ അത് ഏതൊരു മേഖലയെക്കാളും ടൂറിസം മേഖലയ്ക്കാണ് ഏറ്റവും ഗുണം ചെയ്യുന്നത്. വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തരാഷ്ട്ര യാത്രകള്‍ സാധ്യമാവുകയും അത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാവുകയും ചെയ്തു. അത് വഴി അന്താരഷ്ട്ര ടൂറിസം മെച്ചപ്പെട്ടു തുടങ്ങി. പ്രവാസികളെ കഴിഞ്ഞും വാക്‌സിന്‍ ഡ്രൈവ് നിലവില്‍ ഏറ്റവും ഗുണം ചെയ്യുന്നത് ആഭ്യന്തര ടൂറിസത്തിനാണ്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആഭ്യന്തര യാത്രയ്ക്ക് ബുദ്ധിമുട്ടില്ല. കര്‍ണാടക പോലുള്ള ചില സംസ്ഥാനങ്ങളുടെ നടപടികള്‍ കടുത്തതാണെങ്കിലും അത് ഉടന്‍ ലഘൂകരിക്കപെടുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്, കേരളത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടാതെ സഞ്ചരിക്കാമെന്നത് ആഭ്യന്തര ടൂറിസത്തിന് ഉണര്‍വേകുന്നു. ഇപ്പോള്‍ വീക്കെന്‍ഡില്‍ മൂന്നാര്‍, വാഗമണ്‍, വയനാട്, തേക്കടി, എന്നിവിടങ്ങളിലെ ഭൂരിഭാഗം റിസോര്‍ട്ടുകളും ഇപ്പോള്‍ ഫുള്‍ ആണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ റൂമുകള്‍ കിട്ടാത്ത അവസ്ഥയാണ്. ഇവിടങ്ങില്‍ ഇപ്പോള്‍ പിരിച്ചു വിട്ട തൊഴിലാളികളെ തിരികെ വിളിക്കുകയും കൂടാതെ പുതിയതായി ആളുകളെ എടുക്കുന്ന അവസ്ഥയിലുമാണ്.
നിലവിലെ സര്‍ക്കാരും ടൂറിസം മന്ത്രിയും പല നൂതന ആശയവും ടൂറിസം മെച്ചപ്പെടുത്താന്‍ അവതരിപ്പിക്കുന്നു എന്നത് കേരളത്തിന്റെ ആഭ്യന്തര ടൂറിസത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. നിലവിലെ ഈ പുരോഗതി വിലയിരുത്തുമ്പോള്‍ ഉടനെ തന്നെ, അതായത് ഒരു വര്‍ഷത്തിനുള്ളില്‍ ടൂറിസം പഴയ രീതിയെക്കഴിഞ്ഞും മെച്ചപ്പെടും. വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയ 2024 എന്നുള്ള കണക്കിന് പകരം 2022ല്‍ തന്നെ ടൂറിസം നല്ല നിലയിലേക്ക് തിരിച്ചു വരവ് നടത്തും. അതിന് ഒരു ഉദാഹരണമെന്നത് കോര്‍ഡിലിയ ക്രൂയിസ്. പഴയ റോയല്‍ കരീബിയന്‍ ക്രൂയിസിനെ ഇന്ത്യന്‍ കമ്പനിയായ കോര്‍ഡിലിയ ക്രൂയിസ് ഏറ്റെടുക്കയും അത് ഇന്ത്യന്‍ ടൂറിസത്തിന് കരുത്തേകി. മുബൈ,ഗോവ,കൊച്ചി കണക്ട് ചെയ്യുന്ന അവരുടെ ക്രൂയിസ് റൂട്ട് ഈ അവസരത്തില്‍ ടൂറിസത്തിന് നല്ല ഉത്തേജനം നല്‍കി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ എണ്ണൂറിലധികം ടൂറിസ്റ്റുകളാണ് ആ കപ്പലില്‍ വന്നിറങ്ങിയത്. അവര്‍ ഉടനെ ലക്ഷദ്വീപിലേക്കും യാത്രകള്‍ ആരംഭിക്കും.
ടൂറിസം വരും മാസങ്ങളില്‍ പഴയ രീതിയെക്കഴിഞ്ഞും മുന്നോട്ട് കയറി വരും. ഈ ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കേരളത്തിലേക്ക് വര്‍ധിക്കുമെന്നാണ് അവിടുത്തെയും ഇവിടുത്തെയും ഏജന്റുമാരുടെ കണക്ക് കൂട്ടല്‍. ഇപ്പോള്‍ തന്നെ പല ഹോട്ടലുകളും ദീപാവലി, പൂജ അവധി ദിനങ്ങളില്‍ ബുക്കിംഗ് ക്ലോസ് ചെയ്തു. ഇതൊക്കെ ടൂറിസത്തിന്റെ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. ഈയൊരു രീതിയില്‍ പോവുകയാണെങ്കില്‍ കേരളത്തിന് മികച്ച ഒരു ഭാവി തന്നെ മുന്നോട്ട് പ്രതീക്ഷിക്കാം.
മോബിന്‍ എസ് എസ് (സാവന ഹോളിഡേയ്സ് സിഇഒ, ടൂറിസം മേഖലയില്‍ 12 വര്‍ഷത്തെ അനുഭവ സമ്പത്ത്, മുന്‍ അദ്ധ്യാപകന്‍- മാര്‍ ഇവാനിയോസ് കോളേജ്, ഇമ്മാനുവേല്‍ കോളേജ്, വാഴിച്ചല്‍ )
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.