Sections

കേരളത്തെ വെൽനെസ് ടൂറിസം കേന്ദ്രമാക്കും-മുഖ്യമന്ത്രി

Friday, Sep 27, 2024
Reported By Admin
Kerala Chief Minister Pinarayi Vijayan inaugurating Kerala Travel Mart 2024 with a vision to make Ke

കെടിഎം 2024 ന് തുടക്കമായി


ടൂറിസം വ്യവസായത്തിൽ നൂതനത്വത്തിലൂന്നിയ സംരംഭങ്ങൾ വരണം ടൂറിസം സംരംഭങ്ങൾക്കായി ഇൻകുബേഷൻ സെൻറർ തുടങ്ങും

കൊച്ചി: കേരളത്തെ സൗഖ്യ ടൂറിസം (വെൽനെസ്സ് ടൂറിസം) ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ട്രാവൽ മാർട്ടിൻറെ പന്ത്രണ്ടാമത് ലക്കം കൊച്ചി ലെ മെറഡിയനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങൾക്കായി ടൂറിസം ഇൻകുബേഷൻ ആൻഡ് ഇനോവേഷൻ സെൻറർ തുടങ്ങുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിക്ഷേപകർ, ടൂറിസം വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, എന്നിവരുടെ സേവനം ഇൻകുബേഷൻ കേന്ദ്രത്തിലുണ്ടാകും. സംരംഭക അഭിരുചിയുള്ള യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ഇതിൻറെ സാധ്യത പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

വെൽനെസ്സ് ടൂറിസത്തിന് കേരളത്തിലാണ് എല്ലാ സാധ്യതകളുമുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം വ്യവസായവുമായി ചേർന്നു കൊണ്ട് ഇതിന് സംയുക്തപദ്ധതി ആവിഷ്കരിക്കും. പരിചരണ സമ്പദ് വ്യവസ്ഥയെന്ന ആശയമാണ് കേരളം മുന്നോട്ട് വയ്ക്കുന്നത്. വിശ്രമജീവിതം, പരിചരണ സൗകര്യങ്ങൾ എന്നിവയുടെ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ വ്യവസായ സൗഹൃദ രംഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. നിക്ഷേപങ്ങളെ ആകർഷിക്കാൻ ടൂറിസം മേഖലയ്ക്കും സാധിക്കും. കേരളത്തിൻറെ സമാധാനപരമായ അന്തരീക്ഷം, ലോകോത്തര ആരോഗ്യ സംവിധാനം, മതനിരപേക്ഷത എന്നിവ ടൂറിസം മേഖലയിലൂടെ വിദേശ രാജ്യത്തെത്തിക്കാൻ കഴിയും. അതു വഴി കേരളത്തിലേക്ക് കൂടുതൽ നിക്ഷേപമെത്തും.

ഇതിനു പുറമെ ടൂറിസം മേഖലയിൽ നിക്ഷേപം ആകർഷിക്കണം. നൂതനത്വത്തിലൂന്നിയ പുതിയ സംരംഭങ്ങൾ ടൂറിസം മേഖലയിൽ വരണം. കാലാവസ്ഥാ വ്യതിയാനം മനസിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനം ടൂറിസം മേഖല നടത്തണം. കാർബൺ ഫുട്പ്രിൻറ് കുറയ്ക്കുന്ന നടപടികൾ കൈക്കൊണ്ട് സുസ്ഥിര വികസനമാണ് ഈ മേഖല നേടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ടൂറിസത്തിൻറെ പുതിയ പ്രചാര പരിപാടികൾ ടൂറിസ്റ്റുകളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് സുരക്ഷിതമല്ലെന്ന പ്രചാരണം സത്യവിരുദ്ധമാണ്. വയനാട് ദുരന്തം മേപ്പാടിയിലും സമീപപ്രദേശങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഈ സമയത്ത് സുരക്ഷിതമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൻറെ പ്രകൃതി ഭംഗിയുടെ ആതിഥേയ മര്യാദയും ലോക ടൂറിസത്തിനു മുമ്പിൽ കെടിഎം കാണിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രാവൽ മാർട്ടുകളിലൊന്നാണ് കെടിഎം. ഇക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ ബയർ രജിസ്ട്രേഷനാണ് (2,839) കെടിഎമ്മിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേരള ടൂറിസം മിഷൻ 2030 വഴി സംസ്ഥാനത്തിൻറെ ജിഡിപിയിൽ ടൂറിസത്തിൻറെ വിഹിതം നിലവിലുള്ള 12 ൽ നിന്ന് 20 ശതമാനമാക്കും. ഹെലി ടൂറിസം, ക്രൂസ് ടൂറിസം, തുടങ്ങിയവ ഈ മേഖലയിൽ പുതിയ അധ്യായങ്ങൾ കുറിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തം ഉത്തരവാദിത്ത ടൂറിസത്തിൻറെ പ്രധാന്യത്തെയാണ് കാണിക്കുന്നത്. കേരളം ലോകടൂറിസം രംഗത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി. പ്രാദേശികജനതയെക്കൂടി ടൂറിസം വികസനത്തിൻറെ ഗുണഭോക്താക്കാളാക്കാനുള്ള ഈ പദ്ധതി ലോകമെങ്ങും അംഗീകാരം നേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഎൻ ഡബ്ല്യൂടിഒയുടെ കണക്കു പ്രകാരം കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് കരകയറിയതിൽ കേരളം 87.83 ശതമാനം കൈവരിച്ചുവെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ടൂറിസം ഉത്പന്നങ്ങളിൽ കേരളം നടത്തിയ വൈവിദ്ധ്യമാണ് ഇതിനു പിന്നിൽ. എംഐസിഇ (മീറ്റിംഗ്സ്, ഇൻസൻറീവ്സ്, കോൺഫറൻസ്, എക്സിബിഷൻസ്) ഈ ദിശയിലേക്ക് കേരളത്തിൻറെ പുതിയ ചുവടുവയ്പാണ്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, കാരവാൻ ടൂറിസം, സാഹസിക ടൂറിസം, ഹെലി-ക്രൂസ്-സിനി-ടൂറിസം, ഗ്യാസ്ട്രോണമി ടൂറിസം, ഗ്രാമാന്തരീക്ഷ അനുഭവങ്ങൾ, ആയുർവേദ-വെൽനെസ് ടൂറിസം എന്നിങ്ങനെ കേരളത്തിന് നൽകാൻ ഏറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം കേരള ടൂറിസത്തിൻറെ മുഖമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തിൻറെ ജിഡിപിയിൽ ടൂറിസത്തിൻറെ സംഭാവന 30 ശതമാനമാക്കാനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റ് നടത്തിയത് ഈ ദിശയിലേക്കുള്ള പ്രവർത്തനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിൻറെ ഏറ്റവും മുൻഗണനയുള്ള മേഖലയാണ് ടൂറിസമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 മുറികളാണ് ടൂറിസം മേഖലയിൽ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ഇതിന് സംസ്ഥാന സർക്കാരിൻറെ ധനസഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസത്തിന് നൽകിയ സംഭാവകളുടെ അംഗീകാരമായി മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.

സെല്ലേഴ്സ് ഡയറക്ടറിയുടെ പ്രകാശനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. കേരള ടൂറിസത്തെക്കുറിച്ച് വകുപ്പ് സെക്രട്ടറി കെ ബിജു അവതരണം നടത്തി. എംഎൽഎമാരായ കെ ബാബു, കെ ജെ മാക്സി, ടി ജെ വിനോദ്, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ കെടിഡിസി ചെയർമാൻ പി കെ ശശി, കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, തുടങ്ങിയവർ സംസാരിച്ചു. കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ് സ്വാഗതവും സെക്രട്ടറി എസ് സ്വാമിനാഥൻ നന്ദിയും പ്രകാശിപ്പിച്ചു.

കെടിഎം സൊസൈറ്റി മുൻ പ്രസിഡൻറുമാരായ ജോസ് ഡോമനിക്, ഇ എം നജീബ്, റിയാസ് അഹമ്മദ്, ഏബ്രഹാം ജോർജ്ജ്, ബേബി മാത്യു, സെക്രട്ടറിമാരായ ജെയിംസ് കൊടിയന്തറ, സഞ്ജയ് ശർമ്മ, സജീവ് കുറുപ്പ്, അനീഷ് കുമാർ, ജോസ് മാത്യൂ, ജോസ് പ്രദീപ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ചരിത്രത്തിലാദ്യമായാണ് 2,839 ബയർമാർ മാർട്ടിനെത്തുന്നത്. 2018 ലാണ് ഇതിനു മുമ്പ് ഏറ്റവുമധികം(1,305) ബയർമാരെത്തിയത്. ഇക്കുറി ആഭ്യന്തര ബയർമാർ 2,035 ഉം 76 രാജ്യങ്ങളിൽ നിന്നായി 804 വിദേശബയർമാരുമുണ്ട്.

വെല്ലിംഗ്ടൺ ഐലൻറിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിൽ 27, 28, 29 തിയതികളിലായാണ് മൂന്ന് ദിവസത്തെ മാർട്ട് നടക്കുന്നത്. വാണിജ്യ കൂടിക്കാഴ്ചകൾ, നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. ഞായറാഴ്ച പൊതുജനങ്ങൾക്ക് സൗജന്യമായി മാർട്ട് സന്ദർശിക്കാം. ആദ്യ രണ്ട് ദിവസവും പ്രവേശനം പാസു മൂലം നിയന്ത്രിതമായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.