Sections

വയനാട്ടിലെ ടൂറിസം മേഖലയുടെ പുനരുജ്ജീവനം; സെപ്തംബറിൽ പ്രത്യേക മാസ് ക്യാമ്പയിൻ

Tuesday, Aug 27, 2024
Reported By Admin
Kerala Tourism Minister P.A. Mohamed Riyas addressing the tourism stakeholders meeting in response t

  • മൂന്ന് ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ചേർന്നു

കോഴിക്കോട്: വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തെ തുടർന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ സാന്നിദ്ധ്യത്തിൽ ചേർന്നു. വിവിധ ടൂറിസം സംരംഭകർ, ടൂറിസം സംഘടനകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി സെപ്തംബർ മാസത്തിൽ പ്രത്യേക മാസ് ക്യാമ്പയിൻ ആരംഭിക്കും. വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തി ചേരുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റിംഗ് പ്രചാരണവും നടത്തും.

2021ൽ ഈ രീതിയിലുള്ള പ്രചാരണം നടത്തിയതിൻറെ ഫലമായി ബംഗളുരുവിൻറെ വാരാന്ത ടൂറിസം കേന്ദ്രമായി വയനാട് മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുവരെ കാണാത്ത രീതിയിലുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഉണ്ടായ സമയത്താണ് ദുരന്തം സംഭവിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ടൂറിസം മേഖലയെ എല്ലാതരത്തിലും ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പ് അഡി. ഡയറക്ടർ വിഷ്ണുരാജ് പി, ജോയിൻറ് ഡയറക്ടർ ഗിരീഷ് കുമാർ ഡി, സത്യജിത്ത് എസ്, ഡെ. ഡയറക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Wayanad Tourism Meeting
വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തെ തുടർന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ സാന്നിദ്ധ്യത്തിൽ ചേർന്ന വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം.

വയനാട് ജില്ലയിലെ 10 ടൂറിസം സംഘടനകളിൽ നിന്നും വയനാട് ടൂറിസം ഓർഗനൈസേഷൻ, ഹാറ്റ്സ് (ഹോംസ്റ്റേ കേരള), ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ, വയനാട് എക്കോ ടൂറിസം അസോസിയേഷൻ, വയനാട് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ, വയനാട് ടൂറിസം അസോസിയേഷൻ, ഓൾ കേരള ടൂറിസം അസോസിയേഷൻ, നോർത്ത് വയനാട് ടൂറിസം അസോസിയേഷൻ, കാരാപ്പുഴ അഡ്വഞ്ചർ ടൂറിസം അസോസിയേഷൻ, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിൽ എട്ട് ടൂറിസം സംഘടനകളിൽ നിന്നുമായി, ഹാറ്റ്സ് (ഹോംസ്റ്റേ കേരള), മലബാർ ടൂറിസം അസോസിയേഷൻ, മലബാർ ടൂറിസം കൗൺസിൽ, ഡെസ്റ്റിനേഷൻ കോഴിക്കോട്, ഫാം ടൂറിസം, കെടിഎം, ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ, സർഗ്ഗാലയ എന്നിവർ പങ്കെടുത്തു.

കണ്ണൂർ ജില്ലയിൽ നിന്നും മലബാർ ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ, ഡിസ്ട്രിക്ട് ടൂറിസം ഗൈഡ്സ് അസോസിയേഷൻ എന്നിവരാണ് പങ്കെടുത്തത്. യോഗത്തിൽ വിവിധ സംഘടനകളിൽ നിന്നുമായി ആകെ 33 പേർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.