Sections

എല്ലാ ജില്ലകളിലും അഗ്രി ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും : കൃഷിമന്ത്രി

Tuesday, Apr 22, 2025
Reported By Admin
VFPCK Agri Hypermarkets to Launch Across Kerala

തളിർ അഗ്രി ഹൈപ്പർ മാർക്കറ്റ്, ടിഷ്യു കൾച്ചർ ലാബ്, മൈത്രി ട്രെയിനിങ് ആൻഡ് ഇൻഫർമേഷൻ സെന്റർ എന്നിവ ഉദ്ഘാടനം ചെയ്തു


കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വി.എഫ്.പി.സി.കെ യുടെ ആഭിമുഖ്യത്തിൽ അഗ്രോ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. നിയോജകമണ്ഡലം, ബ്ലോക്ക് അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ജനപ്രതികളുടെയും സഹകരണത്തോടെ ഇത്തരം പദ്ധതികൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ ( വി.എഫ്.പി സി) നേതൃത്വത്തിൽ കാക്കനാട് നിർമ്മാണം പൂർത്തിയായ തളിർ അഗ്രി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പ്രതിവർഷം 10 ലക്ഷം ടിഷ്യൂകൾച്ചർ വാഴതൈകൾ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ടിഷ്യൂകൾച്ചർ ലാബിന്റെയും, കർഷകർക്ക് പരിശീലനം നൽകുന്നതിനായി നിർമ്മിച്ച മൈത്രി ട്രെയിനിങ് ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നുവെങ്കിൽ വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. വിഷരഹിതമായി ഉത്പാദിപ്പിക്കുന്ന ഇനങ്ങൾ മെച്ചപ്പെട്ട വിലയ്ക്ക് ലഭ്യമാക്കുന്നതിനും വിപണനം നടത്താൻ പറ്റുന്ന തരത്തിൽ ഒരു ബ്രാൻഡഡ് ഔട്ട്ലെറ്റ് ഉണ്ടാവണം. ഈ ആശയത്തിൽ നിന്നാണ് സംസ്ഥാന സർക്കാരിന്റെയും ആർ.കെ.ഐയുടെയും നേതൃത്വത്തിൽ പഴം പച്ചക്കറി ബ്രാൻഡഡ് ഔട്ട്ലെറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്.

പൊക്കാളിക്കൃഷിക്ക് വളരെയേറെ പ്രാധാന്യമുള്ള പ്രദേശമാണ് എറണാകുളം. പൊക്കാളിക്കൃഷി

സംരക്ഷിക്കുവാൻ ആവശ്യമായ എല്ലാ ഇടപെടലും സർക്കാർ നടത്തും. 10 കോടി രൂപയുടെ ഒരു വലിയ പദ്ധതി പൊക്കാളിക്കൃഷിക്കായി തയ്യാർ ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു.

ആർസിസി യിലെ ഡോക്ടർമാരടങ്ങുന്ന ഒരു സംഘത്തെ അടുത്തമാസം ഹിമാചൽ പ്രദേശിലെ സോളിലേക്ക് കൂൺ കൃഷിയിൽ പരിശീലനം നേടുന്നതിനും, ക്യാൻസർ രോഗത്തെ പ്രതിരോധിക്കാൻ.

കൂണിനുള്ള കഴിവിനെക്കുറിച്ച് പഠിക്കുന്നതിനുമായി അയക്കുന്നുണ്ട്. വൈവിധ്യമാർന്ന കൂൺ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നമ്മുടെ പ്രദേശത്ത് തന്നെ വിപണനം നടത്താൻ സാധിക്കണം. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് ഉല്പാദിപ്പിക്കാൻ കഴിയുന്ന സ്മാർട്ട് കൃഷിരീതിയാണ് ഇന്നത്തെ കാലത്തിനാവശ്യം ഇത്തരത്തിലുള്ള കൃഷിരീതിയിൽ വിളകൾ വിഷരഹിതമായി ഉല്പാദിപ്പിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ/ ആർ.കെ.ഐ പദ്ധതി സഹായത്തോടെ 2 കോടി 23 ലക്ഷം രൂപ ചിലവഴിച്ചാണ് പഴം-പച്ചക്കറി ബ്രാൻഡഡ് ഔട്ട്ലറ്റ് നിർമ്മാണം പൂർത്തീകരിച്ചത്. കർഷകരിൽ നിന്നും സംഭരിക്കുന്ന നാടൻ പഴം-പച്ചക്കറികൾ. ജൈവ ഉൽപാദനോപാധികൾ, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, ജൈവ ഉൽപ്പന്നങ്ങൾ. അലങ്കാരച്ചെടികൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ച് വിൽപ്പന നടത്തും. പൊതുജനങ്ങൾക്ക് ആരോഗ്യകരമായ നാടൻ പഴം-പച്ചക്കറി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും കർഷകർക്കും മറ്റുള്ളവർക്കും ഗുണമേൻമയുള്ള നടീൽ വസ്തുക്കൾ/ഉൽപാദനോപാധികൾ എന്നിവ ലഭ്യമാക്കുന്നത് വഴി കൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഔട്ട്ലെറ്റ് ഒരുക്കിയിരിക്കുന്നത്.

Inauguration of VFPCK Agri Hypermarket in Kakkanad, Kerala

കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവ് ഒരുപരിധി വരെ പരിഹരിക്കുന്നതിനാണ് പ്രതിവർഷം 10 ലക്ഷം ടിഷ്യൂകൾച്ചർ തൈകൾ ഉൽപാദിപ്പിക്കാവുന്ന ടിഷ്യൂകൾച്ചർ ലാബ് പൂർത്തീകരിച്ചത്. ആർ.കെ.വി.വൈ പദ്ധതി സഹായത്തോടെ 2.5 കോടി ചിലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. നേന്ത്രൻ, ഗ്രാണ്ട്നൈൻ, ഞാലിപൂവൻ എന്നിവയുടെ ടിഷ്യു കൾച്ചർ തൈകൾ ലഭ്യമാകും. ഇതിനുപുറമേ പൈനാപ്പിൾ, അലങ്കാര ചെടികൾ എന്നിവയുടെ ടിഷ്യൂകൾച്ചർ തൈകളും ലഭിക്കും.

ആർ.കെ.വി.വൈ പദ്ധതി സഹായത്തോടെ രണ്ടു കോടി ചിലവിലാണ് മൈത്രി ഓർഗാനിക്ക് പരിശീലന കേന്ദ്രം പൂർത്തീകരിച്ചത്.മൂന്ന് പരിശീലന ഹാളുകളും, ഡൈനിംഗ് ഹാൾ മുതലായ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ 50 പേർക്ക് പരിശീലനം നൽകുന്നതിനും (ലാപ്പ്ടോപ് അടക്കം), ഒന്നാം നിലയിലെ രണ്ട് പരിശീലന ഹാളുകളിൽ 200 പേർക്ക് പരിശീലനം നൽകുന്നതിനും സൗകര്യമുണ്ട്. പ്രതി വർഷം 100 പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിന് പരിശീലനകേന്ദ്രം സജ്ജമാണ്.

തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി.കർഷകരായ ആർ ശിവദാസൻ, എസ് അനിൽകുമാർ, ആർ പത്മനാഭൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

വിഎഫ്പിസികെ സിഇഒ വി ശിവരാമകൃഷ്ണൻ, വിഎഫ്പിസികെ ഡയറക്ടർമാരായ കെ ഷാജികുമാർ, കെ ഷംസുദ്ദീൻ, വിഎഫ്പിസികെ ട്രസ്റ്റ് ബോർഡ് മെമ്പർമാരായ വി.എച്ച്. കുമാർ, കെ. കെ.രാജേന്ദ്രകുമാർ, വിഎഫ്പിസികെ അഡ്മിൻ ആന്റ് ഫിനാൻസ് ഡയറക്ടർ.

ടി ആർ തുളസി, ജില്ലാ കൃഷി ഓഫീസർ ഷേർളി സഖറിയാസ്, വിഎഫ്പിസികെ പ്രോജക്ട് 1 ഡയറക്ടർ പോൾ ബെൻ എബ്രഹാം, വാർഡ് കൗൺസിലർ ഹസീന ഉമ്മർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.