Sections

കെടിഎം 2024 പ്രാമുഖ്യം ഉത്തരവാദിത്ത-മൈസ് ടൂറിസത്തിന് - കൊച്ചിയിൽ സെപ്തംബർ 26-29 വരെ

Saturday, Sep 21, 2024
Reported By Admin
Kerala Travel Mart 2024 event, focusing on reviving tourism after Wayanad disaster.

കെടിഎം സൊസൈറ്റി 25-ാം വർഷത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും


കൊച്ചി: വയനാട് ദുരന്തത്തിന് ശേഷം സംസ്ഥാനത്തെ ടൂറിസം മേഖലയുടെ പ്രാമുഖ്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുമായി കേരള ട്രാവൽ മാർട്ടിൻറെ (കെടിഎം-2024) പന്ത്രണ്ടാം പതിപ്പിന് തുടക്കമാകും. കെടിഎമ്മിൻറെ 24 വർഷത്തെ ചരിത്രത്തിൽ പങ്കാളികളിൽ നിന്നുള്ള ഏറ്റവും ഊഷ്മളമായ പ്രതികരണമാണ് ഇത്തവണ ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഉത്തരവാദിത്ത ടൂറിസം, ആഗോള സമ്മേളനങ്ങൾക്ക് ആതിഥ്യമരുളുന്ന മൈസ് (എംഐസിഇ-മീറ്റിംഗ്സ് ഇൻസെൻറീവ്സ്, കോൺഫറൻസസ് ആൻഡ് എക്സിബിഷൻസ്) ടൂറിസം, വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ, ക്രൂയിസ് ടൂറിസം എന്നിവ കേന്ദ്രമാക്കിയാണ് ഇത്തവണത്തെ കെടിഎമ്മിന് കൊടിയുയരുക. സിൽവർ ജൂബിലി വർഷത്തിലേക്ക് കടക്കുന്ന കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ നാലു ദിവസത്തെ ട്രാവ മാർട്ട് കേരളത്തിൻറെ ടൂറിസം മേഖലയുടെ ശക്തി വിളിച്ചോതുന്നതാകും.

രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൻറെ ഉദ്ഘാടനം സെപ്റ്റംബർ 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയായിരിക്കും.

സെപ്തംബർ 26 ലെ ഉദ്ഘാടനത്തിന് ശേഷം 27 മുത 29 വരെ വെല്ലിംഗ്ടൺ ഐലൻറിലെ സാഗര സാമുദ്രിക കൺവെൻഷൻ സെൻററിലാണ് കേരള ട്രാവൽ മാർട്ട് നടക്കുന്നത്. കെടിഎം 2024 ലെ ബിസിനസ് സെഷനുകൾ സെപ്റ്റംബർ 27, 28, 29 തീയതികളിൽ നടക്കും.

ചരിത്രത്തിലാദ്യമായി കെടിഎമ്മിലെ ബയർ രജിസ്ട്രേഷൻ സർവകാല റെക്കോർഡുമായി 2800 കടന്നു. 2018 ലെ കെടിഎമ്മിലാണ് ഇതിനു മുമ്പ് ഏറ്റവുമധികം ബയർ രജിസ്ട്രേഷൻ രേഖപ്പെടുത്തിയിരുന്നത്. അന്ന് വിദേശ-ആഭ്യന്തര ബയർമാർ 1305 ആയിരുന്നു. ഇക്കുറി ആഭ്യന്തര ബയർ രജിസ്ട്രേഷൻ മാത്രം 2035 ലധികമുണ്ട്.

2018ലെയും 2019-ലെയും തുടർച്ചയായ വെള്ളപ്പൊക്കങ്ങളും തുടർന്ന് ഒരു വർഷത്തിനുശേഷമുണ്ടായ കൊവിഡ് പകർച്ചവ്യാധിയും ഏഴാഴ്ച മുമ്പ് വയനാട് വൈത്തിരി താലൂക്കി ഉണ്ടായ ഉരുൾപൊട്ടലും കേരളത്തിൻറെ ടൂറിസം മേഖലയ്ക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ടെന്ന് കെടിഎം പ്രസിഡൻറ് ജോസ് പ്രദീപ് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും മൈസ് (മീറ്റിംഗുകൾ, വ്യവസായങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ) ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥൻ പറഞ്ഞു.

76 രാജ്യങ്ങളിൽ നിന്നായി ഇതു വരെ 808 വിദേശ ബയർമാരാണ് കെടിഎം 2024 നായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. യുകെ(67), യുഎസ്എ(55), ഗൾഫ്(60), യൂറോപ്പ്(245), റഷ്യ(34), എന്നിവിടങ്ങളിൽ നിന്നുള്ള ഉജ്ജ്വല പ്രതികരണത്തിന് പുറമേ ആഫ്രിക്കൻ രാജ്യങ്ങളിൽ (41) നിന്ന് അഭൂതപൂർവമായ രജിസ്ട്രേഷനാണ് വരുന്നത്.

മഹാരാഷ്ട്ര (578), ഡൽഹി (340), ഗുജറാത്ത് (263) എന്നിവിടങ്ങളിൽ നിന്നാണ് ആഭ്യന്തര ബയർമാർ ഏറ്റവുമധികം രജിസ്റ്റർ ചെയ്തിട്ടുള്ളത്. എട്ട് വിഭാഗങ്ങളിലായി 347 സ്റ്റാളുകളാണ് ഇത്തവണ ക്രമീകരിക്കുക. കൂടാതെ ഇന്ത്യാ ടൂറിസം, കർണാടക ടൂറിസം തുടങ്ങിയ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. സംസ്ഥാന വിനോദസഞ്ചാരവകുപ്പിൻറെ പൂർണ സഹകരണം ഉറപ്പ് വരുത്തിയിട്ടുണ്ട്.

ബിടുബി കൂടിക്കാഴ്ചകളും മാർട്ടിൻറെ നടത്തിപ്പും സുഗമമാക്കിയിരുന്ന സോഫ്റ്റ്വെയർ പരിഷ്കരിച്ചിട്ടുണ്ട്. കെടിഎമ്മുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന കെടിഎം മൊബൈൽ ആപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് പുറത്തിറക്കിയിരുന്നു. ബയർ-സെല്ലർ കൂടിക്കാഴ്ചകൾ ക്രമീകരിക്കുന്നതും നിയന്ത്രിക്കുന്നതും ഈ ആപ്പ് വഴിയാകും. ഹരിതമാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ഉറപ്പ് വരുത്തും.

കെടിഎം മുൻ പ്രസിഡൻറ് ബേബി മാത്യു, മുൻ പ്രസിഡൻറ് എബ്രഹാം ജോർജ്, ജോയിൻറ് സെക്രട്ടറി ജോബിൻ ജോസഫ്, വൈസ് പ്രസിഡൻറ് ഹരികുമാർ സി, ട്രഷറർ ജിബ്രാൻ ആസിഫ്, സിഇഒ ര്രാജ്കുമാർ. കെ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

2022ൽ നടന്ന പതിനൊന്നാമത് കേരള ട്രാവൽ മാർട്ടിൽ 55,000 ലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം കൊണ്ട് നടന്നത്. രാജ്യത്തിനകത്തു നിന്നും 900 പേരും വിദേശത്ത് നിന്നും 234 പേരുമടക്കം 1134 ബയർമാർ കെടിഎമ്മിനെത്തി. 302 സെല്ലർ സ്റ്റാളുകളാണ് കെടിഎം -2022ൽ ഉണ്ടായിരുന്നത്.

സെപ്തംബർ 22 മുതൽ 26 വരെ പ്രീ-മാർട്ട് ടൂർ നടക്കും. മാധ്യമപ്രവർത്തകർ, വ്ളോഗർമാർ, ഇൻഫ്ളുവൻസർമാർ എന്നിവർക്കാണ് പ്രീ-മാർട്ട് ടൂർ നടക്കുന്നത്. സെപ്തംബർ 30 മുത ഒക്ടോബർ നാല് വരെ മാർട്ടിനെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ബയർമാരെ ഉൾപ്പെടുത്തി പോസ്റ്റ് മാർട്ട് ടൂറുകളും ഉണ്ടാകും.

വ്യത്യസ്ത അഭിരുചിയുള്ള ടൂറിസ്റ്റുകൾക്ക് ഇണങ്ങും വിധം വിവിധ ടൂർ ക്രമീകരണം ഇത്തവണ ഒരുക്കിയിട്ടുണ്ട്. കേരളത്തിൻറെ സാംസ്ക്കാരിക കലാപാരമ്പര്യങ്ങൾ കാണിക്കുന്നതിനായുള്ള വിവിധ യാത്രാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഫാം സ്റ്റേ പരിചയപ്പെടുത്തുന്നതിനുള്ള രണ്ട് ടൂറുകളും വിഭാവനം ചെയ്തിട്ടുണ്ട്.

2000-മാണ്ടിൽ സ്ഥാപിതമായ കെടിഎം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ ആൻഡ് ടൂറിസം മേളയായ കേരള ട്രാവൽ മാർട്ട് നടത്തുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.

കെടിഎമ്മുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന കെടിഎം മൊബൈൽ ആപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് പുറത്തിറക്കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.