Sections

ദുരന്തബാധിത വിനോദസഞ്ചാര മേഖലകളെ മാനുഷികസ്പർശമുള്ള പദ്ധതികളിലൂടെ പുനഃനിർമ്മിക്കാം

Saturday, Sep 28, 2024
Reported By Admin
ദുരന്തബാധിത വിനോദസഞ്ചാര മേഖലകളെ മാനുഷികസ്പർശമുള്ള പദ്ധതികളിലൂടെ പുനഃനിർമ്മിക്കാം

കൊച്ചി: പ്രകൃതിദുരന്തങ്ങൾ ബാധിച്ച വിനോദസഞ്ചാരമേഖലകളെ മാനുഷികസ്പർശമുള്ള വിപണനപദ്ധതികളിലൂടെയും സാമ്പത്തിക പിന്തുണയിലൂടെയും തിരിച്ചുകൊണ്ടുവരാനാകുമെന്ന് കൊച്ചിയിൽ നടക്കുന്ന കേരളാ ട്രാവൽ മാർട്ടിനെത്തിയ (കെടിഎം) വിദേശപ്രതിനിധികൾ അഭിപ്രായപ്പെട്ടു.

വയനാട് പോലെയുള്ളൊരു ദുരന്തബാധിതപ്രദേശത്തുള്ളവർക്ക് മാനസിക, സാമ്പത്തിക പിന്തുണ കൊടുക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് അമേരിക്കയിലെ സ്റ്റോറീഡ് ട്രാവലിനെ പ്രതിനിധീകരിച്ചെത്തിയ സോഫിയ കാൽവിൻ പറഞ്ഞു. വീണ്ടും സഞ്ചാരികളെത്തുന്നത് പ്രദേശവാസികൾക്ക് തങ്ങളുടെ നാടിനെക്കുറിച്ച് നല്ലത് ചിന്തിക്കാൻ പ്രേരണയാകുമെന്നും അവർ പറഞ്ഞു. ഇവിടേക്ക് സഞ്ചാരികളെത്തുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തികനേട്ടം പുനഃനിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാനും സഹായിക്കും. ആദ്യമായി കെടിഎമ്മിന് എത്തിയ സോഫിയ പറഞ്ഞു. ദുരന്തം കഴിഞ്ഞ് കാര്യങ്ങൾ സാധാരണഗതിയിലാകാൻ കുറച്ച് കാലതാമസമുണ്ടെങ്കിലും ആ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾക്ക് പിന്തുണ കൊടുക്കേണ്ടത് തങ്ങളെപ്പോലെയുള്ളവരുടെ ബാധ്യതയാണെന്ന് അവർ പറഞ്ഞു.

കേരളത്തിലെ സ്വതന്ത്രസഞ്ചാരവും (ഫിറ്റ്-ഫ്രീ & ഇൻഡിപെൻഡൻറ് ട്രാവൽ), സൗഖ്യസഞ്ചാരവും (വെൽനെസ്സ് ട്രാവൽ) കേന്ദ്രീകരിച്ചാണ് സോഫിയയുടെ സ്ഥാപനം പ്രവർത്തിക്കുന്നത്. കേരളത്തിലെ ആയൂർവേദ മേഖലകളിൽ പങ്കാളികളെയും അവർ തേടുന്നുണ്ട്. വിശാലമായ അവസരങ്ങളാണ് കെടിഎം ഒരുക്കിയിരിക്കുന്നതെന്ന് അവർ പറഞ്ഞു.

ബോട്സ്വാനയിലെ ട്രീക്കാട്രാവലിൻറെ ആഗോള സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ ഹേസൽ ഷോസയ്ക്കും പ്രകൃതിദുരന്തങ്ങൾ പ്രദേശത്തിൻറെ വിനോദസഞ്ചാര സാധ്യതകൾ കെടുത്തില്ല എന്ന അഭിപ്രായമാണുള്ളത്. ഇത്തരം പ്രദേശങ്ങൾക്ക് പ്രചരണം നൽകാനും സഞ്ചാരികളുടെ ഭയം അകറ്റാനും മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അവർ പറഞ്ഞു. പരിസ്ഥിതിലോല പ്രദേശങ്ങളിലെ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്ന രീതിയാണ് ബോട്സ്വാനയിലെ വിനോദസഞ്ചാര മേഖല പിന്തുടരുന്നതെന്ന് അവർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് തങ്ങളുടെ രാജ്യം വലിയ പ്രധാന്യം നൽകുന്നതിനാൽ ഇത്തരം പ്രദേശങ്ങളിലെ അമിത തിരക്ക് അനുവദിക്കാറില്ല. 'അളവ് കുറവ്, ഏറിയ ഗുണമേൻമ' എന്ന ആശയമാണ് തങ്ങൾ പിന്തുടരുന്നതെന്നും ഷോസ പറഞ്ഞു. ആയൂർവേദം പോലെയുള്ള പരമ്പരാഗത സമ്പ്രദായങ്ങൾ ഉൾപ്പെടുത്തിയ പാക്കേജുകളുടെ സാധ്യത തേടുമെന്നും അവർ പറഞ്ഞു. ആഫ്രിക്കൻ സമൂഹങ്ങളിൽ പാർശ്വഫലമുള്ള പാശ്ചാത്യചികിത്സാരീതികൾ കാരണമുള്ള പ്രശ്നങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ബൾഗേറിയയിലെ ഗെർമെസ് ഹോളിഡേയ്സിലെ ടൂർ ഓപ്പറേറ്റർ റാലിക്ക ഏയ്ഞ്ചലോവ തൻറെ അടുത്ത കേരള യാത്രയിൽ വയനാട് സന്ദർശിക്കാനുള്ള സന്നദ്ധത അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ വിനോദസഞ്ചാരമേഖലയ്ക്കായി പുതിയ പ്രചരണതന്ത്രങ്ങൾ നടപ്പാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. തൻറെ രാജ്യത്തേക്ക് ആവശ്യമുള്ള വിനോദസഞ്ചാര ഉത്പന്നങ്ങൾ തേടിയാണ് അവർ കെടിഎമ്മിൽ എത്തിയിട്ടുള്ളത്.

യു.കെ.യിലെ ഫാബുലീഷ്യസ് ട്രാവൽസിൻറെ ഏജൻറ് ഡെന്നീസ് ബെൻറ് 2023 ൽ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ടിൽ വച്ചാണ് കേരളത്തെക്കുറിച്ചറിഞ്ഞത്. വയനാട് സന്ദർശിക്കാനും തങ്ങളുടെ കമ്പനിയുടെ ടൂർ പാക്കേജിൽ വയനാടിനെ ഉൾപ്പെടുത്താനും അവർക്ക് പദ്ധതിയുണ്ട്.

വയനാട്ടിലെ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള വാർത്തകൾ സഞ്ചാരികൾക്ക് യാതൊരു ആശങ്കയുമുണ്ടാക്കിയിട്ടില്ലെന്ന് യു.കെ.യിലെ ഡെസ്റ്റിനോളജിയിലെ ട്രാവൽ എജൻറ് എലിയട്ട് ഹാവ്ത്രോൺ പറഞ്ഞു. ലോകത്തിൻറെ ഏതുഭാഗങ്ങളിലാണെങ്കിലും ഇത്തരം പ്രതിസന്ധികളിൽ നിന്നും തിരിച്ചുവരുന്നത് പ്രയാസമാണെങ്കിലും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് സഞ്ചാരികൾ ഭയന്ന് മാറില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആഡംബരവിനോദസഞ്ചാരത്തിൻറെ സാധ്യതകളാണ് ഹാവ്ത്രോൺ തേടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.