Sections

സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾക്കും വ്യവസായത്തിനും ഉണർവേകാൻ കെടിഎമ്മിനാകും: മന്ത്രി റിയാസ്

Saturday, Sep 28, 2024
Reported By Admin
Kerala Travel Mart 2024 Expo in Kochi inaugurated by Minister P.A. Mohamed Riyas

കേരള ട്രാവൽ മാർട്ട് പന്ത്രണ്ടാം പതിപ്പിൻറെ എക്സ്പോ മന്ത്രി ഉദ്ഘാടനം ചെയ്തു


കൊച്ചി: സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾക്കും ടൂറിസം വ്യവസായത്തിനും കൂടുതൽ ഉണർവേകാൻ കേരള ട്രാവൽ മാർട്ടിന് സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷം ആഭ്യന്തര സഞ്ചാരികളുടെ വരവിൽ റെക്കോർഡ് സൃഷ്ടിക്കാൻ കേരളത്തിനായെന്നും ഇതിന് ആക്കം കൂട്ടാൻ കേരള ട്രാവൽ മാർട്ടിനാ(കെടിഎം)കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ മാർട്ടായ കെടിഎം പന്ത്രണ്ടാം പതിപ്പിൻറെ ഭാഗമായുള്ള എക്സ്പോ കൊച്ചി വെല്ലിംഗ്ടൺ ഐലൻറിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കഴിഞ്ഞ രണ്ട് വർഷത്തെ നേട്ടം ആവർത്തിക്കാനും പുതിയ റെക്കോർഡ് സൃഷ്ടിക്കാനും 2024 ൽ സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്തെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകർത്തി ഈയിടെ പുറത്തിറക്കിയ കേരള ടൂറിസത്തിൻറെ 'എൻറെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോക്ക് ലോകമെമ്പാടുമുള്ള യാത്രാ പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി പുതിയ സീസണിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും. ഇതിനു പിന്നാലെ നടക്കുന്ന കെടിഎം കേരള ടൂറിസത്തിന് നിർണായകമാണ്. വിവിധ ലോകരാജ്യങ്ങളിൽ നിന്നും ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബയർമാർ കെടിഎമ്മിൽ പങ്കെടുക്കുന്നുണ്ട്. 2,839 ബയർമാരാണ് മാർട്ടിൽ പങ്കെടുക്കുന്നത്. ഇത് കെടിഎമ്മിൻറെ ചരിത്രത്തിലെ മികച്ച നേട്ടമാണ്. കേരള ടൂറിസം വ്യവസായത്തിന് ഗുണകരമാകുന്നതാണ് ഈ വർധനവ്. 2,035 ആഭ്യന്തര ബയർമാരും 76 രാജ്യങ്ങളിൽ നിന്നായി 804 വിദേശബയർമാരുമാണ് കെടിഎമ്മിൻറെ ഭാഗമാകുന്നത്. സംസ്ഥാനത്തെ ടൂറിസം സെല്ലേഴ്സിന് ഇത് മികച്ച അവസരമൊരുക്കുമെന്നും ആഭ്യന്തര സഞ്ചാരികൾക്കൊപ്പം വിദേശസഞ്ചാരികളുടെ എണ്ണവും ബുക്കിംഗും വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എക്സ്പോ ഉദ്ഘാടനം ചെയ്ത മന്ത്രി വിവിധ ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും സ്റ്റാളുകൾ സന്ദർശിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, കേരള ടൂറിസം ഡവലപ്മെൻറ് കോർപ്പറേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവെൽസ് സ്റ്റഡീസ് (കിറ്റ്സ്), തമിഴ്നാട് ടൂറിസം, കർണാടക ടൂറിസം, ഇൻക്രെഡിബിൾ ഇന്ത്യ സ്റ്റാളുകളിൽ മന്ത്രി സമയം ചെലവിട്ടു. ഉത്തരവാദിത്ത ടൂറിസം പവലിയനിൽ കളിമൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ട മന്ത്രി തമിഴ്നാട്, കർണാടക ടൂറിസം പ്രതിനിധികളുമായി കുശലാന്വേഷണം നടത്തുകയും കെടിഎമ്മിൻറെ ഭാഗമായതിലെ നന്ദി അറിയിക്കുകയും ചെയ്തു. കെടിഡിസി ഹോട്ടലുകളുടെ വിശദവിവരങ്ങളടങ്ങിയ ആൽബം പരിശോധിച്ച മന്ത്രി അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സ്റ്റാളും സന്ദർശിച്ചു.

Kerala Travel Mart 2024 Expo in Kochi inaugurated by Minister P.A. Mohamed Riyas
കേരള ട്രാവൽ മാർട്ട് പന്ത്രണ്ടാം പതിപ്പിൻറെ ഭാഗമായുള്ള എക്സ്പോ കൊച്ചി വെല്ലിംഗ്ടൺ ഐലൻറിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥൻ, കെടിഎം സൊസൈറ്റിയുടെ മറ്റ് ഭാരവാഹികൾ തുടങ്ങിയവർ സമീപം.

ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥൻ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.

ആകെ 347 സ്റ്റാളുകളാണ് കെടിഎമ്മിലുള്ളത്. സെപ്റ്റംബർ 29 വരെയാണ് കെടിഎം നടക്കുന്നത്. വാണിജ്യ കൂടിക്കാഴ്ചകൾ, നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മാർട്ടിലുണ്ടാകും. ഞായറാഴ്ച പൊതുജനങ്ങൾക്ക് സൗജന്യമായി മാർട്ട് സന്ദർശിക്കാം. കെടിഎം സൊസൈറ്റിയുടെ കാൽനൂറ്റാണ്ട് തികയുന്ന വേളയിലാണ് ഇത്തവണത്തെ ട്രാവൽമാർട്ട് നടക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.