Sections

ടൂറിസം പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനുള്ള കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച് കെടിഎമ്മിന് സമാപനം

Monday, Sep 30, 2024
Reported By Admin
Kerala Travel Mart 2024 concludes with record-breaking buyer participation and focus on sustainable

സമാപന സമ്മേളനം ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു


കൊച്ചി: സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾക്കും ടൂറിസം വ്യവസായത്തിനും കൂടുതൽ ഉണർവും ദിശാബോധവും നൽകി പന്ത്രണ്ടാമത് കേരള ട്രാവൽ മാർട്ടിന് (കെടിഎം-2024) കൊച്ചിയിൽ സമാപനം. വ്യത്യസ്തമായ ടൂറിസം പദ്ധതികളിലൂടെയും ഉത്പന്നങ്ങളിലൂടെയും ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ ഡെസ്റ്റിനേഷൻ എന്ന കേരളത്തിൻറെ സവിശേഷത മുന്നോട്ടുവച്ചാണ് കെടിഎമ്മിന് സമാപനമായത്. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിൻറെ വളർച്ചയ്ക്ക് സഹായകമായ ബയേഴ്സ്-സെല്ലേഴ്സ് കൂടിക്കാഴ്ചകളാലും ടൂറിസം പുരോഗതിക്ക് ഉതകുന്ന ഫലപ്രദമായ ചർച്ചകൾ കൊണ്ടും സമ്പന്നമായിരുന്നു നാലു ദിവസത്തെ ട്രാവൽ മാർട്ട്.

കെടിഎമ്മിൽ നിന്ന് രൂപപ്പെട്ട ആശയങ്ങളും കാഴ്ചപ്പാടുകളും സംസ്ഥാനത്തെ ടൂറിസം പദ്ധതികളെയും ഉത്പന്നങ്ങളെയും കൂടുതൽ മികച്ചതാക്കാൻ സഹായിക്കുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. ടൂറിസം പ്രവർത്തനങ്ങളിൽ നൂതന സാങ്കേതിക വിദ്യകളും പ്രാദേശിക സമൂഹത്തിൻറെ പങ്കാളിത്തവും ഒരുപോലെ പ്രയോജനപ്പെടുത്തുന്നത് കേരള ടൂറിസത്തിൻറെ കരുത്താണ്. ദശാബ്ദങ്ങളായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിന്ന് കേരള ടൂറിസം ഗണ്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിൻറെ പ്രധാന സ്ഥാപനമെന്ന നിലയിൽ കെടിഎം സൊസൈറ്റി ഈ വിജയകരമായ സഹകരണത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശിഖ സുരേന്ദ്രൻ പറഞ്ഞു.

കെടിഎം നടക്കുന്ന പശ്ചാത്തലത്തിൽ തന്നെയാണ് സംസ്ഥാന സർക്കാരിൻറെ അഭിമാനപദ്ധതിയായ ഉത്തരവാദിത്ത ടൂറിസം സൊസൈറ്റിയ്ക്ക് രണ്ട് ദേശീയ പുരസ്ക്കാരം ലഭിച്ചത്. കെടിഎം പാലിച്ചു വന്ന ഹരിതമാനദണ്ഡങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവർ പറഞ്ഞു.

ഈ വർഷത്തെ ട്രാവൽ മാർട്ട് ടൂറിസം സ്റ്റേക്ക്ഹോൾഡേഴ്സിൻറെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബയർമാരുടെ എണ്ണത്തിൽ ഇത്തവണ റെക്കോർഡ് സൃഷ്ടിക്കാനായി. യുകെ, യുഎസ്, യൂറോപ്യൻ, ആഫ്രിക്കൻ, ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ ബയർമാരെത്തി. ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഈ രാജ്യങ്ങൾ കേരളത്തിനു നൽകുന്ന പ്രാധാന്യമാണ് ബയർമാരുടെ ഈ പങ്കാളിത്തം കാണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കെടിഎം രാജ്യത്ത് ഇന്നൊരു പഠനവിഷയമായി മാറിയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഇന്ത്യ ടൂറിസം റീജണൽ ഡയറക്ടർ ഡി. വെങ്കടേശൻ പറഞ്ഞു. ടൂറിസത്തിൻറെ കുംഭമേളയാണ് കേരള ട്രാവൽ മാർട്ട്. സ്വകാര്യമേഖല സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് കേരളത്തിലെ ഓരോ സ്ഥലങ്ങളെയും മാർക്കറ്റ് ചെയ്യുന്നത് രാജ്യത്തിനാകെ മാതൃകയാണ്. വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ തിരികെ കൊണ്ടു വരാനുള്ള എല്ലാ പിന്തുണയും കേന്ദ്ര ടൂറിസം വകുപ്പിൻറെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ടൂറിസത്തിൻറെ മാതൃകയായി കേരളത്തെ കെടിഎം മാറ്റിയെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കെടിഎം പ്രസിഡൻറ് ജോസ് പ്രദീപ് പറഞ്ഞു. കെടിഎം സെക്രട്ടറി എസ് സ്വാമിനാഥൻ, വൈസ് പ്രസിഡൻറ് ഹരികുമാർ കെസി, കെടിഎം മുൻ പ്രസിഡൻറുമാരായ ബേബി മാത്യു, ഇഎം നജീബ്, റിയാസ് അഹമ്മദ്, ജോസ് ഡൊമനിക്, ജോയിൻറ് സെക്രട്ടറി ജോബിൻ ജോസഫ്, ട്രഷറർ ജിബ്രാൻ ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് കെടിഎം-2024 ഉദ്ഘാടനം ചെയ്തത്. കെടിഎം എക്സ്പോ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കെടിഎം സൊസൈറ്റിയുടെ കാൽനൂറ്റാണ്ട് തികയുന്ന അവസരത്തിലാണ് ഇത്തവണ ട്രാവൽ മാർട്ട് നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ മാർട്ടായ കെടിഎമ്മിന് ബയേഴ്സിൻറെ എണ്ണത്തിൽ ഇത്തവണ റെക്കോർഡ് സൃഷ്ടിക്കാനായി. 76 രാജ്യങ്ങളിൽ നിന്നായി 800 ഓളം വിദേശികളുൾപ്പെടെ 2800 ൽപരം ബയർമാരാണ് കെടിഎമ്മിനെത്തിയത്.

വില്ലിംഗ്ടൺ ഐലൻറിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിലാണ് മൂന്ന് ദിവസത്തെ മാർട്ട് നടന്നത്. വാണിജ്യ കൂടിക്കാഴ്ചകൾ, നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിൽ ഉണ്ടായിരുന്നു. സർക്കാർ-സ്വകാര്യ മേഖലയിൽ നിന്നായി വിവിധ ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും 347 സ്റ്റാളുകളാണ് എക്സ്പോയിൽ പങ്കെടുത്തത്. അവസാന ദിവസം പൊതു ജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു.

ഉത്തരവാദിത്ത ടൂറിസം എംഐസിഇ (മീറ്റിംഗ്സ്, ഇൻസെൻറീവ്സ്, കോൺഫറൻസസ്, എക്സിബിഷൻസ്), വെഡ്ഡിങ് ഡെസ്റ്റിനേഷൻ, ഉല്ലാസ നൗക ടൂറിസം, ഹണിമൂൺ ഡെസ്റ്റിനേഷൻ തുടങ്ങിയവയാണ് ഇക്കുറി പ്രധാനമായും മുന്നോട്ടുവച്ചത്.

കേരള ടൂറിസം പ്രതിസന്ധിലായ എല്ലാ സമയത്തും ഈ വ്യവസായത്തെ കൈപിടിച്ചുയർത്തിയത് കേരള ട്രാവൽ മാർട്ടാണ്. 2018 ലെ പ്രളയത്തിന് ശേഷവും 2020-21 ലെ കൊവിഡിനു ശേഷവും കേരള ടൂറിസത്തിൻറെ ആഗോള തലത്തിലുള്ള പുനരുജ്ജീവനത്തിന് കേരള ട്രാവൽ മാർട്ടിൻറെ നടത്തിപ്പ് ഏറെ സഹായകരമായിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.