Sections

തനത് ഗ്രാമീണ ഉത്പന്നങ്ങളുടെ വൈവിധ്യത്തിൽ കെടിഎമ്മിലെ ഉത്തരവാദിത്ത ടൂറിസം പവലിയൻ

Sunday, Sep 29, 2024
Reported By Admin
Handcrafted candles and traditional crafts on display at Kerala Travel Mart Responsible Tourism Pavi

കൊച്ചി: ബേപ്പൂർ കടലിലെ നക്ഷത്ര മത്സ്യങ്ങളും ചിപ്പികളും തീരത്തെ മണൽത്തരികളും കൊണ്ട് തീർത്ത മെഴുകു കൂടുകൾ, കളിമണ്ണിൽ തീർത്ത കരവിരുതിൻറെ വിസ്മയങ്ങൾ, വ്യത്യസ്തയിനം നൂലുകളിലും ഫൈബറിലും തീർത്ത കരകൗശല വൈദഗ്ധ്യങ്ങൾ. കേരളത്തിൻറെ തനത്, ഗ്രാമീണ കരകൗശല നിർമ്മാണ വൈദഗ്ധ്യം പുലർത്തുന്ന ഉത്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ മാർട്ടായ കെടിഎമ്മിലെ (കേരള ട്രാവൽ മാർട്ട്) ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ (ആർടി മിഷൻ) പവലിയൻ.

ഗ്രാമീണ ജനതയെ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും തൊഴിൽ, ജീവിത നിലവാരം ഉയർത്തി ശാക്തീകരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസറ്റർ ചെയ്ത യൂണിറ്റുകളാണ് കെടിഎം എക്സ്പോയിൽ പങ്കെടുക്കുന്നത്. ഉത്പന്നങ്ങളിലെ വൈവിധ്യവും കരകൗശല പ്രാവിണ്യവും കൊണ്ടാണ് ഇവർ ബയേഴ്സിൻറെയും പ്രതിനിധികളുടെയും അഭിനന്ദനം നേടുന്നത്. കെടിഎം പന്ത്രണ്ടാം പതിപ്പിൻറെ ഭാഗമായി കൊച്ചി വെല്ലിംഗ്ടൺ ഐലൻറിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിലാണ് എക്സ്പോ നടക്കുന്നത്.

ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്ത് 2022 മുതൽ പ്രവർത്തിക്കുന്ന 'കാൻഡിൽ ക്യൂൻ' നാല് സ്ത്രീകളുടെ കൂട്ടായ്മയിൽ നിന്ന് രൂപപ്പെട്ടതാണ്. ബേപ്പൂർ കടലോരത്തു നിന്ന് ശേഖരിക്കുന്ന നക്ഷത്രമത്സ്യങ്ങളും ചിപ്പികളും കക്കകളും മണൽത്തരികളുമെല്ലാം ഇവരുടെ മെഴുകുതിരി ഉത്പന്നങ്ങളെ മനോഹരമാക്കുന്നു. രൂപത്തിലും നിറത്തിലും വൈവിധ്യമുള്ള ഈ മെഴുകുതിരി വിളക്കുകൾക്ക് കേരളത്തിലും പുറത്തും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ വർഷം 200 ഓർഡറുകൾ വിദേശത്തുനിന്ന് ലഭിച്ചു. യൂറോപ്പിൽ നിന്ന് 75 ഓർഡറുകൾ ലഭിച്ചത് ഈയടുത്താണ്. ഇത്തരമൊരു സംരംഭം ആരംഭിച്ചതും ഉത്തരവാദിത്ത ടൂറിസം മിഷൻറെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയതും തങ്ങളുടെ ഉപജീവനത്തിൽ നിർണായകമായെന്ന് 'കാൻഡിൽ ക്യൂൻ' അംഗം മിനി പറഞ്ഞു. ഷീജ, ഐശ്വര്യ, അഞ്ജു എന്നിവരാണ് മറ്റ് അംഗങ്ങൾ. സുഗന്ധവ്യഞ്ജനങ്ങളും പൂക്കളും ചേർത്തതും ദീപാവലിക്കായി പല നിറങ്ങളിൽ തയ്യാറാക്കിയതുമായ വിളക്കുകളും ഇവരുടെ ശേഖരത്തിലുണ്ട്.

ആർടി മിഷനിൽ രജിസ്റ്റർ ചെയ്ത പുതിയ സംരംഭകയായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി വിജുന കേരളീയത നിറഞ്ഞുനിൽക്കുന്ന കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഫാഷൻ ഡിസൈനറായ വിജുന വർണനൂലുകളും ചായങ്ങളും കൊണ്ട് തീർക്കുന്ന ഉത്പന്നങ്ങൾ ഏറെ കൗതുകമുള്ളവയാണ്. ക്രാഫ്റ്റ് അക്കാദമി എന്ന പേരിലുള്ള വിജുനയുടെ ആർ ടി യൂണിറ്റ് ചെറുകിട സംരംഭങ്ങളിലൂടെയുള്ള വനിതാ ശാക്തീകരണത്തിൻറെ മികച്ച മാതൃകയാണ്. എക്സ്പോയിലെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് കേരളത്തിൻറെ തനത് നെയ്ത്തുകലാവിദ്യ പരിചയപ്പെടാനും ഇത് വഴിയൊരുക്കുന്നു.

Handcrafted candles and traditional crafts on display
കേരള ട്രാവൽ മാർട്ടിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ സ്റ്റാൾ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചപ്പോൾ. ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെടിഎം ഭാരവാഹികൾ തുടങ്ങിയവർ സമീപം.

കളിമണ്ണിൽ തീർത്ത വ്യത്യസ്തമാർന്ന ഉത്പന്നങ്ങളിലൂടെയാണ് കോഴിക്കോട് എലത്തൂർ സ്വദേശി പി.ബി ബിദുല ശ്രദ്ധ നേടുന്നത്. 24 വർഷമായി കളിമണ്ണു കൊണ്ട് കരകൗശല വസ്തുക്കളും ശില്പങ്ങളും നിർമ്മിക്കുന്ന ബിദുല ഉത്തരവാദിത്ത ടൂറിസം മിഷൻറെ തുടക്കകാലം മുതൽ അതിൻറെ ഭാഗമാണ്. ഇത്തരം ഉത്പന്നങ്ങൾക്ക് ധാരാളം ആവശ്യക്കാരുണ്ടെന്നും വരുമാനം ഉണ്ടാക്കാനാകുന്ന ലഘുസംരംഭമാണിതെന്നും ബിദുല പറയുന്നു. ആർക്കിടെക്ചർമാർ, ഇൻറീരിയർ ഡിസൈനർ സ്ഥാപനങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. എക്സിബിഷനുകളിലൂടെയും ഉത്പന്നങ്ങൾ വിൽക്കുന്നു. ഇത്തരം ചെറുകിട സംരംഭങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വനിതകൾ ഉൾപ്പെടെയുള്ളവർക്കു മുന്നിൽ വലിയ അവസരമാണ് ഉത്തരവാദിത്ത ടൂറിസം തുറന്നിടുന്നതെന്ന് ബിദുല അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിൻറെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡിൽ ഉത്തരവാദിത്ത മിഷൻ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയ കടലുണ്ടി, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് കഴിഞ്ഞ ദിവസം പുരസ്കാരം ലഭിച്ചിരുന്നു. കടലുണ്ടിക്ക് ബെസ്റ്റ് റെസ്പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്.

പൊതുജനങ്ങൾക്ക് ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്കു ശേഷം കെടിഎം എക്സ്പോ സൗജന്യമായി സന്ദർശിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.