Sections

കേരള ട്രാവൽമാർട്ട് നാളെ (26.09.2024 വ്യാഴം) മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Wednesday, Sep 25, 2024
Reported By Admin
Kerala Travel Mart 2024 inauguration with CM Pinarayi Vijayan and prominent dignitaries

കൊച്ചി: പന്ത്രണ്ടാമത് കേരള ട്രാവൽമാർട്ട് നാളെ (26.09.2024 വ്യാഴം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ട്രാവൽമാർട്ടായ കെടിഎം 24 ൽ 2860 ബയർമാരും 347 സ്റ്റാളുകളുമാണുള്ളത്.

വ്യാഴാഴ്ച കൊച്ചിയിലെ ലെ മെറഡിയൻ ഹോട്ടലിലാണ് ഉദ്ഘാടനച്ചടങ്ങ്. സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയായിരിക്കും. കേരള ടൂറിസത്തിന് നൽകിയ സംഭാവകളുടെ അംഗീകാരമായി മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും. കേന്ദ്ര ടൂറിസം വകുപ്പ് അഡി. സെക്രട്ടറി സുമൻ ബില്ല ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

കെടിഎം സൊസൈറ്റിയുടെ കാൽനൂറ്റാണ്ട് തികയുന്ന അവസരത്തിൽ വലിയ പ്രതീക്ഷകളോടെയാണ് ട്രാവൽമാർട്ട് നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് 2,839 ബയർമാർ മാർട്ടിനെത്തുന്നത്. 2018 ലാണ് ഇതിനു മുമ്പ് ഏറ്റവുമധികം(1,305) ബയർമാരെത്തിയത്. ഇക്കുറി ആഭ്യന്തര ബയർമാർ 2,035 ഉം 76 രാജ്യങ്ങളിൽ നിന്നായി 804 വിദേശബയർമാരുമുണ്ട്.

ഉദ്ഘാടനച്ചടങ്ങിന് ശേഷം വെല്ലിംഗ്ടൺ ഐലൻറിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിലാണ് മൂന്ന് ദിവസത്തെ മാർട്ട് നടക്കുന്നത്. വാണിജ്യ കൂടിക്കാഴ്ചകൾ, നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. ഞായറാഴ്ച പൊതുജനങ്ങൾക്ക് സൗജന്യമായി മാർട്ട് സന്ദർശിക്കാം. ആദ്യ രണ്ട് ദിവസവും പ്രവേശനം പാസു മൂലം നിയന്ത്രിതമായിരിക്കും.
കെടിഎം സൊസൈറ്റിയിലെ മുൻ പ്രസിഡൻറുമാരെയും സെക്രട്ടറിമാരെയും ഉദ്ഘാടനച്ചടങ്ങിൽ ആദരിക്കും. സെല്ലേഴ്സ് ഡയറക്ടറിയുടെ പ്രകാശനം ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ നിർവഹിക്കും. കേരള ടൂറിസത്തെക്കുറിച്ച് വകുപ്പ് സെക്രട്ടറി കെ ബിജു അവതരണം നടത്തും. ഉത്തരവാദിത്ത ടൂറിസം എംഐസിഇ (മീറ്റിംഗ്സ്, ഇൻസെൻറീവ്സ്, കോൺഫറൻസസ്, എക്സിബിഷൻസ്), വിവാഹ ഡെസ്റ്റിനേഷൻ, ഉല്ലാസ നൗക ടൂറിസം തുടങ്ങിയവയാണ് ഇക്കുറി പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്.

ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ബാബു, കെ ജെ മാക്സി, ടി ജെ വിനോദ്, കെടിഡിസി ചെയർമാൻ പി കെ ശശി, കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ് സ്വാഗതവും സെക്രട്ടറി എസ് സ്വാമിനാഥൻ നന്ദിയും പ്രകാശിപ്പിക്കും.

കേരള ടൂറിസം പ്രതിസന്ധിലായ എല്ലാ സമയത്തും ഈ വ്യവസായത്തെ കൈപിടിച്ചുയർത്തിയത് കേരള ട്രാവൽ മാർട്ടാണ്. 2018 ലെ പ്രളയത്തിന് ശേഷവും 2020-21 ലെ കൊവിഡിനു ശേഷവും കേരള ടൂറിസത്തിൻറെ ആഗോള തലത്തിലുള്ള പുനരുജ്ജീവനത്തിന് കേരള ട്രാവൽ മാർട്ടിൻറെ നടത്തിപ്പ് ഏറെ സഹായകരമായിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.