Sections

ആഗോള വിനോദസഞ്ചാരികളുടെ മുൻഗണന സുസ്ഥിര ടൂറിസം ഉത്പന്നങ്ങൾക്കെന്ന് കെടിഎമ്മിൽ വിദഗ്ധർ

Monday, Sep 30, 2024
Reported By Admin
Sustainable and wellness tourism trends discussed at Kerala Travel Mart 2024

കൊച്ചി: അനുഭവവേദ്യ സുസ്ഥിര സമ്പ്രദായങ്ങൾക്കും വെൽനെസ് ടൂറിസത്തിനുമാണ് പുതിയ കാലത്ത് ആഗോള വിനോദസഞ്ചാരികൾ മുൻഗണന നൽകുന്നതെന്ന് കേരള ട്രാവൽ മാർട്ട് (കെടിഎം-2024) 12-ാം പതിപ്പിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. അനുഭവവേദ്യ യാത്രകൾ, ടൂറിസം പാക്കേജുകളിലെ കാര്യക്ഷമത എന്നിവയും ആഗോള ടൂറിസം വിപണിയിലെ ഏറ്റവും പുതിയ പ്രവണതകളാണെന്നും അവർ ചൂണ്ടിക്കാട്ടി. കൊച്ചി വില്ലിംഗ്ടൺ ഐലൻറിലെ സാഗര-സമുദ്രിക കൺവെൻഷൻ സെൻററിൽ 'വിനോദസഞ്ചാരത്തിലെ മാറുന്ന പ്രവണതകൾ' എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഈ അഭിപ്രായം ഉയർന്നത്.

സുസ്ഥിര യാത്രാ ഉൽപന്നങ്ങൾ വിനോദസഞ്ചാരികളുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന് സിത ഇന്ത്യ മാനേജിംഗ് ഡയറക്ടർ ദീപക് ദേവ പറഞ്ഞു. 2027-ഓടെ വെൽനെസ് ടൂറിസം മേഖലയിലെ പങ്കാളിത്തം നാലിരട്ടിയായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഢംബര സൗകര്യങ്ങളേക്കാൾ അനുഭവവേദ്യ യാത്രകൾക്കാണ് യാത്രികർ മുൻഗണന നൽകുന്നത്. കാര്യക്ഷമത, ഉപഭോക്തൃ പിന്തുണ, ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും ജനപ്രിയത, വിശ്വാസ്യത, പരസ്യങ്ങൾ തുടങ്ങിയ മേഖലകളെ ജെൻ എഐ സ്വാധീനിക്കും.

മികച്ച കാലാവസ്ഥയും ശുദ്ധവായുവുമുള്ള ഡെസ്റ്റിനേഷനുകൾക്ക് സഞ്ചാരികൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. നഗരങ്ങളേക്കാൾ ശാന്തമായ ബീച്ചുകളും ഗ്രാമപ്രദേശങ്ങളുമാണ് ആളുകൾ തെരഞ്ഞെടുക്കുന്നത്. ഗവേഷണ സ്ഥാപനമായ മാർക്കറ്റ്സ് ആൻഡ് മാർക്കറ്റ്സിൻറെ റിപ്പോർട്ട് അനുസരിച്ച്, 2022 ൽ 331.8 ബില്യൺ ഡോളർ മൂല്യമുള്ള ആഗോള കാർബൺ ഓഫ്സെറ്റ് വിപണി 2023 മുതൽ 2028 വരെ 31 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ 1.6 ട്രില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവിൽ യൂറോപ്പ് കാർബൺ ഓഫ്സെറ്റുകളുടെ ഏറ്റവും വലിയ വിപണിയായേക്കും. സോളോ യാത്രയുടെ ജനപ്രീതി വർധിച്ചുവെന്നും 'സോളോ ട്രാവൽ' എന്നതിനായുള്ള ഗൂഗിൾ സെർച്ച് 2023 ൽ ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഓരോ ജില്ലയിലും പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടുപിടിക്കാനുള്ള നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

കേരളത്തിലെ സാഹസിക വിനോദസഞ്ചാര മേഖലയിലെ പുതിയ പ്രവണതകൾ പര്യവേഷണം ചെയ്യാൻ നിരവധി അവസരങ്ങളുണ്ടെന്നും പ്രാദേശിക സമൂഹത്തിന് ഇത് പ്രയോജനപ്പെടുത്താമെന്നും കലിപ്സോ അഡ്വഞ്ചർ എംഡി കമാൻഡർ സാം പറഞ്ഞു.

ടൂറിസം പ്രവർത്തനങ്ങളിൽ കേരളത്തിൻറെ വ്യത്യസ്തവും സമ്പന്നവുമായ പാചകപാരമ്പര്യം പ്രയോജനപ്പെടുത്തണമെന്നും ടൂറിസം മേഖലയ്ക്ക് സമഗ്രമായ പാചക ഗൈഡ് സംസ്ഥാനം സൃഷ്ടിക്കേണ്ടതുണ്ടെന്നും സെലിബ്രിറ്റി ഷെഫ് സിദ്ദിഖ് മുഹമ്മദ് പറഞ്ഞു. പാചക ടൂറുകളും വാട്ടർ മെട്രോ പാചക യാത്രകളും വികസിപ്പിക്കണം. ആയുർവേദ പാചകരീതികളും പരമ്പരാഗത അടുക്കള ഭക്ഷണരീതികളും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രേറ്റ് ഇന്ത്യ ടൂർ കമ്പനി എംഡി ഇ എം നജീബ് മോഡറേറ്ററായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ മാർട്ടായ കെടിഎമ്മിൽ 2839 ബയർമാരാണ് പങ്കെടുത്തത്. സർക്കാർ-സ്വകാര്യ മേഖലയിൽ നിന്നായി വിവിധ ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും 347 സ്റ്റാളുകൾ ഉണ്ടായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.