- Trending Now:
കൊച്ചി: സംസ്ഥാനത്തെ തോട്ടം മേഖലയിലെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തിയാൽ കേരള ടൂറിസം പുതിയ തലത്തിലേക്കെത്തുമെന്ന് കേരള ട്രാവൽ മാർട്ടിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. തോട്ടം മേഖലയുടെ വൈവിദ്ധ്യവത്കരണത്തിൽ സംസ്ഥാന സർക്കാരിൻറ പിന്തുണ കൂടിയുണ്ടെങ്കിൽ കേരള ടൂറിസത്തിൻറെ മുഖമുദ്രയായി ഇത് മാറുമെന്നും വ്യവസായലോകം കണക്ക് കൂട്ടുന്നു.
നിലവിൽ സംസ്ഥാനത്തെ തോട്ടം മേഖലയുടെ അഞ്ച് ശതമാനം മാത്രമാണ് വൈവിദ്ധ്യവത്കരണത്തിന് അനുമതിയുള്ളത്. കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസം മേഖലയാണ് തോട്ടങ്ങൾ. ടൂറിസം മേഖലയുടെ സ്വർണഖനിയാണ് പ്ലാൻറേഷനുകളെന്ന് സിജിഎച് എർത്തിൻറെ മേധാവിയും കെടിഎം സൊസൈറ്റിയുടെ ആദ്യ പ്രസിഡൻറുമായിരുന്ന ജോസ് ഡോമനിക് ചൂണ്ടിക്കാട്ടി.
തോട്ടം മേഖലയിൽ നിക്ഷേപം നടത്താൻ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചാൽ ഈ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. നിലവിലുള്ള സാഹചര്യത്തിൽ തന്നെ തോട്ടങ്ങളിലെ കെട്ടിടങ്ങൾ ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൻറെ നൈസർഗിക ടൂറിസം സാധ്യതകൾക്ക് ഏറ്റവും അനുയോജ്യമാണ് പ്ലാൻറേഷൻ മേഖലയെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ് പറഞ്ഞു. ചെറിയ തോതിലാണെങ്കിലും പല തോട്ടമുടമകളും ഹോംസ്റ്റേ മാതൃകയിൽ ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇതിന് ഏകീകൃത സംവിധാനം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പ്ലാൻറേഷൻ ഡയറക്ട്രേറ്റിലൂടെ സാധിക്കും. പൈതൃക ബംഗ്ലാവുകളും മനുഷ്യസ്പർശമേൽക്കാത്ത മനോഹരയിടങ്ങളും കൊണ്ട് സമ്പന്നമാണ് പ്ലാൻറേഷനുകൾ. ഇത് ഉപയോഗപ്പെടുത്തിയാൽ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വമ്പൻ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാൻറേഷൻ മേഖലയിലെ ടൂറിസം അവസരങ്ങൾ പത്ത് ശതമാനമെങ്കിലും ഉപയോഗപ്പെടുത്തിയാൽ ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് ഈ രംഗത്തെ സംരംഭക സുജ അരുൺ ചൂണ്ടിക്കാട്ടി. ഇന്ന് തോട്ടം മേഖലയിലെ പല ടൂറിസം സംരംഭങ്ങളും ഹോംസ്റ്റേ ലൈസൻസിലാണ് പ്രവർത്തിക്കുന്നത്. ഉദാരമായ സമീപനം സർക്കാർ ഭാഗത്ത് നിന്നുണ്ടായാൽ ഇത്രയും വൈവിദ്ധ്യമായ സേവനങ്ങൾ നൽകുന്ന മറ്റൊരു ടൂറിസം ഉത്പന്നമുണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തോട്ടം മേഖലയിൽ കേരളത്തിൻറെ സമീപനം ഏറെ മെച്ചമാണെന്നാണ് ബ്രിയാർ ടീ ബംഗ്ലാവ് സീനിയർ മാനേജർ വൈശാലി ഭൂഷണ എസ് പിയുടെ അഭിപ്രായം. തമിഴ്നാട്ടിൽ പലയിടത്തും എസ്റ്റേറ്റ് ബംഗ്ലാവുകൾ നന്നാക്കാൻ പോലും അനുമതിയില്ല. കേരളത്തിൽ ഈ മേഖലയിൽ നിക്ഷേപം നടത്തുന്നതും ലാഭകരമാണെന്ന് അവർ കൂട്ടിച്ചേർത്തു. ബ്രിയാറിൻറെ കേരളത്തിലെ ബംഗ്ലാവുകളെല്ലാം സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളാണെന്നും അവർ പറഞ്ഞു.
വെല്ലിംഗ്ടൺ ഐലൻറിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിൽ നടക്കുന്ന കെടിഎമ്മിൽ വാണിജ്യ കൂടിക്കാഴ്ചകൾ, നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയാണ് നടക്കുന്നത്. മാർട്ട് സമാപിക്കുന്ന ഞായറാഴ്ച പൊതുജനങ്ങൾക്ക് സൗജന്യമായി മാർട്ട് സന്ദർശിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.