- Trending Now:
കൊച്ചി: ടൂറിസം സംരംഭങ്ങളുടെ ലൈസൻസ് ഓൺലൈൻ വഴിയാക്കുന്ന കാര്യം പരിഗണനയിലാണെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ടൂറിസം സംരംഭങ്ങൾക്കുള്ള വിവിധ അനുമതികൾക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി സംഘടിപ്പിച്ച ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രത്യേക സമ്മേളനത്തിലാണ് മന്ത്രിമാർ ഇക്കാര്യം അറിയിച്ചത്.
ടൂറിസം മേഖലയിൽ നൂതന സംരംഭങ്ങൾ തുടങ്ങാനുള്ള തീവ്രപരിശ്രമത്തിന് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി പറഞ്ഞു. മറ്റ് വ്യവസായങ്ങൾക്കെന്ന പോലെ ടൂറിസം സംരംഭങ്ങളുടെ വിവിധ അനുമതികൾക്കായി ഏകജാലക സംവിധാനം ആവശ്യമാണ്. നിലവിൽ ടൂറിസം വകുപ്പിൽ നിന്ന് ലെയ്സൺ സംവിധാനമാണ് നിലവിലുള്ളത്. ഇത് സ്ഥിരമാക്കി ഏകജാലക സംവിധാനത്തിന് കീഴിലാക്കണം.
ടൂറിസം മേഖലയിലെ നിക്ഷേപത്തിനായി മാത്രം പ്രത്യേക സംഗമം കേരളം നടത്തിയിട്ടുണ്ട്. ഇതിൻറെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇൻവസ്റ്റ്മൻറ് ഡെസ്ക് പ്രവർത്തിക്കുന്നതുണ്ട്. ഇതിനെ വ്യവസായ ഏകജാലക സംവിധാനവുമായി ബന്ധിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി ഇൻകുബേറ്റർ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനു വേണ്ടിയുള്ള ഏകീകൃത സംവിധാവും ഉടൻ തയ്യാറാവുമെന്ന് മന്ത്രി അറിയിച്ചു.
ടൂറിസം സംരംഭങ്ങളുടെ ലൈസൻസിന് ഓൺലൈൻ സംവിധാനം ഉടൻ തുടങ്ങാനാകുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ഉറപ്പ് നൽകി. പഞ്ചായത്തുകളുടെ അനുമതിയ്ക്കായും നിലവിലുള്ള ഓൺലൈൻ സംവിധാനവുമായി ടൂറിസം സംരംഭങ്ങളെ ബന്ധിപ്പിക്കാനാകും.
കേരളത്തിൽ ഏറ്റവുമധികം നിക്ഷേപസാധ്യതയുള്ള മേഖലയാണ് ടൂറിസം. ചുരുങ്ങിയ നിക്ഷേപത്തിൽ ഏറ്റവുമധികം തൊഴിലവസരം ഈ മേഖലയ്ക്ക് സൃഷ്ടിക്കാനാവും. നവീന ആശയങ്ങളും പുതിയ ഉത്പന്നങ്ങളും ടൂറിസം മേഖലയിൽ വളർത്തിക്കൊണ്ടു വരാൻ സംരംഭകർ ശ്രമിക്കണം. എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പുതിയ വ്യവസായനയത്തെക്കുറിച്ചും ആഗോള നിക്ഷേപ ഉച്ചകോടിയെക്കുറിച്ചും പ്രത്യേക അവതരണം നടത്തി. കെഎസ്ഐഡിസി ചെയർമാൻ സി ബാലഗോപാൽ, എംഡി എസ് ഹരികിഷോർ, കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയെക്കുറിച്ചുള്ള പാനൽ ചർച്ചയും സമ്മേളനത്തിൽ നടന്നു. വ്യവസായവകുപ്പ് സംരംഭകർക്കും സംരംഭങ്ങൾക്കും നൽകുന്ന ഇളവുകളെയും അനുമതികളിലെ നടപടിക്രമങ്ങളെയും കുറിച്ച് മറ്റ് സർക്കാർ വകുപ്പുകളിൽ അവബോധം നൽകണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ടൂറിസം മേഖലയിലെ നൂതന ഉത്പന്നങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളുണ്ട്. വരുമാനം വർധിപ്പിക്കുന്ന ഇത്തരം പദ്ധതികൾക്ക് എല്ലാ വകുപ്പുകളുടെയും പിന്തുണ ആവശ്യമാണെന്നും പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.
കെടിഐഎൽ എംഡി ഡോ. മനോജ് കുമാർ കിനി, കോൺകോഡ് എക്സോട്ടിക് വോയേജസ് എംഡി ജെയിംസ് കൊടിയന്തറ, സ്പൈസ് ലാൻറ് ഹോളിഡെയ്സ് എംഡി റിയാസ് യുസി, സിജിഎച് എർത്ത് എംഡി ജോസ് ഡൊമനിക്, കേരള ടൂറിസം കൊ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് സജീവ് കുറുപ്പ്, കെടിഡിസി മുൻ എം ഡി രാഹുൽ ആർ എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.