- Trending Now:
കൊച്ചി: വ്യവസായങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ടൂറിസം മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയുടെ സമഗ്രവികസനത്തിനായി ടുറിസം വകുപ്പ് തയ്യാറാക്കിയ റൂട്ട് മാപ്പ് പ്രാവർത്തികമാക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് മുന്നോടിയായി വ്യവസായ വകുപ്പ് വിളിച്ചുചേർത്ത ടൂറിസം മേഖലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ടൂറിസം മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ വ്യവസായമാണ് ടൂറിസമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിൻറെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ സവിശേഷതകൾ ടൂറിസവുമായി യോജിക്കുന്നു. ടൂറിസം മേഖലയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് പിന്തുണയും പ്രോത്സാഹനങ്ങളും നൽകേണ്ടതുണ്ട്. ഇത്തരം വിഷയങ്ങൾ സർക്കാർ വളരെ ഗൗരവമായാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം വ്യവസായ മന്ത്രിയുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്തിട്ടുണ്ട്. ടൂറിസം നിക്ഷേപ സൗഹൃദമാണ് കേരളം എന്ന സന്ദേശമുയർത്തി കഴിഞ്ഞ വർഷം ടൂറിസം നിക്ഷേപക സംഗമവും സംഘടിപ്പിച്ചിരുന്നു. ഇതിനായാണ് പ്രത്യേക ഇൻവെസ്റ്റ്മെൻറ് സെൽ തുറന്നത്. ഇത്തരം സംരംഭങ്ങളിലൂടെ ടൂറിസം മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനായെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൻറെ സമ്പദ് വ്യവസ്ഥയിൽ ടൂറിസം മേഖലയ്ക്ക് പ്രധാന പങ്കുണ്ട്. കേരളത്തിന് അനുയോജ്യമായ നിരവധി സംരംഭങ്ങളാണ് ടൂറിസത്തിൻറെ ഭാഗമായുള്ളത്. കൂടുതൽ വളർച്ചയ്ക്ക് വലിയ സാധ്യതയുള്ള സംരംഭങ്ങളുടെ ഒരു വലിയ ശൃംഖലയാണിത്. ടൂറിസം സംരംഭങ്ങൾക്കുള്ള ഏകജാലക അനുമതി, നിക്ഷേപ സബ്സിഡി, വായ്പ ലഭ്യമാക്കാനുള്ള സഹായം തുടങ്ങിയവയിൽ വ്യവസായ വകുപ്പിന് കൂടുതൽ പിന്തുണ നൽകാനാകും.
ഹോസ്പിറ്റാലിറ്റി, ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, ഹൗസ് ബോട്ടുകൾ, അമ്യൂസ്മെൻറ് പാർക്കുകൾ, ഫുഡ് ടൂറിസം, ട്രാവൽ ആൻറ് ടൂറിസം സംരംഭങ്ങൾ തുടങ്ങിയവയിൽ സംസ്ഥാനത്തെ ടൂറിസം മേഖല ധാരാളം നിക്ഷേപ അവസരങ്ങൾ തുറന്നിട്ടുണ്ട്. ഈ സംരംഭങ്ങളെ ടൂറിസം വകുപ്പിൻറെ ഇൻവെസ്റ്റ്മെൻറ് സെല്ലുമായി ബന്ധിപ്പിച്ച് വ്യവസായ ആനുകൂല്യങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ പിന്തുണയോടെ വളർന്നു വന്ന സ്റ്റാർട്ടപ്പുകൾക്ക് ടൂറിസം മേഖലയിലും ധാരാളം അവസരങ്ങൾ ലഭ്യമാണ്. ടെക്നോളജി ഇന്നവേഷൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ടൂറിസം വകുപ്പ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
കയർ, കൈത്തറി, കരകൗശല നിർമ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായ കേന്ദ്രങ്ങളുമായി ടൂറിസത്തെ ബന്ധിപ്പിക്കുന്നത് ഒരു പ്രധാന അനുഭവവേദ്യ ടൂറിസം കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിൻറെ ആകർഷണം വർദ്ധിപ്പിക്കും.
ടൂറിസം മേഖലയിലെ സുസ്ഥിര വികസനം എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളിലും നിർണായകമാണ്. സംസ്ഥാനത്തിൻറെ ഉത്തരവാദിത്ത ടൂറിസം സംരംഭം ഈ ദിശയിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഗ്രീൻ എനർജി പോലുള്ളവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മാലിന്യ സംസ്കരണ സംവിധാനം കാര്യക്ഷമമാക്കുന്നതും പുനരുപയോഗ സാധ്യതയുള്ള നിർമ്മാണ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുന്നതും പ്രധാനമാണ്.
ഡാമുകൾ കേന്ദ്രീകരിച്ച് സീപ്ലെയിൻ സർവീസുകൾ ആരംഭിക്കുന്നതിലൂടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനാകും. സ്ഥിരമായ നിർമ്മാണങ്ങൾ സാധ്യമല്ലാത്ത ബീച്ചുകൾ പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ കൂടാരങ്ങളും ചെറിയ വീടുകളും പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകൾ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.