Sections

ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐ സി ആർ ടി ഗോൾഡ് പുരസ്ക്കാരം

Monday, Aug 19, 2024
Reported By Admin
Kerala Tourism in Beypore in Kozhikode district has won the prestigious Gold award of the Internatio

കോഴിക്കോട്: ടൂറിസം വകുപ്പ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐ സി ആർ ടി(ഇൻറർനാഷണൽ സെൻറർ ഫോർ റെസ്പോൺസിബിൾ ടൂറിസം) ഇന്ത്യ ചാപ്റ്ററിൻറെ 2024 ലെ ഉത്തരവാദിത്ത ടൂറിസം പുരസക്ക്കാരം. എംപ്ലോയിങ്ങ് ആൻറ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന വിഭാഗത്തിലാണ് ഈ വർഷത്തെ ഗോൾഡ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

തുടർച്ചയായി മൂന്നാം വർഷമാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷന് ഐസിആർ ടി ഗോൾഡ് പുരസ്ക്കാരം ലഭിക്കുന്നത്. 2022 - നാല് ഗോൾഡ് പുരസ്ക്കാരങ്ങളും 2023 ഒരു ഗോൾഡ് പുരസ്ക്കാരവും ഉത്തരവാദിത്ത ടൂറിസം മിഷൻ നേടിയിരുന്നു. ഇതോടെ തുടർച്ചയായി മൂന്ന് വർഷം വിവിധ കാറ്റഗറികളിൽ ഗോൾഡ് പുരസ്ക്കാരം നേടിയ രാജ്യത്തെ ഏക സർക്കാർ ഏജൻസിയായി ഉത്തരവാദിത്ത ടൂറിസം മിഷൻ മാറി. ഗോൾഡ് പുരസ്ക്കാരത്തിൽ അപൂർവ ഡബിൾ ഹാട്രിക്കും മിഷൻ നേടി.

എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിര ടൂറിസം വികസന മാതൃകയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിലൂടെ കേരളം മുന്നോട്ടു വയ്ക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസത്തിൻറെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രാദേശിക ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണമാണ് ഇതിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസത്തിന് പുതിയ ഡെസ്റ്റിനേഷനുകൾ ലഭിക്കാൻ ആർ മിഷൻ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു. പ്രാദേശിക ജനതയുടെ സക്രിയമായ പങ്കാളിത്തവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ ഉന്നമനത്തിനും വനിതാ-യുവത്വ ശാക്തീകരണത്തിനും ടൂറിസത്തെ ഉപയോഗിക്കാമെന്നതിൻറെ വിജയകരമായ മാതൃകയാണ് ആർടി പദ്ധതിയെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. പ്രകൃതിയിയെയും സാംസ്ക്കാരിക പാരമ്പര്യത്തെയും കാത്തു സൂക്ഷിക്കുന്നതു വഴി കേരളത്തിലേക്കെത്തുന്ന സന്ദർശകർക്ക് സമഗ്രമായ ടൂറിസം അനുഭവമാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

പങ്കാളിത്ത വികസനപദ്ധതിയുടെ മാതൃകയിൽ ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ എത്തിക്കാനുള്ള സ്വപ്നപദ്ധതിയുടെ ഭാഗമാണ് ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയെന്ന് ആർടി മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ പറഞ്ഞു. പദ്ധതിയുടെ ആദ്യ നാല് ഘട്ടങ്ങൾ നവംബറോടെ പൂർത്തിയാകും. മൊത്തം 112 ആർടി യൂണിറ്റുകളാണ് ഈ മേഖലയിൽ ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 30 - 31 തീയതികളി ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്ക്കാരം കൈമാറും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.