Sections

സമ്പൂർണ സ്ത്രീസൗഹാർദ്ദമാക്കി മാറ്റും; വിമൺ ഫ്രണ്ട്ലി ആപ്പുമായി കേരള ടൂറിസം വകുപ്പ്

Thursday, Jun 15, 2023
Reported By admin
app

ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം വനിതാസൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നത്


എക്കോ ഫ്രണ്ട്ലി മാത്രമല്ല വിമൺ ഫ്രണ്ട്ലി കൂടിയാക്കി മാറ്റാനൊരുങ്ങുകയാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ. ഇത്തരത്തിൽ സംസ്ഥാനത്തെ സമ്പൂർണ സ്ത്രീസൗഹാർദ്ദമാക്കി മാറ്റുന്നതിൻറെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈൽ ആപ്പുമായി ടൂറിസം വകുപ്പ് ഉടനെത്തും. ഉത്തരവാദിത ടൂറിസത്തിന്റെ പുതിയൊരു മുഖം.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂർ പാക്കേജുകൾ, അംഗീകൃത വനിതാ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേകൾ, വനിതാ ടൂർ ഗൈഡുമാർ, ക്യാമ്പിംഗ് സൈറ്റുകൾ, കാരവനുകൾ, ഭക്ഷണശാലകൾ തുടങ്ങി വനിതാ യാത്രികർക്ക് സഹായകമാകുന്ന എല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് മൊബൈൽ ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല.

ജെൻഡർ ഇൻക്ലുസീവ് ടൂറിസം എന്ന യു എൻ വിമൻ ആശയം കേരള ടൂറിസത്തിൽ നടപ്പാക്കുന്നതിൻറെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബർ 26 നാണ് കേരളത്തിൽ സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം വനിതാസൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഒന്നരലക്ഷം വനിതകളെ ഉൾപ്പെടുത്തി നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് യു എൻ വിമൻ ഉൾപ്പെടെയുള്ള ഏജൻസികളുടെ പിന്തുണയുണ്ട്. വിനോദസഞ്ചാര മേഖലയിൽ 10000 വനിതാ തൊഴിൽ സംരംഭങ്ങളും 30000 തൊഴിലും ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻറെ ഭാഗമായാണ് മൊബൈൽ ആപ്പ് നിലവിൽ വരുന്നത്.

ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ആപ്പിനായുള്ള വിവരശേഖരണം, ടൂറിസം കേന്ദ്രങ്ങളിലെ സ്ത്രീസുരക്ഷ സംബന്ധിച്ച പഠനം എന്നിവ പരിശീലനം നേടിയ വനിതകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തിവരുന്നു. പദ്ധതിയുടെ ഭാഗമായി ഇതിനോടകം 1800 പേർ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികൾക്കുള്ള പരിശീലനം ജൂലൈ ആദ്യവാരം ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.