Sections

വന്ദേഭാരത് എക്‌സ്പ്രസ് യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതായി കേരളം

Sunday, Jul 02, 2023
Reported By admin
vande bharath

മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിൻ എന്ന ബഹുമതിയാണ് കാസർഗോഡ്-തിരുവനന്തപുരം എക്സ്പ്രസ്സ് സ്വന്തമാക്കിയിട്ടുള്ളത്


വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതായി കേരളം. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിൻറെ ശരാശരി ഒക്യുപെൻസി കണക്കുകൾ പുറത്ത്. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. ഇവയിൽ കാസർഗോഡ് തിരുവനന്തപുരം വന്ദേഭാരതിൻറെ  ഒക്യുപെൻസി 183 ശതമാനമാണ്. തിരുവനന്തപുരം കാസർഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെൻസി 176 ശതമാനമാണ്.

തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗർ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്‌സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളിൽ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെൻസി വിലയിരുത്തുന്നത്. ദില്ലി വാരണാസി പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. 2019 ഫെബ്രുവരി 15നായിരുന്നു ഇത്. ഇതിനോടകം 46 വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസുകളാണ് രാജ്യത്തുള്ളത്. പരമാവധി വേഗമായി വന്ദേഭാരതിന് നിശ്ചയിച്ചിട്ടുള്ളത് മണിക്കൂറിൽ 160 കിലോമീറ്ററാണ്. തൊട്ട് പിന്നാലെ ഒക്യുപെൻസിയിലുള്ള സർവ്വീസുകളുമായി 50 ശതമാനത്തിലേറെ അന്തരമാണ് കേരളത്തിലെ വന്ദേഭാരതിനുള്ളത്.

മറ്റ് പാതകളിലെ ഒക്യുപെൻസി കണക്കുകൾ ഇപ്രകാരമാണ്

മുംബൈ സെൻട്രൽ ഗാന്ധിനഗർ  - 129
വാരണാസി ന്യൂദില്ലി-  128
ന്യൂദില്ലി വാരണാസി- 124
ഡെറാഡൂൺ അമൃത്സർ- 105
മുംബൈ ഷോളപൂർ -111
ഷോളപൂർ- മുംബൈ - 104
ഹൌറ ജൽപൈഗുരി -108
ജൽപൈഗുരി ഹൌറ - 103
പാട്‌ന റാഞ്ചി - 125
റാഞ്ചി പാട്‌ന -127
അജ്മീർ ദില്ലി - 60
ദില്ലി അജ്മീർ -83

ഏപ്രിൽ 1, 2022 മുതൽ ജൂൺ 21, 2023 വരെ 2140 ട്രിപ്പുകളാണ് വന്ദേഭാരത് നടത്തിയത്. 2520370 യാത്രക്കാരാണ് വന്ദേഭാരതിൽ സഞ്ചരിച്ചതെന്നാണ് ലഭ്യമായ കണക്കുകൾ വിശദമാക്കുന്നത്. നീണ്ട ചർച്ചകൾക്കും പ്രതീക്ഷകൾക്കും ആവേശത്തിനും നടുവിലൂടെയാണ് കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് എത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്സ്പ്രസാണ്. 23 വന്ദേ ഭാരത് ട്രെയിനുകളുള്ള രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിൻ എന്ന ബഹുമതിയാണ് കാസർഗോഡ്-തിരുവനന്തപുരം എക്സ്പ്രസ്സ് സ്വന്തമാക്കിയിട്ടുള്ളത്. വന്ദേഭാരത് എക്സ്പ്രസുകളുടെ സൂപ്പർ സ്റ്റാറായി കേരളത്തിന്റെ വന്ദേഭാരത് എക്സ്പ്രസുകൾ മാറുകയാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.