- Trending Now:
കൊച്ചി: ഹണിമൂൺ ഡെസ്റ്റിനേഷൻ എന്ന നിലയിൽ വളരാൻ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പ്രത്യേക പാക്കേജുകൾ ഉണ്ടാക്കി ഇതിന് തങ്ങളുടെ രാജ്യങ്ങളിൽ പ്രചാരം നൽകുമെന്നും കേരള ട്രാവൽ മാർട്ട് (കെടിഎം) 12-ാം പതിപ്പിലെ വിദേശ ടൂർ ഏജൻറുമാർ. മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ പാക്കേജുകളാണ് ഇത്തവണ കെടിഎമ്മിൽ തങ്ങൾ തേടുന്നതെന്നും അവർ പറഞ്ഞു. ആയുർവേദ-വെൽനെസ് ടൂറിസം മേഖലകൾക്കു പുറമേ ഒരു പ്രത്യേക ടൂറിസം ഉത്പന്നം എന്ന നിലയിൽ കേരളത്തിന് ഹണിമൂൺ ഡെസ്റ്റിനേഷനെ അവതരിപ്പിക്കാനാകുമെന്നും ഏജൻറുമാർ ചൂണ്ടിക്കാട്ടി. കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര-സാമുദ്രിക കൺവെൻഷൻ സെൻററിലാണ് കെടിഎമ്മിന് വേദിയാകുന്നത്.
ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുള്ള ചിലിയൻ ടൂർ ഏജൻറ് വെറോണിക്ക റിയോസെക്കോ ഹണിമൂൺ ഡെസ്റ്റിനേഷനുകൾ തേടിയാണ് കെടിഎമ്മിൻറെ ഭാഗമായി ഇത്തവണ കേരളം സന്ദർശിക്കുന്നത്. കേരളത്തിലെ ഹണിമൂൺ, ഫാമിലി ഹോളിഡേ പാക്കേജുകളിലാണ് ഇപ്പോൾ തൻറെ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വെറോണിക്ക പറഞ്ഞു. സാധാരണ തെക്കേ അമേരിക്കക്കാർ ഇന്ത്യയിലെ ടൂർ പാക്കേജിൽ ജയ്പൂർ, ആഗ്ര, ഡൽഹി എന്നിവിടങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് വരുന്നത് വിരളമാണ്. എന്നാൽ ഇപ്പോൾ സാഹചര്യം മാറുകയാണെന്ന് നൊമാഡ്സ് ചിലി എന്ന ടൂർ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്ന വെറോണിക്ക നിരീക്ഷിച്ചു. മനോഹരമായ ഭൂപ്രകൃതി, ബീച്ചുകൾ, കാലാവസ്ഥ, ഹൗസ് ബോട്ട്, ആതിഥേയ മര്യാദ തുടങ്ങിയവ കേരളത്തെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനാക്കുന്ന ഘടകങ്ങളാണ്. ഇന്ത്യ ട്രാവൽ മാർട്ടിൽ (ഐടിഎം) നടത്തിയ സന്ദർശനത്തിനിടെയാണ് കെടിഎമ്മിനെക്കുറിച്ച് അറിഞ്ഞതെന്നും അവർ പറഞ്ഞു.
തൻറെ ക്ലയൻറുകളിൽ ഭൂരിഭാഗവും ദമ്പതികളാണെന്നും ഹണിമൂൺ യാത്രകൾക്കായി കേരളത്തെയാണ് അവർ ഇഷ്ടപ്പെടുന്നതെന്നും സ്പെയിനിലെ ഇൻക്രെബിൾ മുണ്ടോ എന്ന ടൂർ സ്ഥാപനത്തിൽ നിന്നുള്ള ഡീഗോ സെൽമ പറഞ്ഞു. ഹണിമൂൺ ഡെസ്റ്റിനേഷൻ എന്ന പ്രത്യേകത കൊണ്ടാണ് ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിക്കുന്ന പ്രത്യേക ടൂർ പാക്കേജ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ ശേഷം മാലിദ്വീപിലേക്ക് പോകുന്നതിന് മുമ്പ് ഹണിമൂണിനായി കേരളത്തിൽ സമയം ചെലവഴിക്കാം. കേരളത്തിനായുള്ള പാക്കേജിൽ സ്കൂബ ഡൈവിംഗ് പോലുള്ള സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. കേരളത്തിൻറെ ഹണിമൂൺ പാക്കേജുകൾക്ക് സ്പെയിനിൽ വലിയ വിപണിയുണ്ടെന്നും കെടിഎമ്മിൽ സ്ഥിരമായി പങ്കെടുക്കുന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽനസ് ഡെസ്റ്റിനേഷനൊപ്പം സാഹസിക വിനോദത്തിൻറെയും മികച്ച കേന്ദ്രമാണ് കേരളമെന്ന് യുകെ ആസ്ഥാനമായുള്ള ദോസ് ട്രാവൽ ഗയ്സിൻറെ പ്രതിനിധി പീറ്റർ ഫോസ്റ്റർ പറഞ്ഞു. രോഗചികിത്സയ്ക്കൊപ്പം മാനസികാരോഗ്യത്തിൻറെയും പരമ്പരാഗത വൈദ്യശാസ്ത്രത്തിൻറെയും പ്രാധാന്യം തിരിച്ചറിയുന്നില്ല എന്നതാണ് യുകെയിലെ ഡോക്ടർമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നം. വെൽനെസ് ടൂറിസവുമായി ബന്ധപ്പെട്ട് വരുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗവും പരമ്പരാഗത രോഗ ശാന്തി ചികിത്സയിലും ജൈവഭക്ഷണത്തിലും താൽപ്പര്യമുള്ളവരാണ്. അതിനാൽ ആയുർവേദത്തിൻറെ ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുകയാണ്. യുകെയിലെ യുവതലമുറയിലെ ഡോക്ടർമാർക്ക് ആയുർവേദത്തെക്കുറിച്ച് ധാരണയുണ്ട്. കോവിഡ്-19 ന് ശേഷം സൂം, ഗൂഗിൾ മീറ്റിംഗുകൾ രോഗികൾക്ക് ഇന്ത്യയിലെ അവരുടെ ഡോക്ടർമാരുമായി കൂടിയാലോചിക്കാൻ സഹായകരമാണെന്നും ഫോസ്റ്റർ പറഞ്ഞു.
ആയുർവേദ പാക്കേജുകൾക്ക് റഷ്യയിൽ ആവശ്യക്കാരുണ്ടെന്നും അത് അവിടെ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും റഷ്യൻ ടൂർ ഏജൻറ് ഓൾഗ ഗബ്രസ് വെളിപ്പെടുത്തി. രണ്ടാം തവണയാണ് ഓൾഗ കേരളത്തിലെത്തുന്നത്.
കെടിഎം 2024ൽ 76 രാജ്യങ്ങളിൽ നിന്നുള്ള 808 വിദേശ ബയർമാരാണുള്ളത്. ഇതിൽ 67 പേർ യുകെയിൽ നിന്നും 60 പേർ ഗൾഫിൽ നിന്നും 55 പേർ യുഎസിൽ നിന്നും 34 പേർ റഷ്യയിൽ നിന്നുമുള്ളവരാണ്. യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് 245 ബയേഴ്സാണുള്ളത്. ആഫ്രിക്കയിൽ നിന്ന് 41 ഉം മറ്റുള്ളവർ കിഴക്കൻ ഏഷ്യയിൽ നിന്നുമുള്ളവരാണ്. ഇന്ത്യയിൽ നിന്നുള്ള ബയേഴ്സിൽ മഹാരാഷ്ട്ര (578) യാണ് മുന്നിൽ. തൊട്ടുപിന്നിൽ ഡൽഹി (340), ഗുജറാത്ത് (263). 2839 ബയേഴ്സ് ആണ് ഇത്തവണ കെടിഎമ്മിലുള്ളത്. ഇത് കെടിഎമ്മിൻറെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സംഖ്യയാണ്.
കെടിഎമ്മിലെ എക്സ്പോ ഞായറാഴ്ച (സെപ്റ്റംബർ 29) ഉച്ചയ്ക്ക് ഒരുമണി മുതൽ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.