Sections

രാജ്യത്ത് ആദ്യമായി സംരംഭകത്വ സൂചിക പ്രഖ്യാപിച്ച് കേരളം

Tuesday, Jul 30, 2024
Reported By Admin
Kerala to announce entrepreneurship index

കൊച്ചി: രാജ്യത്താദ്യമായി കേരളം സംരംഭകത്വ സൂചിക പ്രഖ്യാപിക്കുന്നു. കൊച്ചിയിൽ വ്യവസായ-വാണിജ്യവകുപ്പും കെഎസ്ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച തുടർനിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യവെ വ്യവസായ-കയർ-നിയമവകുപ്പ് മന്ത്രി പി രാജീവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സംരംഭകത്വ സൂചിക മൂന്ന് മാസത്തിനുള്ളിൽ നിലവിൽ വരും. ഇത് വരുന്നതോടെ എല്ലാ ജില്ലകൾക്കും റാങ്കിംഗ് ഉണ്ടാകും. വ്യവസായ സൗഹൃദ ഘടകങ്ങൾ അടിസ്ഥാനമാക്കിയാകും ഇത് തീരുമാനിക്കുന്നത്. ഏത് വ്യവസായത്തിന് ഏത് ജില്ലയാണ് മികച്ച് നിൽക്കുന്നത്, കൂടുതൽ അവസരം ഏത് ജില്ലകൾക്കാണ് തുടങ്ങിയ മാതൃകയിലാണ് ഇത് നടപ്പാക്കുന്നത്. ആരോഗ്യമേഖലയിൽ പുറത്തിറക്കുന്ന സൂചികകളുടെ മാതൃക തന്നെയാണ് സംരംഭകത്വ സൂചികയിലും അവലംബിച്ചിരിക്കുന്നത്.

വ്യവസായങ്ങളുടെ പരാജയനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദേശീയശരാശരി 30 ശതമാനമാണെങ്കിൽ കേരളത്തിൽ അത് 15 ശതമാനമാണെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. ഏതു തരം വ്യവസായത്തിനാണ് കേരളത്തിലെ ഓരോ ജില്ലകളിലും സാധ്യതയെന്ന് സംരംഭകത്വ സൂചിക പരിശോധിച്ചാൽ ഒറ്റനോട്ടത്തിൽ മനസിലാകും. പണം മുടക്കുന്നവർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത രണ്ട് വർഷങ്ങൾ നിക്ഷേപങ്ങളുടെ വർഷമായി കണക്കാക്കും. ഗ്രാമീണതലം മുതൽ നിക്ഷേപസമാഹരണത്തിന് പഞ്ചായത്തുകൾ തോറും നിക്ഷേപക സംഗമം നടത്തും. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇത് നടത്തുന്നത്. അതത് പഞ്ചായത്തുകളിലെ വ്യവസായ കാഴ്ചപ്പാടും നിക്ഷേപ സാധ്യതകളും ഇതിലൂടെ വിലയിരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ 300 ഓളം തെരഞ്ഞെടുത്ത സംരംഭകരാണ് തുടർനിക്ഷേപക സംഗമത്തിൽ പങ്കെടുത്തത്. വ്യവസായനയം, വിവിധ അനുമതികൾ, മറ്റ് വകുപ്പുകളുമായുള്ള ആശയവിനിമയം തുടങ്ങി നിരവധി സെഷനുകളാണ് തുടർനിക്ഷേപക സംഗമത്തിൽ നടന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.