Sections

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാൽപ്പതിൽ ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാർട്ടപ്പായ തിത്തിത്താര

Tuesday, Oct 01, 2024
Reported By Admin
Thithithara.com recognized among top 40 PropTech startups at India PropTech Demo Day by RealtyNXT

കൊച്ചി: മുംബൈയിൽ റിയാൽട്ടിനെക്സ്റ്റ് നടത്തിയ റിയൽ എസ്റ്റേറ്റ് ടെക്നോളജി പ്രദർശനമായ ഇന്ത്യ പ്രൊപ്ടെക് ഡെമോ ഡേയിൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ തിത്തിത്താര ഡോട് കോം ആദ്യ നാൽപത് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ലോകത്തിൻറെ ഏത് ഭാഗത്തുള്ള മലയാളികൾക്കും കേരളത്തിൽ സ്ഥലമോ പാർപ്പിടമോ വാങ്ങുന്നതിനുള്ള എഐ അധിഷ്ഠിതമായ വെബ്സൈറ്റാണ് തിത്തിത്താര.

രാജ്യത്തെ ഓൺലൈൻ റിയൽ എസ്റ്റേറ്റ് ഭീമന്മാരോട് മത്സരിച്ചാണ് തിത്തിത്താര പട്ടികയിൽ ഇടം പിടിച്ചത്. വസ്തു വാങ്ങാനുള്ളവർ, വിൽക്കാനുള്ളവർ, നിർമ്മാതാക്കൾ എന്നിവർക്കായുള്ള സമഗ്ര സേവനമാണ് തിത്തിത്താര നടത്തുന്നത്.

തികച്ചും സങ്കീർണതകളില്ലാതെ വസ്തുവിൻറെ പരസ്യം നൽകുന്നത് മുതൽ അതിൻറെ രജിസ്ട്രേഷൻ കഴിയുന്നത് വരെയുള്ള സേവനം തിത്തിത്താര നൽകുന്നുണ്ടെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ അബ്ദുൾ ഹർഷാദ് കെ പറഞ്ഞു. നിലവിൽ കേരളത്തിലെ പ്രോപ്പർട്ടികൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. സമീപഭാവിയിൽ തന്നെ ഗൾഫ് രാജ്യങ്ങളിലേക്കും കാനഡ പോലുള്ള സ്ഥലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിത്തിത്താരയുടെ പ്രവർത്തനമെന്ന് സഹസ്ഥാപകനായ അദ്നാൻ കോട്ട പറഞ്ഞു. താരാബോട്ട് എന്ന ചാറ്റ് ബോട്ടിലൂടെ ഉപഭോക്താക്കൾക്ക് നിസ്സീമമായ ബ്രൗസിംഗ് അനുഭവം ലഭിക്കും. വാട്സാപ്പ് വഴി പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്യാനുള്ള സംവിധാനം കൂടിയുള്ളതിനാൽ എല്ലാവരിലേക്കും ഇത് വേഗത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം സ്വദേശികളായ അബ്ദുൾ ഹർഷാദ്, അദ്നാൻ കോട്ട എന്നിവർ ചേർന്നാണ് 2022 ലാണ് തിത്തിത്താര ആരംഭിച്ചത്. കോഴിക്കോട്ട് കിൻഫ്ര കാമ്പസിലാണ് കമ്പനിയുടെ ആസ്ഥാനം. കെഎസ് യുഎമ്മിൻറെ യുണീക് ഐഡിയുള്ള സ്ഥാപനമാണ് തിത്തിത്താര.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.