Sections

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ്: മന്ത്രി ജി ആർ അനിൽ

Tuesday, Mar 25, 2025
Reported By Admin
Government Fair Price Markets in Kerala: Up to 40% Discount on Essential Goods for Ramzan, Easter, a

റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ ഗവൺമെന്റ് നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റർ, വിഷു, റംസാൻ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന ഔട്ട്ലെറ്റുകളിൽ ഫെയറിനുള്ള സൗകര്യങ്ങൾ ഒരുക്കി. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് നിലവിലെ ഔട്ട്ലെറ്റുകളിൽ വിപണന മേള ക്രമീകരിക്കുന്നത്.

മാർച്ച് 30 വരെ റംസാൻ ഫെയറും എപ്രിൽ 10 മുതൽ 19 വരെ വിഷു, ഈസ്റ്റർ ഫെയറും നടക്കും. മാർക്കറ്റിൽ നിലവിലെ ഉൽപ്പന്നത്തിന്റെ വിലയെ അപേക്ഷിച്ച് 40% വരെ വിലക്കുറവാണ് ഫെയറുകളിലുള്ളത്.

285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപക്കാണ് സപ്ലൈകോ നൽകുന്നത്. അതുപോലെ മറ്റ് 13 നിത്യോപയോഗ സാധനങ്ങൾ 35 മുതൽ 40 ശതമാനം വിലകുറച്ച് വില കുറച്ച് നൽകുന്നതിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വരുന്നു. നിരവധി തവണ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉൽപ്പന്നങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി പരമാവധി വില കുറയ്ക്കാൻ ഗവൺമെന്റ് സമ്മർദം ചെലുത്തുന്നത്കൊ ണ്ടാണ് ഇത്തരത്തിൽ വില കുറച്ച് പരമാവധി ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുന്നത്. ഉത്സവ കാലയളവിൽ സബ്സിഡി ഉൽപ്പന്നങ്ങൾ കൃത്യമായി എത്തിക്കാനുള്ള 'നടപടി സപ്ലൈകോ സ്വീകരിക്കുകയുണ്ടായി. അതു കൂടാതെ മറ്റ് ഉൽപ്പനങ്ങൾ ഏകദേശം 15 മുതൽ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.ഏറ്റവും കൂടുതൽ വിൽപ്പന വരുന്ന വിവിധ തരത്തിലുള്ള ബിരിയാണി അരിക്ക് പൊതുവിപണിയിൽ 85, 120 രൂപ വില വരുമ്പോൾ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നൽകുന്നത്.

സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം വിലക്കുറവുണ്ട്. പൊതുജനങ്ങൾ പരമാവധി സപ്ലൈകോ സംഘടിപ്പിക്കുന്ന ഫെയറുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.

ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സപ്ലൈകോ റീജയണൽ മാനേജർ സജാദ് എ സ്വാഗതമാശംസിച്ചു. വാർഡ് കൗൺസിലർ ജാനകി അമ്മാൾ എസ് ആശംസയർപ്പിച്ചു. ഡിപ്പോ മാനേജർ ബിജു പി വി കൃതഞ്ജത അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.