- Trending Now:
അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുളള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്.
ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് (ചൂട് കുരു) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം. യാത്രാവേളയിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കുവാൻ കുട ഉപയോഗിക്കുന്നത് ശീലമാക്കുക. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേതുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ചെറിയ യാത്രകളിലാണെങ്കിലും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കേണ്ടുന്ന സാഹചര്യത്തിലും സൂര്യാഘാതമേൽക്കാത്ത വിധം ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക. അതും അയഞ്ഞ വസ്ത്രങ്ങളാണ് ഉചിതം.
കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക, പഴവർഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപെടുത്തുക. പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് ചൂടുകാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നത് ദഹനത്തെ സഹായിക്കും.പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. വെള്ളരി, കുമ്പളം, പടവലം, മത്തൻ, തക്കാളി എന്നിവയെല്ലാം നല്ലതാണ്. ചക്കയും മാങ്ങയും തുടങ്ങി നാട്ടിൽ കിട്ടുന്ന എന്ത് പഴവും പരമാവധി കഴിക്കണം. കൂട്ടത്തിൽ ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചുമെല്ലാം വേനൽചൂട് കുറക്കാൻ ശരീരത്തെ സഹായിക്കും. തൈരും മോരും ചെറുനാരങ്ങാ വെളളവുമെല്ലാം ധാരാളമായി ഉപയോഗിക്കാം. ചെറുനാരങ്ങാ വെള്ളം ഉപ്പിട്ടു കലക്കുന്നതാണ് നല്ലത്. വിയർപ്പിലൂടെ നഷ്ടമാകുന്ന സോഡിയം ക്ലോറൈഡ് പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളെ ശരീരത്തിലെത്തിക്കാൻ ഈ ഉപ്പിട്ട മോരുവെള്ളത്തിനും ചെറുനാരങ്ങാ വെള്ളത്തിനുമെല്ലാം സാധിക്കും. മാംസാഹാരങ്ങളും ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതുമായ ഭക്ഷണവും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.