Sections

യൂണികോൺ ഇന്ത്യയിൽ നിന്ന് വെൻറപ്പ് സ്റ്റാർട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

Tuesday, Sep 24, 2024
Reported By Admin
Venrup startup secures seed funding for MSME digital platform development

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ ബംഗളുരു ആസ്ഥാനമായി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വെൻറപ്പ് സ്റ്റാർട്ടപ്പ് യൂണികോൺ ഇന്ത്യ വെഞ്ചേഴ്സിൽ നിന്ന് സീഡ് ഫണ്ട് സമാഹരിച്ചു. ബിസിനസ് വളർച്ചയ്ക്കും സ്വദേശിവൽക്കരണ പ്രോഗ്രാം മാനേജ്മെൻറിനുള്ള സാങ്കേതിക വികസനത്തിനുമായാണ് കമ്പനിയ്ക്ക് സീഡ് ഫണ്ട് ലഭിച്ചത്.

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട എംഎസ്എംഇകളെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സംയോജിപ്പിച്ച് വിപ്ലവം സൃഷ്ടിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് സീഡ് ഫണ്ടിംഗ് സഹായകരമാകും. എയ്റോസ്പേസ്, ഗ്രീൻ ഹൈഡ്രജൻ, കപ്പൽ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലെ നെറ്റ്വർക്കിംഗ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വെൻറപ്പ് സ്റ്റാർട്ടപ്പ് 2023 ലാണ് പ്രവർത്തനം ആരംഭിച്ചത്. വെൻറപ്പ് വെഞ്ചേഴ്സിൻറെ സഹസ്ഥാപകനും സിഇഒയുമായ സന്ദീപ് നായർ, വെൻറപ്പ് സഹസ്ഥാപകരായ എം. വസീം അങ്ക്ലി (സിഒഒ), ജോസഫ് പനക്കൽ (സിഎംഒ) എന്നിവരാണ് സ്റ്റാർട്ടപ്പിന് പിന്നിൽ.

ആഗോള ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ നിന്ന് ഗുണനിലവാരമുള്ള മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് ഒരൊറ്റ പ്ലാറ്റ്ഫോം സൃഷ്ടിക്കാനാണ് വെൻറപ്പ് ലക്ഷ്യമിടുന്നതെന്ന് വെൻറപ്പ് വെഞ്ചേഴ്സിൻറെ സഹസ്ഥാപകനും സിഇഒയുമായ സന്ദീപ് നായർ പറഞ്ഞു. രാജ്യത്തെ ഒരു ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റുന്നതിന് ഇത് കാരണമാകും. നിർമ്മാണ മേഖലയിൽ ഇറക്കുമതി ചെയ്ത ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും നിർണായക പ്രോജക്റ്റുകളിൽ പ്രാദേശികവത്ക്കരണം വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങളുടെ ഭാഗമാകുന്നതിലൂടെയും ഈ മേഖലയിലെ പ്രധാന വെല്ലുവിളികളെ നേരിടാൻ വെൻറപ്പ് പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016-ൽ സ്ഥാപിതമായ യൂണികോൺ ഇന്ത്യ വളർന്നുവരുന്നതും ദീർഘവീക്ഷണമുള്ളതുമായ സ്റ്റാർട്ടപ്പുകളിൽ മൂലധനം നിക്ഷേപിക്കുന്ന ഒരു സാങ്കേതിക-കേന്ദ്രീകൃത പ്രാരംഭ-ഘട്ട വെഞ്ച്വർ ഫണ്ടാണ്.

ഊർജ്ജം, ഇവി, എയ്റോസ്പേസ്, പ്രതിരോധ മേഖലകളിലെ നിർണായക എഞ്ചിനീയറിംഗ് പരിഹാരങ്ങളുടേയും സങ്കീർണ്ണമായ ഘടകങ്ങളുടെയും പ്രാദേശിക ഉത്പാദനമാണ് വെൻറപ്പ് വാഗ്ദാനം ചെയ്യുന്നതെന്ന് സിഒഒ എം. വസീം അങ്ക്ലി പറഞ്ഞു.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശിക്കുന്നതിന് കമ്പനി പദ്ധതിയിടുന്നതായി സിഎംഒ ജോസഫ് പനക്കൽ അറിയിച്ചു. ഈ മേഖലയിൽ ആഗോളതലത്തിൽ പങ്കാളിത്തം വളർത്താനും ഇന്ത്യൻ നിർമ്മിത ഘടകങ്ങളുടെ മുൻനിര കയറ്റുമതിക്കാരൻ എന്ന സ്ഥാനം ഉറപ്പിക്കാനുമാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വർഷത്തിനുള്ളിൽ മികച്ച ടീമിനെ കെട്ടിപ്പടുക്കുക, വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കുക, പുതിയ വിപണികളിലേക്ക് കമ്പനിയെ വിപുലീകരിക്കുക എന്നിവയിലൂടെ വരുമാനം അഞ്ചിരട്ടി വർദ്ധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ 50 പുതിയ ഉപഭോക്താക്കളെ അതിൻറെ പ്ലാറ്റ്ഫോമിലേക്ക് ചേർക്കാനും വെൻറപ്പ് ലക്ഷ്യമിടുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.