- Trending Now:
സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെ കുറിച്ച് നിരവധി സംശയങ്ങൾ നമ്മളിൽ പലർക്കുമുണ്ടാകും. എന്നാൽ അവയൊക്കെ എങ്ങനെയാണ് നാം ദൂരീകരിക്കുന്നത്? പലപ്പോഴും അതത് വകുപ്പുകളുടെ ഓഫീസുകളിൽ കയറിയിറങ്ങുക എന്നതാണ് ഇതിനുള്ള ഒരേയൊരു പോംവഴി. എന്നാൽ ഇപ്പോഴിതാ, ഈ പ്രശ്നത്തിന് മികച്ച പരിഹാരവുമായി എത്തിയിരിക്കുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ പ്രവർത്തിക്കുന്ന ടെസ് (Tesz) എന്ന സ്റ്റാർട്ടപ്പ്.
സർക്കാരിന്റെ വിവിധ വകുപ്പുകളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾക്കെല്ലാം ടെസ് പ്ലാറ്റ്ഫോം മറുപടി നൽകും. ആലപ്പുഴ സ്വദേശിയായ തൗസിഫ് മുഹമ്മദാണ് സ്റ്റാർട്ടപ്പിന് പിന്നിൽ. ഒരുമാസം ഏകദേശം 6 ലക്ഷത്തോളം പേരാണ് ടെസ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുന്നതെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്. 2020ലാണ് ടെസ് പ്രവർത്തനമാരംഭിച്ചത്. 25,000ത്തിലധികം ചോദ്യങ്ങളും, അവയ്ക്കുള്ള ഉത്തരങ്ങളും ഇതിനോടകം തന്നെ ടെസിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്.
സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അറിയണമെങ്കിൽ, ഉദാഹരണത്തിന് ഭൂമിസംബന്ധമായതോ, നികുതി, ആർടിഒ സംബന്ധമായതോ ആയ കാര്യങ്ങളിലെല്ലാമുള്ള സംശയങ്ങൾ ടെസ് പ്ലാറ്റ്ഫോമിലൂടെ ചോദിച്ചറിയാൻ സാധിക്കും. ചോദ്യങ്ങൾക്ക് അതത് വകുപ്പുകളിലെ തന്നെ ഉദ്യോഗസ്ഥരോ അല്ലെങ്കിൽ ആ മേഖലയിൽ വൈദഗ്ധ്യമുള്ളവരോ മറുപടി നൽകും.അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് ചാറ്റ് ബട്ടണും പ്ലാറ്റ്ഫോം ലഭ്യമാക്കുന്നുണ്ട്. സംശയങ്ങൾക്ക് ഉദ്ദേശിച്ച രീതിയിലുള്ള വിശദീകരണം ലഭിച്ചില്ലെന്നു തോന്നിയാൽ ഈ വാട്സാപ്പ് ചാറ്റ് വഴിയും ഉപയോക്താക്കൾക്ക് അവരുമായി സംവദിക്കാം. സ്വന്തം ഇ മെയിൽ ഐഡിയുപയോഗിച്ച് ഏതൊരാൾക്കും സൗജന്യമായി ടെസിന്റെ വെബ്സൈറ്റ് ലോഗിൻ ചെയ്ത് സംശയങ്ങൾ ചോദിക്കാൻ സാധിക്കും.
ഗൂഗിളുമായി സഹകരിച്ച് സെർച്ച് റിസൾട്ടുകളിൽ ടെസ്സിന്റെ പ്രതികരണങ്ങൾ ഏറ്റവുമാദ്യം ലഭ്യമാക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ പ്ലാറ്റ്ഫോം ഏകോപിപ്പിക്കുന്നുണ്ട്. സർക്കാർ കാര്യങ്ങളിൽ ആധികാരികമായി വിവരങ്ങൾ കൈമാറാൻ സാധിക്കുന്ന വിദഗ്ധർ സ്വമേധയാ സേവന സന്നദ്ധതയോടെ പ്ലാറ്റ്ഫോമിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും, ഇ മെയിൽ സംവിധാനം വഴിയും വിവിധ സർക്കാർ വകുപ്പുകൾ നിലവിൽ പൊതുജനങ്ങളുമായി സംവദിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും വകുപ്പുകളുടെ പ്രതികരണങ്ങൾ ചുരുക്കം ചിലരിലേക്കു മാത്രം എത്തിച്ചേരുന്ന പ്രവണതയുണ്ട്. ടെസ് പ്ലാറ്റ്ഫോം ഈ പരിമിതിയെ മറികടക്കാൻ സഹായിക്കുന്നു.
നിലവിൽ കേരളത്തിൽ കില, കെ-ഡിസ്ക്ക്, കെഎസ്എഫ്ഇ തുടങ്ങിയവയും, കേന്ദ്രസർക്കാരിന്റെ ഡിജിലോക്കർ എന്നിവയുമാണ് പ്രധാനമായും ടെസ് പ്ലാറ്റ്ഫോമിനു കീഴിൽ സജീവമായി പ്രവർത്തിക്കുന്നത്. പ്രതികരണങ്ങളിലെ സ്ഥിരത നിലനിർത്തുന്നതിന് രണ്ട് പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ടെസ് നടത്തിവരുന്നു. ഒന്ന് വകുപ്പുകളെയെല്ലാം ഓൺബോർഡ് ചെയ്യിക്കുക എന്നതാണ്. മറ്റൊന്ന് മികച്ച രീതിയിൽ പ്രതികരണം നൽകുന്ന വകുപ്പുകൾക്ക് അവാർഡ് ഏർപ്പെടുത്തുന്നു. ഉപഭോക്താക്കളുടെ മികച്ച റേറ്റിംഗ്, നിരന്തരമായി മറുപടി നൽകുന്ന വകുപ്പുകൾ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളാണ് അവാർഡിനായി വിലയിരുത്തുന്നത്. 2022ൽ മാത്രം ഇത്തരത്തിൽ ഏഴ് വകുപ്പുകളെ ടെസ് തെരഞ്ഞെടുത്തിരുന്നു. 50ലധികം ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ വകുപ്പുകളെയായിരുന്നു തെരഞ്ഞെടുത്തത്. 20 മുതൽ 30 ശതമാനം വരെ ചോദ്യങ്ങൾക്ക് ഒന്നോ, രണ്ടോ ദിവസത്തിനുള്ളിലും, ബാക്കി ഏകദേശം 50 ശതമാനം ചോദ്യങ്ങൾക്കും ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിലും ടെസ് പ്ലാറ്റ്ഫോം ഉത്തരം ലഭ്യമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.