- Trending Now:
പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്
സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളെ കോ-വർക്കിംഗ് സ്‌പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻറെ LEAP(ലോഞ്ച്, എംപവർ, അക്‌സിലറേറ്റ്, പ്രോസ്പർ) പദ്ധതിയുടെ ആദ്യ കേന്ദ്രം കാസർകോഡ് പ്രവർത്തനമാരംഭിച്ചു.
സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളെ കോ-വർക്കിംഗ് സ്‌പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻറെ പദ്ധതിയാണ് LEAP. സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ലീപ് സെൻററുകളിൽ രജിസ്റ്റർ ചെയ്യാം. മികച്ച രീതിയിൽ രൂപകൽപന ചെയ്ത തൊഴിലിടങ്ങൾ, അതിവേഗ ഇൻറർനെറ്റ്, മീറ്റിംഗ് റൂമുകൾ, തുടങ്ങി ആധുനികമായ സൗകര്യങ്ങൾ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകൾക്ക് ദിവസ-മാസ വ്യവസ്ഥയിൽ ഈ സൗകര്യങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കാനാകും. വർക്കം ഫ്രം ഹോം ചെയ്യുന്നവർക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകൾക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാർട്ടപ്പുകൾക്ക് വിദഗ്‌ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ലീപ് സെൻററുകളിൽ രജിസ്റ്റർ ചെയ്യാമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ''സംസ്ഥാനത്ത് കെഎസ് യുഎമ്മിന് കീഴിലുള്ള എല്ലാ ഇൻകുബേഷൻ കേന്ദ്രങ്ങളിലും ലീപ് സംവിധാനം ഏർപ്പെടുത്തും. ഉടൻ തന്നെ സംസ്ഥാന വ്യാപകമായി ലീപ് കേന്ദ്രങ്ങൾ വരാൻ പോകുകയാണ്.''
തൊഴിലെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ധാരാളമുണ്ട്. എന്നാൽ കുടുംബ മേൽനോട്ടത്തിൻറെ പരിമിതികൾ മൂലം ഇഷ്ടപ്പെട്ട തൊഴിലെടുക്കാൻ പലപ്പോഴും സാധിക്കുന്നില്ലെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം സിഎംഡി ഉഷാ ടൈറ്റസ് ചൂണ്ടിക്കാട്ടി. ''ലീപ് കേന്ദ്രങ്ങൾ വ്യാപകമാകുന്നതോടെ ചെറുനഗരങ്ങളിൽ താമസിക്കുന്നവർക്കും ഐടി തൊഴിൽ എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. അവസരങ്ങൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് വനിതാ ശാക്തീകരണത്തിൻറെ ഭാഗമാണ്.''
കാസർകോഡ് എംഎൽഎ എൻ എ നെല്ലിക്കുന്ന് ഉദ്ഘാടകനായ ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ടെക്‌ജെൻഷ്യ സ്ഥാപകൻ ജോയ് സെബാസ്റ്റ്യൻ, എഫ് സി റോവറിലെ ഫിറോസ്, ലൈവ് ലോ സ്ഥാപകൻ പി വി ദിനേശ് ,അഡ്വ. ഹരീഷ് വാസുദേവൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ഡ്രോൺ എക്‌സ്‌പോ, വർക്ക്‌ഷോപ്പുകൾ, ചാറ്റ് ജിടിപി വർക്ക്‌ഷോപ്പ്, വിദ്യാർത്ഥികൾ, യുവാക്കൾ, നവ സംരംഭകർ എന്നിവർക്കുള്ള കരിയർ ക്ലിനിക്ക്, സ്റ്റാർട്ടപ്പ് എക്‌സ്‌പോ തുടങ്ങിയവയും ഒരുക്കിയിരുന്നു. ലീപ് പദ്ധതിയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത പത്ത് സ്റ്റാർട്ടപ്പുകൾക്കുള്ള കിറ്റും ചടങ്ങിൽ വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.