- Trending Now:
ലഹരി വിമുക്തപ്രവർത്തനങ്ങളിലെ രഹസ്യാത്മകതയടക്കം വിവിധ സംവിധാനങ്ങൾ ഫലപ്രദമായി മുന്നോട്ടു കൊണ്ട് പോകാൻ തക്ക സാങ്കേതികവിദ്യ തേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഹാക്കത്തോണിലൂടെ ലഹരി വിരുദ്ധ പ്രചാരണങ്ങൾ, രഹസ്യമായ അറിയിപ്പ് നൽകൽ തുടങ്ങിയ നിലവിലെ വെല്ലുവിളികൾക്കു സാങ്കേതികമായി പരിഹാരം കാണുകയാണ് ലക്ഷ്യം.
30 മണിക്കൂർ നീണ്ടു നിൽക്കുന്ന ദേശീയ ഹാക്കത്തോൺ കാസർഗോഡാണ് സംഘടിപ്പിക്കുക. കാസർകോഡ് കേന്ദ്രസർവകലാശാല, ജില്ലാപഞ്ചായത്ത്, എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടപ്പുകൾ, നൂതന കണ്ടുപിടുത്തക്കാർ, വിദ്യാർത്ഥികൾ, സാങ്കേതികവിദ്യാ അഭിരുചിയുള്ളവർ തുടങ്ങിയവർക്ക് ഇതിൽ പങ്കെടുക്കാം. ഇവരുടെ ആശയങ്ങളിൽ മികച്ചത് കണ്ടെത്തി സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സാങ്കേതിക മികവ് കൊണ്ട് വരുകയാണ് കേരള സ്റ്റാർട്ടപ് മിഷന്റെ ലക്ഷ്യം.
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാങ്കേതികവിദ്യാ പരിഹാരങ്ങൾ എന്നതാണ് ഹാക്കത്തോണിൻറെ പ്രമേയം. ലഹരി വിമുക്ത പ്രവർത്തനങ്ങളിലെ വെല്ലുവിളികളാണ് ഹാക്കത്തോണിനായി മത്സരാർത്ഥികൾക്ക് നൽകുന്നത്. അത്തരം വെല്ലുവിളികൾക്ക് ഏറ്റവും മികച്ച പരിഹാരം കണ്ടെത്തുന്ന വ്യക്തിക്ക് 50,000 രൂപ സമ്മാനവും കെഎസ്യുഎമ്മിൻറെ 3 ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന ഐഡിയാ ഗ്രാൻറ് പദ്ധതിയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
കേന്ദ്രസർവകലാശാല കാസർകോഡ് ജില്ലയിലെ 1000 വിദ്യാർത്ഥികളിലും 500 അധ്യാപകരിലും നടത്തിയ സർവേ വഴി കണ്ടെത്തിയ പ്രശ്നങ്ങളാണ് മത്സരാർത്ഥികൾക്ക് നൽകുന്നത്. ലഹരി ഉറവിടത്തെയും ഉപയോഗത്തെയും പറ്റി അറിയിപ്പ് കൊടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ പുറത്താകാതെ അധികൃതർക്ക് ലഹരി ഉപയോഗത്തെക്കുറിച്ച് അറിവ് നൽകുന്ന സാങ്കേതികവിദ്യ ആവശ്യമാണ്. ഇത്തരം വിവരങ്ങൾ നൽകുന്നവർക്ക് രഹസ്യമായി തന്നെ പാരിതോഷികം നൽകാനുമുള്ള സംവിധാനം വേണം. ലഹരിക്കെതിരായ എല്ലാ വിവരങ്ങളും സമഗ്രമായി അധികൃതരിലേക്കെത്തിക്കുവാൻ ശേഷിയുള്ളതാകണം ഈ പരിഹാരമാർഗങ്ങൾ. കൃത്യമായ ഇടവേളകളിൽ സാമൂഹ്യമാധ്യമങ്ങൾ വഴി ലഹരി വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്തുകയും അവരെ ആദരിക്കുകയും ചെയ്യാൻ സാധിക്കണം. സന്നദ്ധസംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ ലഹരി വിരുദ്ധ പ്രചാരണങ്ങൾ പങ്കാളികളാക്കാനും ഇത് വഴി ലക്ഷ്യമിടുന്നു. ഇതിനൊക്കെ സഹായിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തി വികസിപ്പിച്ചു നടപ്പാക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം.
ഏപ്രിൽ 26-27 തിയതികളിൽ നടക്കുന്ന ഹാക്കത്തോണിലേക്ക് രാജ്യവ്യാപകമായി 16-ാം തിയതി വരെ അപേക്ഷിക്കാവുന്നതാണ്. https://startupmission.in/antidrug-hackathon/എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. കാസർകോട് കേന്ദ്രസർവകലാശാലയിലാണ് പരിപാടി നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.