Sections

ക്ഷേമപെന്‍ഷന്‍ ഇത്തവണയും വൈകും

Tuesday, Nov 01, 2022
Reported By MANU KILIMANOOR

വായ്പയെടുക്കുന്നതില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് പെന്‍ഷന്‍ വൈകാന്‍ കാരണം

ഒക്ടോബറിലെ ക്ഷേമപെന്‍ഷന്‍ വൈകും. സാമ്പത്തിക പ്രതിസന്ധിയും ക്ഷേമപെന്‍ഷന്‍ നല്‍കാനായി പ്രത്യേകം വായ്പയെടുക്കുന്നതില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണവുമാണ് വൈകാന്‍ കാരണം. സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന ക്ഷേമനിധി പെന്‍ഷനുകളും വൈകും.എല്ലാമാസങ്ങളിലും 27 മുതല്‍ അടുത്തമാസം ആറുവരെയാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ ഒക്ടോബറിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. സെപ്റ്റംബറിലെ പെന്‍ഷനും ആഴ്ചകളോളം വൈകിയിരുന്നു. 59 ലക്ഷം പേര്‍ക്ക് ഒരുമാസം പെന്‍ഷന്‍ നല്‍കാന്‍ 870 കോടിരൂപ വേണം.

സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നോ സഹകരണ സംഘങ്ങളില്‍നിന്നോ താത്കാലികമായി വായ്പയെടുത്ത് പെന്‍ഷന്‍ നല്‍കുകയായിരുന്നു സര്‍ക്കാരിന്റെ പതിവ്. ഇങ്ങനെ പണം സമാഹരിച്ച് വിതരണം ചെയ്യാന്‍ ക്ഷേമപെന്‍ഷന്‍ കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇങ്ങനെ വായ്പ എടുക്കുന്നത് ബജറ്റിന് പുറത്തുള്ള വായ്പയായി സി.എ.ജി. കണക്കാക്കി. ഇതുവരെ ഇതിനായി എടുത്ത 7200 കോടി രൂപയുടെ ഒരുവിഹിതംവീതം സംസ്ഥാനത്തിന്റെ പൊതുവായ്പാ പരിധിയില്‍ വര്‍ഷംതോറും കുറയ്ക്കാന്‍ കേന്ദ്രവും തീരുമാനിച്ചു. 

ഇതുവരെ അടച്ചുതീര്‍ത്ത വായ്പ കണക്കാക്കിയാല്‍ ബാധ്യത ഇത്രയും വരില്ലെന്ന സംസ്ഥാനത്തിന്റെ വാദവും കേന്ദ്രം അംഗീകരിച്ചില്ല. ഇതോടെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനുള്ള താത്കാലിക ക്രമീകരണത്തിനുള്ള സാധ്യത അടഞ്ഞു.പൊതുകടത്തിന്റെ ഭാഗമാകുമെന്നതിനാല്‍ ക്ഷേമപെന്‍ഷന്‍ കമ്പനിയുടെ വായ്പയ്ക്ക് സര്‍ക്കാര്‍ ഗാരന്റിയും പിന്‍വലിച്ചു. ഇതോടെ, എല്ലാ മാസങ്ങളിലും കൃത്യമായി നല്‍കിയിരുന്ന ക്ഷേമപെന്‍ഷന്‍ വിതരണം താളംതെറ്റി.ഒക്ടോബറില്‍ പൊതുകടത്തിന്റെ ഭാഗമായി 3500 കോടി കടമെടുത്തെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ആ പണത്തില്‍നിന്ന് ക്ഷേമപെന്‍ഷനായി മാറ്റിവെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.