- Trending Now:
യന്ത്രവത്കരണം വ്യപകമാകുന്നതിന് മുന്‍പ് കേരളത്തില്‍ കുടില്‍ വ്യവസായങ്ങള്‍ വഴി ജോലി ചെയ്തിരുന്ന നല്ലൊരു ശതമാനം ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പല മേഖലകളിലും യന്ത്രവത്കരണം നടപ്പായപ്പോള്‍ നല്ലൊരു ശതമാനം ആളുകളുടെയും ജോലി നഷ്ടപെടുകയും പലരും വേറെ ഉപജീവന മാര്‍ഗം തേടി പോവുകയും ചെയ്തു. കുടില്‍ വ്യവസായ ഉത്പന്നങ്ങള്‍ക്ക് പകരമായുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ പല ഉത്പന്നങ്ങളുടെയും ഡിമാന്‍ഡ് ഇടിയുകയും ചെയ്തത് കുടില്‍ വ്യവസായത്തിന് ഭീഷണിയുമായി. ഇപ്പോള്‍ കോവിഡും ലോക്ക്ഡൗണും അതിന്റെ ആഘാതം ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.
കയര്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് യന്ത്രവത്കരണം ഭീഷണിയായപ്പോള്‍ കുട,ചെരിപ്പ് നിര്‍മാണ മേഖലകള്‍ക്ക് കോവിഡും ലോക്ക്ഡൗണുമാണ് ഭീഷണിയായത്. കേരളത്തിലുടനീളമുള്ള ചെറുകിട കുടില്‍ വ്യവസായം ഉള്‍പ്പടെയുള്ള വ്യവസായ മേഖലയില്‍ നിര്‍മിക്കപ്പെട്ട വന്‍ തോതിലുള്ള ഉല്‍പ്പന്നങ്ങള്‍ നിയന്ത്രണങ്ങള്‍ മൂലം വിതരണവും വിപണനവും ചെയ്യാന്‍ കഴിയാതെ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി മഴക്ക് മുന്‍പ് തന്നെ കുട കമ്പനികള്‍ പരസ്യങ്ങളുടെ പെരുമഴ ആരംഭിക്കുന്ന പതിവിനും ലോക് ഡൗണിനെ തുടര്‍ന്ന് ലോക്ക് വീണു. ലോക്ഡൗണ്‍ ഇളവുകള്‍ ലഭികാത്തത് കൊണ്ട് കുട നിര്‍മ്മാതാക്കളും പ്രതിസന്ധിയിലായി. ഇതോടെ കുടില്‍ വ്യവസായമായി ഈ മേഖലയില്‍ ഉപജീവനം കണ്ടെത്തുന്ന നൂറുകണക്കിന് ആളുകളുടെ ജീവിതവും പ്രതിസന്ധിയിലായി.
കുട നിര്‍മ്മാണ രംഗത്ത് കേരളത്തില്‍ നിരവധി കമ്പനികള്‍ ഉണ്ടെങ്കിലും വ്യവസായത്തിന്റെ ആസ്ഥാനമായ ആലപ്പുഴയിലെ പോപ്പിയും ജോണ്‍സുമാണ് പ്രമുഖര്‍. ഇവരുടെ കീഴില്‍ നൂറ് കണക്കിന് കുടുംബങ്ങളാണ് കുടില്‍ വ്യവസായം കണക്കെ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നത്. കമ്പിയില്‍ തുണി തുന്നിച്ചേര്‍ക്കുക, പിടി ഘടിപ്പിക്കുക, മുകളില്‍ ക്യാപ്പിടുക തുടങ്ങി മെഷീന്‍ ആവശ്യമില്ലാത്ത ജോലികളാണ് ഇത്തരത്തില്‍ ചെയ്യുന്നത്.
ഒട്ടേറെ വികാസ പരിണാമങ്ങളിലൂടെയാണ് ചെറുകിട കയര്‍ വ്യവസായ മേഖല കടന്നു പോയത്. ചരിത്രം പരിശോധിച്ചാല്‍, കയര്‍ വടം നിര്‍മ്മാണം കോഴിക്കോടു പ്രദേശത്തെ കേന്ദ്രീകരിച്ചാണ് അഭിവൃദ്ധിപ്പെട്ടതെങ്കില്‍ കയര്‍ നെയ്ത്തു വ്യവസായം ആലപ്പുഴ പട്ടണം കേന്ദ്രീകരിച്ചാണ് വികസിച്ചത്. കയര്‍പിരി വ്യവസയാമാവട്ടെ കേരളത്തിലെ കായലോരപ്രദേശത്തുടനീളം പരന്നു . കയര്‍വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവരുടെ എണ്ണവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുവന്നു . 1881ല്‍ മലബാറില്‍ 4619 ആളുകള്‍ കയര്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു . 1931 ആയപ്പോഴേയ്ക്കും ഇവരുടെ എണ്ണം 45775 ആയി വര്‍ദ്ധിച്ചു. തിരുകൊച്ചി പ്രദേശത്ത് കയര്‍ വ്യവസായം മലബാറിനേക്കാള്‍ അഭിവൃദ്ധി പ്രാപിച്ചിരുന്നു . അവിടെ 163884 തൊഴിലാളികള്‍ കയര്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു . അങ്ങനെ 1931ല്‍ മൊത്തം 209659 കയര്‍ തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നു . കനേഷുമാരി കണക്കു പ്രകാരം 1961 ആയപ്പോഴേയ്ക്കും കയര്‍ തൊഴിലാളികളുടെ എണ്ണം 251078 ആയി ഉയര്‍ന്നു . കയര്‍ വ്യവസായത്തില്‍ ഭാഗികമായി പണിയെടുക്കുന്നവരെല്ലാം കൂട്ടിയാല്‍ തൊഴിലാളികളുടെ എണ്ണം ഇതിലധികമായിരിക്കും എന്നതിന് സംശയമില്ല. ആറു വര്‍ഷം മുന്‍പുള്ള കയര്‍ ബോര്‍ഡിന്റെ മതിപ്പു കണക്കു പ്രകാരം കേരളത്തിലെ കയര്‍തൊഴിലാളികളുടെ എണ്ണം 4 ലക്ഷത്തിലധികം വരും.
തൊണ്ടു സംഭരിച്ചു തോടുകളിലും കായലിലും അഴുക്കി അതിനെ തല്ലി ചകിരിയെടുത്ത് പരമ്പരാഗത റാട്ടുകളില്‍ നെയ്‌തെടുക്കുന്നതായിരുന്നു പഴയ രീതി. നിരവധി തൊഴിലാളികളുടെ അധ്വാനം വേണ്ടിയിരുന്ന ഈ സ്ഥാനത്ത് ഇപ്പോള്‍ എല്ലാം യന്ത്രം ചെയ്യുമെന്ന സ്ഥിതിയായി. 1955ല്‍ തിരുവനന്തപുരം ജില്ലയില്‍ 65 ശതമാനം റാട്ട് പിരി സ്ഥാപനങ്ങള്‍ക്കും 3 റാട്ടിലധികം ഉണ്ടായിരുന്നപ്പോള്‍ ആലപ്പുഴ ജില്ലയില്‍ 97 ശതമാനം സ്ഥാപനങ്ങള്‍ക്കും ഒുന്നും രണ്ടും റാട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്.
തൊണ്ടുതല്ലലിനും ചകിരി പിരിക്കലിനുമൊക്കെയുള്ള അത്യന്താധുനിക യന്ത്രങ്ങള്‍ പല യൂണിറ്റുകളിലും ഇപ്പോള്‍ സുലഭമാണ്. കയറു പിരിക്കാനുള്ള യന്ത്രവത്കൃത റാട്ടുകളായിരുന്നു ഈ മേഖലയിലെ ആദ്യത്തെ പരീക്ഷണം. രണ്ടുപേര്‍ വീതം യന്ത്രവത്കൃത റാട്ടുകളില്‍ കയര്‍ പിരിക്കുന്നത് വ്യവസായത്തിന് ആക്കം കൂട്ടിയെങ്കിലും ജോലിക്കാരുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കി. പച്ചത്തൊണ്ടില്‍നിന്നു ചകിരി വേര്‍തിരിക്കുന്ന ഡിഫൈബറിങ് യൂണിറ്റുകളാണ് ഈ രംഗത്തു വന്ന മറ്റൊരു മാറ്റം. നേരത്തെ വെള്ളത്തിലിട്ട് അഴുകിയ തൊണ്ട് തല്ലിയെടുത്തതിന് ശേഷം കയര്‍ അതില്‍ നിന്ന് പിരിച്ചെടുക്കുകയായിരുന്നു.ചീഞ്ഞ തൊണ്ട് കൊട്ട് വടി കൊണ്ട് തല്ലി പതം വരുത്തി ചോറില്‍നിന്ന് ചകിരി വേര്‍തിരിച്ചെടുക്കുന്ന പുരാതന സമ്പ്രദായമായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ നാട്ടിലെങ്ങും നടപ്പിലിരുന്നത്. 1955-ല്‍ കേരളത്തില്‍ ആകെ 6 തൊണ്ടടി യന്ത്രങ്ങളാണ് ഉണ്ടായിരുത്. തൊണ്ട് തല്ലല്‍ നിരവധി സ്ത്രീകള്‍ വര്‍ഷങ്ങളായി ചെയ്ത് വന്നിരുന്ന ജോലിയായിരുന്നു. ആ ജോലിയാണ് ഡിഫൈബറിങ് യൂണിറ്റ് ഏറ്റെടുത്തത്.
ഇതിനിടെ തമിഴ്നാട്ടില്‍ പച്ചത്തൊണ്ടു ചകിരി ഉപയോഗിച്ച് ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനില്‍ കയര്‍ പിരിക്കുന്നത് അതിവേഗത്തില്‍ വളരാന്‍ തുടങ്ങി. ഇന്ത്യയിലെ ആഭ്യന്തര കമ്പോളത്തിന്റെ നല്ല പങ്ക് ഈ യന്ത്രപ്പിരി കയര്‍ പിടിച്ചടക്കി. കേരളത്തില്‍നിന്നുളള കയറിനെക്കാള്‍ വില കുറവാണ് തമിഴ്നാട്ടിലെ യന്ത്രക്കയറിന്. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പരമ്പരാഗത കയറിനങ്ങള്‍ അപ്രത്യക്ഷമായിത്തുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ ഏതാണ്ട് അമ്പതിനായിരം പേര്‍ പണിയെടുത്തിരുന്ന സ്ഥലത്ത് കയര്‍ പിരിക്കാരുടെ എണ്ണം ഏതാനും ആയിരമായി ചുരുങ്ങി. കൊല്ലത്തും ഇതുതന്നെ സംഭവിച്ചു.
കയര്‍പിരി മുഖ്യമായും വൈക്കം, കാര്‍ത്തികപ്പളളി, ചേര്‍ത്തല താലൂക്കുകളിലായി ഒതുങ്ങി. ഇവിടെയെല്ലാം ഇന്ന് വൈക്കം കയറാണ് പിരിക്കുന്നത്. തടുക്കു നിര്‍മ്മാണത്തിന് വൈക്കം കയര്‍ കൂടിയേ തീരൂ. പക്ഷേ, വൈക്കം കയറിനോട് ഏറെ സാമ്യമുളള യന്ത്രക്കയര്‍ തമിഴ്നാട്ടില്‍ നിന്നും രംഗപ്രവേശം ചെയ്തതോടെ ഈ അവശിഷ്ട പിരിമേഖല കൂടി ഭീഷണിയിലായി.
പരിഹാരങ്ങളും ബദല്‍ സംവിധാനങ്ങളും
കുടില്‍ വ്യവസായങ്ങള്‍ അന്യം നിന്ന് പോകാതിരിക്കാന്‍ എന്താണ് ബദല്‍ മാര്‍ഗങ്ങള്‍ എന്ന് ചിന്തിക്കുന്ന നമ്മള്‍ മാതൃകയാക്കേണ്ട ഒരു രാജ്യമാണ് ചൈന. നമുക്കിവിടെ കുടില്‍ വ്യവസായം എന്ന് പറയുമ്പോള്‍ കയറും കുടയും ചെരുപ്പും ഒക്കെയാണെങ്കില്‍ ചൈന അവിടെ നിന്നൊക്കെ മുന്നോട്ട് പോയിട്ട് ഏറെ വര്‍ഷങ്ങളായി. ഇന്ന് ഇലക്ട്രോണിക് സാധനങ്ങള്‍, സ്പീക്കര്‍, ടിവി തുടങ്ങി മൊബൈല്‍ ഫോണിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വരെ ചൈനയില്‍ കുടില്‍ വ്യവസായമാണ്. അതില്‍ ഏറിയ പങ്കും ചെയ്യുന്നത് പെണ്ണുങ്ങള്‍ ആണെന്നതാണ് മറ്റൊരു പ്രത്യേകത.
നമ്മളും ആ രീതിയിലേക്ക് മാറി ചിന്തിക്കണം. കാലത്തിനനുസരിച്ച് കോലം കെട്ടണമെന്ന് പറയുന്നത് പോലെ കാലാനുശ്രിതമായ മാറ്റം നമ്മുടെ കുടില്‍ വ്യവസായങ്ങളിലും വേണം. ഇപ്പോഴുള്ള കോവിഡ് സാഹചര്യം പൂര്‍ണമായി മാറാന്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി വേണ്ടി വരുമെന്നാണ് പഠനം. അങ്ങനെയെങ്കില്‍ ഈ സാഹചര്യത്തെ ഒരു അവസരമായി മാറ്റാന്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് കഴിയും. നിത്യേന ഉപയോഗിക്കുന്ന മാസ്‌ക്, സാനിട്ടൈസര്‍, ഗ്ലൗസ് എന്നിവ കുടില്‍ വ്യവസായത്തില്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാനും വിപണി കണ്ടെത്താനും ഈ സാഹചര്യത്തില്‍ എളുപ്പമാണ്. അത്യാവശ്യം തയ്യല്‍ അറിയാവുന്ന സ്ത്രീകള്‍ക്ക് വളരെ എളുപ്പത്തില്‍ മാസ്‌ക് നിര്‍മിക്കാന്‍ കഴിയും. സാനിറ്റയിസര്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. ഒപ്പം സാനിറ്റയിസര്‍ നിര്‍മിക്കാന്‍ പഠിപ്പിക്കുന്ന ലഘു കോഴ്‌സുകള്‍ പഞ്ചായത്ത് തലത്തില്‍ പലയിടത്തും നടത്തുന്നുണ്ട്. അവയില്‍ പങ്കെടുത്താല്‍ സാനിറ്റയിസര്‍ നിര്‍മിക്കാന്‍ പഠിക്കുകയും ചെയ്യാം.
കേരളത്തിലെ ജനങ്ങള്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. അതുകൊണ്ട് തന്നെ ക്ലീനിംഗ് ഉല്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് വിപണിയില്‍. ഫിനോയിലും ഹാന്‍ഡ് വാഷും ടോയ്ലറ്റ് ക്ലീനറുമെല്ലാം വിപണിയില്‍ കൂടുതലായി വിറ്റഴിക്കുന്നു. ഇത്തരത്തില്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു ഉല്പന്നമാണ് നാഫ്തലീന്‍ ബോള്‍സ്. ടോയ്ലറ്റുകളിലും യൂറിനല്‍ കോംപ്ലക്‌സുകളിലും വാഷ് ബെയ്‌സനുകളിലുമെല്ലാം വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരകളിലുമെല്ലാം ഉപയോഗിക്കുന്നു.
ഈ ഉല്പന്നത്തിന്റെ നിര്‍മ്മാണ കുത്തക ഇപ്പോളും തമിഴ്നാട്ടുകാര്‍ക്കാണ്. തമിഴ് നാട്ടിലെ പ്രധാന കുടില്‍ വ്യവസായത്തില്‍ ഒന്നാണ് നാഫ്തലീന്‍ ബോള്‍ നിര്‍മ്മാണം. തമിഴ് നാട്ടില്‍ നിര്‍മ്മിക്കുന്ന ഉല്പന്നം കൂടുതലായി വിറ്റഴിയുന്നത് കേരളത്തിലാണ്. എന്തുകൊണ്ട് നാഫ്തലീന്‍ ബോള്‍ നമുക്ക് കേരളത്തില്‍ നിര്‍മിച്ചുകൂടാ? പുതുതായി പ്രഖ്യാപിക്കുന്ന വ്യവസായ നയത്തില്‍ 5 HP വരെയുള്ള ഗാര്‍ഹിക വ്യവസായങ്ങള്‍ക്ക് അനുമതി നല്കാന്‍ ഗവണ്‍മെന്റ് തയാറായി കഴിഞ്ഞു. ഈ സാധ്യത മുതലെടുത്ത് വീട്ടമ്മമാര്‍ക്ക് പോലും ആരംഭിക്കാവുന്ന ചെറുകിട വ്യവസായമാണ് നാഫ്തലീന്‍. വലിയ മുതല്‍ മുടക്ക് ആവശ്യമില്ലാത്തതും കുറഞ്ഞ ചിലവില്‍ കുടുംബ സംരംഭമായി ആരംഭിക്കാന്‍ കഴിയുന്നതും നാഫ്തലീന്‍ ബോള്‍ നിര്‍മ്മാണത്തെ ചെലവ് കുറയ്ക്കുന്നു.
കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന മറ്റൊരു കുടുംബ സംരംഭമാണ് കര്‍പ്പൂര നിര്‍മ്മാണം. എല്ലായിടത്തും വിപണിയുണ്ട് എന്നുള്ളത് ഒരു വലിയ സാധ്യതയാണ്. കേരളത്തില്‍ കര്‍പ്പൂരം നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഒരു സ്ഥലത്ത് ഒതുങ്ങിപ്പോകാതെ വിശാലമായ വിപണിയാണ് മുന്നിലുള്ളത്. അസംസ്‌കൃത വസ്തുവായി റെഡിമിക്‌സ് വിപണിയില്‍ ലഭിക്കും എന്നതും വ്യവസായത്തെ സംരംഭക സൗഹൃതമാക്കുന്നു.
ഇലക്ട്രോണിക് ഉത്പന്നങ്ങളൊക്കെ കുടില്‍ വ്യവസായം പോലെ തമിഴ്‌നാട്ടിലും ബംഗളൂരുവിലും ഒക്കെ ഉണ്ടെങ്കിലും കേരളത്തില്‍ ഇവ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ അവയുടെ സാധ്യതകള്‍ ഏറെയാണ്. മൊബൈല്‍ ഫോണുകള്‍ വെയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡ്, കവര്‍, മറ്റ് ചെറിയ ഉത്പന്നങ്ങള്‍ എന്നിവ നമുക്ക് ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും. കാലത്തിന്റേതായ മാറ്റം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിഞ്ഞാല്‍ പുതിയ ഒരു മുഖമായി 'കുടിലില്ലാ' കുടില്‍ വ്യവസായം തുടര്‍ന്നും കേരളത്തിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.