Sections

കൊച്ചിക്കായലിൽ ഇറങ്ങി സീപ്ലെയിൻ ഡിഎച് കാനഡ; മാട്ടുപ്പെട്ടിയിലേക്കുള്ള സർവീസിന് ഇന്ന് (11.11.2024 തിങ്കളാഴ്ച) തുടക്കമാകും

Monday, Nov 11, 2024
Reported By Admin
De Havilland Canada seaplane at Kochi Bolgatty Palace waterdrome

 

കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിൻ 'ഡിഹാവ്ലാൻഡ്' കാനഡ കൊച്ചിക്കായലിൽ ബോൾഗാട്ടി പാലസിനും നഗരത്തിനുമിടയിലെ പാലസ് വാട്ടർഡ്രോമിൽ ഇറങ്ങി. സംസ്ഥാന ടൂറിസം സെക്രട്ടറി കെ ബിജു, വ്യോമായാന സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാകളക്ടർ എൻഎസ്കെ ഉമേഷ്, കേരള ടൂറിസം അഡി. ഡയറക്ടർ (ജനറൽ) പി വിഷ്ണുരാജ്, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് സീപ്ലെയിനിന് സ്വീകരണം നൽകി.

17 സീറ്റുള്ള വിമാനത്തിന്റെ മാട്ടുപ്പെട്ടിയിലെക്കുള്ള ആദ്യ സർവീസ് തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങിൽ വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻറെ നേതൃത്വത്തിൽ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നൽകും.

റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽ നിന്നാണ് യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15, 17, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്.

കേന്ദ്ര സർക്കാരിൻറെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. ഉഡാൻ പദ്ധതി പ്രകാരം നിരക്കുകളിൽ ഇളവുകളുമുൺാകും.

ഞായറാഴ്ച പകൽ 11 മണിക്കാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കനേഡിയൻ പൗരന്മാരായ ക്യാപ്റ്റൻ ഡാനിയൽ മോൺ്ഗോമറി, ക്യാപ്റ്റൻ റോഡ്ജർ ബ്രെൻജർ എന്നിവരാണ് വിമാനത്തിൻറെ പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സയ്യദ് കമ്രാൻ, മോഹൻ സിംഗ് എന്നിവർ ക്രൂ അംഗങ്ങളാണ്.

സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കിയുള്ള പുതിയ പാക്കേജടക്കം ടൂറിസം മേഖലയിലെ വിവിധ പങ്കാളികൾക്ക് വലിയ സാധ്യതയാണ് ഉൺാകുന്നതെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. ടൂറിസം മേഖലയിൽ പുതിയ സംരംഭങ്ങളുൺാകാനും, അതു വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായിക്കും. ചുരുങ്ങിയ സമയം കൊൺ് കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനാകുമെന്നും അദ്ദേഹം ചൂൺിക്കാട്ടി.

സ്വിറ്റ്സർലാൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ്ജെറ്റും ചേർന്നാണ് ഡിഹാവ്ലാൻഡ് കാനഡയുടെ സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആന്ധാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിനു ശേഷമാണ് വിമാനം കേരളത്തിലെത്തുന്നത്. സർവീസ് നടത്തുന്നത് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡിഹാവ്ലാൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി സ്ഥലങ്ങൾ സന്ദർശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കി.

കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി. യാത്രാസമയത്തിലും ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താൻ ഇതിനാകും. ജലാശയങ്ങളുടെ നാടായ കേരളത്തിൽ സീപ്ലെയിൻ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ ഒരുക്കാനാകും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങിയവ വാട്ടർഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുള്ളവയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.