Sections

തുടക്കം തന്നെ പിഴച്ച് കേരള സവാരി ആപ്പ്  

Monday, Sep 26, 2022
Reported By MANU KILIMANOOR

പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് പദ്ധതിക്ക്  സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്

വലിയ പ്രതീക്ഷയോടെ കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയിരുന്നു കേരളം സവാരി.ഒരുമാസത്തിനിടെ 5600 പേര്‍ ഡൗണ്‍ലോഡ് ചെയ്‌തെങ്കിലും ആപ്പ് പ്രവര്‍ത്തന സജ്ജമല്ലാത്തിനാല്‍ മോശം പ്രതികരണമാണ് ലഭിക്കുന്നത്.ആഗസ്റ്റ് 17 ആപ്പിന്റെ ലോഞ്ചിംഗ് മുഖ്യമന്ത്രി നിര്‍വഹിച്ചെങ്കിലും മൊബൈല്‍ ആപ്പ് പ്ലേസ്റ്റേറിലെത്താന്‍ വൈകിയത് തിരിച്ചടിയായി. കാത്തിരിപ്പിന് ശേഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായത്. ഇതിനിടെ പദ്ധതിയില്‍ അംഗങ്ങളായിരുന്ന പല ഡ്രൈവര്‍മാരും പിന്‍വാങ്ങി.നഗരത്തിലെ മിക്കയിടത്തും സര്‍വീസ് ലഭ്യമാവുന്നില്ലെന്നും കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതികളും ഉയര്‍ന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും ഇമെയിലും കൊടുക്കുന്നതാണ് ആദ്യഘട്ടം. ഉപയോക്താവിന്റെ നമ്പരിലേക്ക് ഒ.ടി.പി ലഭിച്ചതിന് ശേഷമാണ് ലോഗിന്‍ പൂര്‍ത്തിയാവുന്നത്. എന്നാല്‍ പലപ്പോഴും ഒ.ടി.പി ലഭിക്കാതിരുന്നത് അത്യാവശ്യക്കാരെ ബുദ്ധിമുട്ടിലാക്കി.

യാത്ര ചെയ്യേണ്ട സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ കാറിനും ഓട്ടോറിക്ഷയ്ക്കുമുള്ള ചാര്‍ജ് ആപ്പില്‍ തെളിയും. ഇതിലൊന്ന് തിരഞ്ഞെടുത്ത് യാത്ര ചെയ്യാവുന്നതാണ് രീതി. അധികം ചാര്‍ജ് നല്‍കേണ്ടതില്ല. ആപ്പ് സ്റ്റോറില്‍ കേരളസവാരി ആപ്പ് ലഭ്യമാകാന്‍ വൈകും. പൈലറ്റ് പ്രോഗ്രാം എന്ന നിലയില്‍ തിരുവനന്തപുരത്താണ് ആപ്പിന്റെ സേവനം ലഭ്യമാക്കുന്നത്.പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. നഗരസഭാ പരിധിയില്‍ 541 വാഹനങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. വാഹനങ്ങളില്‍ 321 ഓട്ടോ റിക്ഷകളും 228 എണ്ണം കാറുകളുമാണ്.പ്ലാനിംഗ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐ.ടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍ വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ ലഭ്യമാക്കാതെ തന്നെ ഡ്രൈവറിനെ കാളിലൂടെ ബന്ധപ്പെടാന്‍ അനുവദിക്കുന്ന മാസ്‌കിംഗ് ഫീച്ചറും കേരള സവാരിയിലുണ്ട്. അതേസമയം സാധാരണക്കാരന് താങ്ങാവുന്ന പദ്ധതിയെ തകര്‍ക്കാന്‍ വ്യാപക ശ്രമങ്ങളുണ്ടെന്ന് അധികൃതര്‍ പറയുന്നു.ഡ്രൈവര്‍മാരെ പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ചാര്‍ജ് അടക്കമുള്ള കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തി ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന വിമര്‍ശനവും ശക്തമാണ്.കൂടുതല്‍ കൂലി ആവശ്യപ്പെട്ട് തുടക്കത്തിലേ കേരള സവാരിക്ക് ഒരുവിഭാഗം ഡ്രൈവര്‍മാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ ശ്രമം തുടങ്ങി. ഓണ്‍ലൈന്‍ ബുക്കിങ്ങിന് സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച നിയമത്തിനുള്ള കരട് തയ്യാറായി.

ഊബര്‍, ഒല, റാപിഡോ തുടങ്ങിയവയില്‍ രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍മാര്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് വിലപേശിയതാണ് പ്രതിസന്ധിയായതെന്ന് സര്‍ക്കാരും വിലയിരുത്തുന്നു.ഈമാസം 24ന് വൈകിട്ടുവരെ 6252 പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു. 326 ഓട്ടോക്കാരും 228 ടാക്‌സി ഡ്രൈവര്‍മാരുമാണ് രജിസ്റ്റര്‍ ചെയ്തത്.പുതുതായി 150 പേര്‍ക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ട്. കേരള സവാരിയില്‍ കാറുകള്‍ക്കും നഗരാതിര്‍ത്തിക്കു പുറത്ത് കിലോമീറ്ററിന് 50 ശതമാനം വര്‍ധന വേണമെന്ന ആവശ്യത്തില്‍ അനുകൂല നിലപാട് ഉണ്ടായേക്കും. നിലവില്‍ നഗരത്തിനും നഗരാതിര്‍ത്തിക്കു പുറത്തും കിലോമീറ്ററിന് 18 രൂപയാണ് ലഭിക്കുന്നത്. നഗരത്തിനു പുറത്ത് അത് 27 രൂപയാക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ച ഉടന്‍ നടക്കും.ഓട്ടോകള്‍ക്ക് നഗരത്തിനു പുറത്ത് കിലോമീറ്ററിന് 22.50 രൂപയാണ് നിരക്ക്. ഇതിനും താഴെയാണ് കാറിന് ലഭിക്കുന്നത്. ഇതു മാറ്റണമെന്നാണ് ഓണ്‍ലൈന്‍ ടാക്‌സി ഡവര്‍മാരുടെ ആവശ്യം. ഊബര്‍ പോലുള്ള പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ഓട്ടോകള്‍ക്ക് നഗരാതിര്‍ത്തിയായി 7.5 കിലോമീറ്ററാണ് നിശ്ചയിച്ചത്. കേരള സവാരി അത് 8.5 കിലോമീറ്ററാക്കി ഉയര്‍ത്തി. ഇതിനും മുകളിലായിരിക്കും ടാക്‌സിക്ക്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.