Sections

കേരളത്തിലെ റോബോട്ടിക് മേഖല തൊഴിൽദാതാക്കളായി- പി രാജീവ്

Friday, Aug 23, 2024
Reported By Admin

  • ഭാവിയിലേക്കുള്ള സൂചകമായി റോബോട്ടിക് റൗണ്ട് ടേബിൾ

കൊച്ചി: ലോകമെമ്പാടും റോബോട്ടിക്സിൻറെ കടന്നു കയറ്റത്തോടെ തൊഴിൽനഷ്ടത്തെക്കുറിച്ച് ആവലാതിപ്പെടുമ്പോൾ കേരളത്തിലെ റോബോട്ടിക് മേഖല തൊഴിൽദാതാക്കളാവുകയാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയിൽ കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിൾ ഏകദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കാണ് പുതിയ വ്യവസായനയം പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയിലേക്കുള്ള നിക്ഷേപസാധ്യത കൂട്ടുകയെന്നതാണ് ഉദ്ദേശ്യം. നൂതനസാങ്കേതികവിദ്യയിൽ പ്രോത്സാഹനം നൽകാനുള്ള സർക്കാരിൻറെ ശ്രമങ്ങളുടെ ഫലമാണ് മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ.

ലോകത്തെമ്പാടും നിർമ്മിത ബുദ്ധി, റോബോട്ടിക്സ് എന്നിവയിലൂടെ തൊഴിൽ നഷ്ടപ്പെടുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്. എന്നാൽ കേരളത്തിലെ റോബോട്ടിക് സംരംഭങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ തന്നെ അതിൻറെ തണലിൽ തൊഴിലവസരങ്ങളും ഉണ്ടാകുന്നു.

സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരമാർഗമാണ് കേരളത്തിലെ റോബോട്ടിക് മേഖലയുടെ ഉത്പന്നങ്ങളിലധികവും. അതിനാൽ തന്നെ ഇതിൻറെ സാധ്യതകൾക്ക് വ്യാപ്തിയേറെയാണെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ മേഖലയിൽ കേരളത്തിന് മേൽക്കൈ ഉണ്ട്. ഇ-ഗവേണൻസ്, ഡിജിറ്റൽ സാക്ഷരത, മൊബൈൽ-ഇൻറർനെറ്റ് കണക്ടിവിറ്റി, ഡിജിറ്റൽ അന്തരം ഏറ്റവും കുറവ്, രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവ അതിൽ ചിലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Minister P. Rajeev addressing the Robotics Roundtable in Kochi, discussing the growth of the robotics sector in Kerala as a major job creator.
കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിൾ ഉദ്ഘാടനം ചെയ്തു വ്യവസായ മന്ത്രി പി രാജീവ് സംസാരിക്കുന്നു.

എങ്ങിനെ പുതിയ സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപകരെ ആകർഷിക്കാമെന്നതാണ് സർക്കാരിൻറെ പ്രാഥമികമായ പരിഗണനയെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഐഇഡിസികളിലേക്കും ഗവേഷണങ്ങളുടെ വാണിജ്യ ഉപയോഗത്തിലേക്കും കൂടുതൽ ഫണ്ടെത്തണം. റോബോട്ടിക് സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സഞ്ചരിക്കാനുള്ള ശ്രമമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. റോബോട്ടിക് സാങ്കേതിക വിദ്യയെ പരമാവധി പ്രോത്സാഹിപ്പിക്കുകയെന്നതിനോടൊപ്പം ധനപരവും, സാമൂഹ്യപരവും, ഭരണപരവുമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പ് നൽകുന്നതായി അദ്ദേഹം പറഞ്ഞു.

വ്യവസായനയത്തിൽ മുൻഗണന നൽകുന്ന 22 മേഖലകളിൽ ഒന്നായാണ് റോബോട്ടിക്സിനെ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച വ്യവസായ-വാണിജ്യവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ് ഹരികിഷോർ പറഞ്ഞു. വ്യവസായവകുപ്പിൽ നിന്ന് ഈ മേഖലയുടെ പ്രതീക്ഷ, സാധ്യതകൾ, ഭാവിപരിപാടികൾ എന്നിവയുടെ സമഗ്രമായ ചർച്ചകളാണ് റൗണ്ട് ടേബിൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ നന്ദി അറിയിച്ചു.

കെഎസ്ഐഡിസി ചെയർമാൻ പോൾ ആൻറണി, കേരള ടെക്നിക്കൽ സർവകലാശാല, ഡിജിറ്റൽ സർവകലാശാല എന്നിവയുടെ വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, അർമാഡ എഐ യുടെ വൈസ്പ്രസിഡൻറ് പ്രാഗ് മിശ്ര, ഇൻഡസ്ട്രിയൽ എഐ അക്സഞ്ചർ എം ഡി ഡെറിക് ജോസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പത്ത് കോളേജുകളുടേതടക്കം 31 കമ്പനികളുടെ റോബോട്ടിക് ഉത്പന്നങ്ങളുടെ പ്രദർശനവും സമ്മേളനത്തിലുണ്ടായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.