Sections

നൈപുണ്യ ശേഷി തിരിച്ചറിയുന്നതും ബോധവത്കരിക്കുന്നതും റോബോട്ടിക് സ്റ്റാർട്ടപ് മേഖല നേരിടുന്ന വെല്ലുവിളികളെന്ന് വിദഗ്ധർ

Saturday, Aug 24, 2024
Reported By Admin
Panel discussion at the KSDIC Robotics Round Table, featuring experts discussing challenges and inno

കൊച്ചി: മികച്ച നൈപുണ്യ ശേഷിയുള്ളവരെ തിരിച്ചറിയുന്നതും ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതുമാണ് റോബോട്ടിക് സ്റ്റാർട്ടപ് മേഖല പ്രാഥമിക ഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികളെന്ന് വിദഗ്ധർ. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻ (കെഎസ്ഐഡിസി) ബോൾഗാട്ടി ഗ്രാൻറ് ഹയാത്തിൽ സംഘടിപ്പിച്ച റോബോട്ടിക്സ് റൗണ്ട് ടേബിൾ സമ്മേളനത്തിലെ 'ഇന്നൊവേറ്റിങ് ഫ്യുച്ചർ-കേരളത്തിലെ റോബോട്ടിക്സ് മേഖലയിലെ മാർഗദർശികളും മുന്നോട്ടുവയ്ക്കുന്ന അത്യാധുനിക പരിഹാരങ്ങളും' എന്ന സെഷനിലാണ് ഈ അഭിപ്രായമുയർന്നത്.

ഉത്പന്നത്തെക്കുറിച്ച് ഉപഭോക്താവിന് കൃത്യമായ അവബോധം നൽകുന്നതും റോബോട്ടിക് സ്റ്റാർട്ടപ് മേഖലയിൽ പുതുതായി വരുന്നവർക്ക് സാങ്കേതിക പ്രവർത്തനങ്ങളെ മികവുറ്റ രീതിയിൽ പരിചയപ്പെടുത്തുന്നതും പ്രധാനമാണെന്ന് അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണൻ ടി പറഞ്ഞു. റോബോട്ടിക് മേഖലയിൽ അഭിരുചിയുള്ള ചെറുപ്പക്കാരെ കണ്ടെത്തുകയും വളർത്തിയെടുക്കുകയും ചെയ്യുന്നത് സംസ്ഥാനത്തിൻറെ റോബോട്ടിക് ആവാസവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോബോട്ടിക് സ്റ്റാർട്ടപ്പുകളുടെ രൂപകൽപ്പന മുതൽ ഉപഭോക്താക്കളിൽ എത്തിക്കുന്നതു വരെ നിരവധി ഘട്ടങ്ങളിലെ പ്രതിബന്ധങ്ങളുണ്ടെന്ന് ശാസ്ത്ര റോബോട്ടിക്സ് സഹ സ്ഥാപകൻ അഖിൽ അശോകൻ അഭിപ്രായപ്പെട്ടു.

ഗ്രിഡ്ബോട്ട് ടെക്നോളജീസ് സിടിഒ പു കിത് ഗൗർ, ഐ റൗവ് സിഇഒയും സ്ഥാപകനുമായ ജോൺസ് ടി മത്തായി എന്നിവരും വിഷയത്തെക്കുറിച്ച് സംസാരിച്ചു. കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക സെഷനിൽ മോഡറേറ്ററായിരുന്നു.

എല്ലാ മേഖലകളിലെയും യന്ത്രവത്കരണത്തിനും അപ്പുറത്തേക്ക് വ്യാപിച്ച് ദൈനംദിന ജീവിതത്തിൽ റോബോട്ടുകൾ വിപ്ലവം സൃഷ്ടിക്കുമെന്ന് റോബോട്ടിക് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അർമഡ എഐ വൈസ് പ്രസിഡൻറ് പ്രാഗ് മിശ്ര പറഞ്ഞു. ദൈനംദിന ജീവിതത്തിലെ വിവിധ സേവനങ്ങൾ ന കുന്ന റോബോട്ടുകളുടെ നിർമ്മാണവും അവയുടെ പ്രവർത്തനസ്വാതന്ത്ര്യവും വിശ്വാസ്യതയ്ക്കും ഫലപ്രാപ്തിക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Mr Anoop Ambika, CEO of KSUM speaking at a panel discussion held at the Robotics Round Table
കെഎസ്ഐഡിസി സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിൾ സമ്മേളനത്തിലെ സെഷനിൽ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക സംസാരിക്കുന്നു. ശാസ്ത്ര റോബോട്ടിക്സ് സഹ സ്ഥാപകൻ അഖിൽ അശോകൻ, ഗ്രിഡ്ബോട്ട് ടെക്നോളജീസ് സിടിഒ പുൽകിത് ഗൗർ, ഐ റൗവ് സിഇഒയും സ്ഥാപകനുമായ ജോൺസ് ടി മത്തായി, അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണൻ ടി എന്നിവർ സമീപം

റോബോട്ടുകളുടെ അഞ്ച് ബിസിനസ് മോഡലുകൾ റാസ് (റോബോട്ട് ആസ് സർവീസ്), റയാസ് (റോബോട്ടിക് ഇൻസൈറ്റ്സ് ആസ് എ സർവീസ്), ആർടിആസ് (റോബോട്ടിക് ടാസ്ക് ട്രെയിനിംഗ് ആസ് എ സർവീസ്), മാസ് (റോബോട്ടിക് കണ്ടീഷൻ മോണിറ്ററിംഗ് ആസ് എ സർവീസ്), എച്ച്ആർആസ് (ഹ്യുമൻ റെസ്കില്ലിംഗ് ആസ് എ സർവീസ്) എന്നിവയാണെന്ന് ആക്സെഞ്ച്വർ ഇൻഡസ്ട്രിയ എഐ എംഡി ഡെറിക് ജോസ് പറഞ്ഞു. വാഹന സെൻസർ ഡാറ്റ വിശകലനം ചെയ്യുന്നതിനും റൂട്ടുകൾ തിരിച്ചറിയുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വാഹന കമ്പനികൾ റയാസ് ഉപയോഗിക്കുന്നുണ്ട്. വെയർഹൗസ്, ഹെൽത്ത് കെയർ, കാർഷിക മേഖലകളിലും റയാസ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ജനുവരിയിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കു മുന്നോടിയായി വ്യത്യസ്ത മേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക്സ് സമ്മേളനം. 195 സ്റ്റാർട്ടപ്പുകളും 400 ലേറെ പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുത്തത്. എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളാനും അതിൻറെ ഡെസ്റ്റിനേഷനായി മാറാനുമുള്ള കേരളത്തിൻറെ പരിശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ സമ്മേളനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.