Sections

മദ്യ വിൽപനയിൽ വീണ്ടും റെക്കോർഡ്, കേരളം കുടിച്ചു തീർക്കുന്നത് ചില്ലറ പൈസയൊന്നുമല്ല

Tuesday, Jan 03, 2023
Reported By admin
kerala

ഏകദേശം 600 കോടി രൂപ നികുതിയായും തീരുവയായും സർക്കാരിലേക്ക് പോകും


പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് നടന്നത് റിക്കോർഡ് മദ്യവിൽപ്പന. സംസ്ഥാനത്തുടനീളമുള്ള 268 BEVCO ഔട്ട്ലെറ്റുകളിൽ നിന്ന് 107.14 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ച് തീർത്തത്. ഉത്സവ സീസണിൽ ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ ഏകദേശം 690 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ഉത്സവ സീസണിൽ നേടിയ 690 കോടിയിൽ ഏകദേശം 600 കോടി രൂപ നികുതിയായും തീരുവയായും സർക്കാരിലേക്ക് പോകും.

കഴിഞ്ഞ വർഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവിൽപ്പന 649.32 കോടിയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന,1.12 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ പുതുവർഷത്തലേന്ന് വിറ്റത് 96.59 ലക്ഷം രൂപയുടെ മദ്യമാണ്. കാസർകോഡ് ബട്ടത്തൂരാണ് മദ്യവില്പനയിൽ പിന്നിൽ, 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംസ്ഥാനത്തെ ഹൈറേഞ്ച് ഏരിയകളുൾപ്പെടെ എല്ലാ BEVCO ഔട്ട്ലെറ്റുകളിലും 10 ലക്ഷം രൂപയിലധികം വിൽപ്പന നടന്നു. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമായിരുന്നു വിൽപ്പന നടത്തിയത്.

മെച്ചപ്പെട്ട ലോജിസ്റ്റിക്സ്, സ്റ്റോക്കിന്റെ ലഭ്യത, അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന പ്രചരണം എന്നിവയാണ് വിൽപ്പന വർധിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായി. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമാണ് വിറ്റത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.