Sections

പുതിയ പ്ലാൻറേഷൻ നയം മേഖലയ്ക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരും - പി രാജീവ്

Tuesday, Nov 19, 2024
Reported By Admin
Kerala plantation sector discussion featuring officials and industry leaders

കൊച്ചി: പ്ലാൻറേഷൻ മേഖലയുടെ വൈവിദ്ധ്യവത്കരണത്തെക്കുറിച്ച് ഐഐഎം കോഴിക്കോടിൻറെ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള നയം അവതരിപ്പിക്കുന്നതോടെ ഈ മേഖലയിൽ വലിയ തോതിലുള്ള നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇൻവസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി സംഘടിപ്പിച്ച പ്ലാൻറേഷൻ, ഹൈടെക് ഫാമിംഗ്, മൂല്യവർധിത റബർ ഉത്പന്നങ്ങൾ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാൻറേഷൻ മേഖലയുടെ വൈവിദ്ധ്യവത്കരണത്തെക്കുറിച്ച് ഐഐഎം കോഴിക്കോട് നടത്തിയ പഠനം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എല്ലാ പങ്കാളികളുമായി ചർച്ച ചെയ്ത് പുതിയ നയം അവതരിപ്പിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഈ സാധ്യത ഉപയോഗപ്പെടുത്തിയാൽ വലിയ തോതിലുള്ള നിക്ഷേപമാണ് തോട്ടം മേഖലയിൽ ഉണ്ടാകാൻ പോകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ വ്യവസായം തുടങ്ങാൻ കെ-സ്വഫ്റ്റ് വഴി ഒരുമിനിറ്റ് മതിയെന്ന് മന്ത്രി പറഞ്ഞു. നിയമപരമായ ബാധ്യതകൾ പൂർത്തിയാക്കിയാൽ മൂന്നരവർഷം കൊണ്ട് ലൈസൻസ് എടുത്താൽ മതിയാകും. കെ-സ്വഫ്റ്റിൻറെ പ്രിൻസിപ്പൽ അനുമതി പത്രം വഴി വായ്പയുൾപ്പെടെയുള്ള കാര്യങ്ങൾ ലളിതമാക്കും. വ്യവസായങ്ങളുടെ പ്രവർത്തനത്തിന് സഹായകരമാകുന്ന നിയമഭേദഗതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വ്യവസായികൾ തന്നെ ശ്രമിക്കണം. കൂട്ടായ പ്രയത്നത്തിൻറെ ഭാഗമായാണ് വ്യവസായസൗഹൃദത്തിൽ കേരളം ഒന്നാമതെത്തിയതെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പുതിയ വ്യവസായ നയത്തെക്കുറിച്ച് അവതരണം നടത്തി. കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ നന്ദിയും രേഖപ്പെടുത്തി.

ഹൈടെക് ഫാമിംഗ് ആൻഡ് വാല്യു ആഡഡ് റബർ എന്ന വിഷയത്തിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം വസന്തഗേശൻ, പ്ലാൻറേഷൻ കോർപറേഷൻ എംഡി ഡോ. ജെയിംസ് ജേക്കബ്, റബ്ഫില എം ഡി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ പാനൽ ചർച്ച നടത്തി. രാജ്യത്തെ സ്വാഭാവിക റബറിൻറെ 71 ശതമാനവും ഉത്പാദിപ്പിക്കുന്ന കേരളത്തിന് മൂല്യവർധിത റബർ ഉത്പന്നവ്യവസായങ്ങൾ വരേണ്ടത് അത്യാവശ്യമാണ്. ഈ മേഖലയിലെ സാധ്യതകളെ പൂർണമായും ഉപയോഗപ്പെടുത്താൻ സക്രിയ ശ്രമങ്ങൾ വേണമെന്ന് പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.

പഴക്കം ചെന്ന റബർ റീപ്ലാൻറ് ചെയ്യുകയും ആധുനിക പ്ലാൻറേഷൻ രീതികൾ അവലംബിക്കുകയും ചെയ്താൽ മാത്രമേ സ്വാഭാവിക റബർ ഉത്പാദനം താഴേക്കു പോകാതെ നിലനിറുത്താനാകൂ എന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.