- Trending Now:
‘ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന’ ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഈ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷനുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിൽ പുതുതായി നിയമനം ലഭിച്ച എൻജിനിയർമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അഞ്ചു വർഷം കൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യർക്കു തൊഴിൽ നൽകാനുള്ള നടപടികളിലാണു സർക്കാർ. കുടുംബശ്രീ വഴി 18 മുതൽ 40 വയസുവരെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തി 19,000ൽ അധികം ഓക്‌സിലിയറി ഗ്രൂപ്പുകൾ ഇതിനോടകം രൂപീകരിച്ച് സംരംഭ പ്രോത്സാഹന പദ്ധതികളും ഒരുക്കുന്നുണ്ട്. വിജ്ഞാന സമൂഹമായി മാറാനും അതിനൊപ്പം വിജ്ഞാന സമ്പത്തിന്റെ ആസ്ഥാനമായി മാറുകയുമാണു കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.വകുപ്പിൽ പുതുതായി എത്തിയ എൻജീനിയർമാർക്കായി കിലയുടേയും തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ കില ക്യാമ്പസിൽ പരിശീലനം സംഘടിപ്പിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസത്തെ ഫീൽഡ് തല പ്രായോഗിക പരിശീലനവും നൽകി.
പുതിയ ആശയങ്ങളുമായി എത്തുന്നവർക്ക് സർക്കാർതന്നെ പ്രോത്സാഹനം നൽകുന്ന ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യവസായം തുടങ്ങാൻ ജനങ്ങൾക്ക് ഇത്രയേറെ താത്പര്യമുണ്ടോ എന്ന് തോന്നിക്കുന്ന തരത്തിലാണ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടക്കുന്ന വ്യവസായ ബോധവത്കരണ പരിപാടിയിലെ പങ്കാളിത്തം വ്യക്തമാക്കുന്നത്.
സംരംഭകരായി വിജയിച്ച പലരുടേയും അനുഭവങ്ങൾ പുതിയതായി എത്തുന്നവരെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇതും വ്യവസായം തുടങ്ങാൻ ആളുകൾക്ക് പ്രചോദനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെയുൾപ്പെടെ അനുമതി ആവശ്യമില്ലാത്ത ധാരാളം ചെറുകിട സംരംഭങ്ങൾ വ്യവസായ വകുപ്പിന്റെ ലിസ്റ്റിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.